Categories
Uncategorized

ജയിലിലുള്ള അമ്മയെ കാണാൻ നിർത്താതെ കരഞ്ഞ് മകൻ; കനിഞ്ഞ് കോടതി

ജയിലിൽ കഴിയുന്ന അമ്മയെ കാണാൻ നിർത്താതെ കരയുന്ന കുഞ്ഞിനായി രാത്രിയിൽ കോടതി തുറന്ന് കനിവ്. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ കോടതിയാണ് അസ്വാഭാവിക സംഭവത്തിന് വേദിയായത്. ജറൗൺ അലി എന്ന് നാലുവയസ്സുകാരന് വേണ്ടിയാണ് കോടതി നിയമങ്ങൾ ഭേദിച്ചത്. ജറൗൺ ജില്ലാ കോടതിക്ക് പുറത്ത് അമ്മാവനൊപ്പം അമ്മയെ കാണനായി കരഞ്ഞെത്തുകയായിരുന്നു.
ന്യൂസ് ഏജൻസി മാധ്യമപ്രവർത്തകനാണ് ഇവരെ കണ്ടത്. കാര്യം തിരക്കിയപ്പോഴാണ് റഹ്മാൻ അലി കുട്ടി കരയുന്നതിന്റെ കാരണം പറഞ്ഞത്. തന്റെ ജ്യേഷ്ഠൻ ഷഹ്ബാസ് അലി, സഹോദരന്റെ ഭാര്യ അഫ്രീൻ, അമ്മ നഗ്മ എന്നിവരെ ക്രിമിനൽ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതാണ്. സാഗര്‍ സെൻട്രൽ ജയിലിലാണ് അവർ കഴിയുന്നത്. ഇവർക്ക് ജാമ്യം ആവശ്യപ്പെട്ട് റഹ്മാന്‍ അലി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇപ്പോൾ നിഷ്ക്കളങ്കനായി കുട്ടി അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുകയാണ്. 

ഇത് കേട്ട മാധ്യമപ്രവർത്തകൻ വിവരം സെൻട്രല്‍ ജയിൽ അധികൃതരെ അറിയിച്ചു. ശേഷം ഇവരെ ജയിൽ പരിസരത്തേക്ക് കൊണ്ടു പോയി. ജയിൽ അധികൃതരുടെ അപേക്ഷപ്രകാരം ജഡ്‍‍ജി കോടതിയിലെത്തി കുട്ടിക്ക് അമ്മയെ കാണാൻ അനുവാദം നൽകി. ജയിലർ ഇക്കാര്യം ജയിൽ സൂപ്രണ്ടിനെ അറിയിച്ചു. എന്നാൽ ജയിൽ സൂപ്രണ്ട് ആദ്യം കൂടിക്കാഴ്ചയ്ക്ക് സമ്മതം നൽകിയില്ല. ഇപ്പോൾ അതിനുള്ള സമയമല്ല എന്നാണ് സൂപ്രണ്ട് പറഞ്ഞത്. റഹ്മാനോട് കുട്ടിയെ കൂട്ടി രാവിലെ വരാൻ ആവശ്യപ്പെട്ടു. ഈ സമയമൊക്കെയും കുട്ടി കരയുകയായിരുന്നു. അതുകൊണ്ട് തന്നെ റഹ്മാൻ അവിടെ നിന്നും പോകാൻ തയ്യാറായില്ല.

അവസ്ഥ മനസ്സിലാക്കിയ സൂപ്രണ്ട് പ്രത്യേക ജഡ്ജിയോട് കാര്യം വ്യക്തമാക്കി. ഇദ്ദേഹം കുട്ടിയുടെ അമ്മയിൽ നിന്നും ഒരു അപേക്ഷ എഴുതി വാങ്ങാൻ ആവശ്യപ്പെട്ടു. ജഡ്ജിയും കോടതിയിൽ എത്തി. അപ്പോഴേക്കും സമയം രാത്രി 8.30 ആയിരുന്നു. ജയിൽ അമ്മ െഴുതിയ കത്ത് ജ‍ഡ്ജിക്ക് മുൻപിൽ സമർപ്പിച്ചു. അവസാവനം കുട്ടിക്ക് അമ്മയെ കാണാനുള്ള  അനുവാദം നൽകി. അമ്മടെ കണ്ട് കുട്ടി കരച്ചിൽ നിർത്തി. അമ്മയ്ക്കും സന്തോഷമായിയെന്ന് ജയിൽ സൂപ്രണ്ട് സന്തോഷ് സിങ് സോളങ്കി പറഞ്ഞു. ‍’തന്റെ ഔദ്യോഗിക ജീവിതത്തിൽ, രാത്രിയിൽ കോടതി തുറക്കാനായി അപേക്ഷ നൽകുന്ന  ആദ്യ സംഭവമാണിതെന്നും മറ്റാരാണെങ്കിലും ഇങ്ങനെ തന്നെയെ ചെയ്യുമായിരുന്നുള്ളൂ. ഒന്നുമറിയാത്ത ആ കുട്ടിയുടെ കരച്ചിൽ അത്രമാത്രം ഹൃദയഭേദകമായിരുന്നു. ഇപ്പോൾ സമാധാനവും ആശ്വാവൃസവും തോന്നുന്നു’.  സോളങ്കി വ്യക്തമാക്കി.

Categories
Uncategorized

അനാഥനെ കുടിലിലേക്ക് കൂട്ടി ദമ്പതികൾ; ഇന്ന് അവൻ കൊട്ടാരം വച്ചുനൽകി

അനാഥനായ ബാദയിലിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവന് സ്നേഹം നൽകി വളർത്തി ദമ്പതികൾ. ഇന്ന് ഫിലിപ്പീൻസിലെ ഇൻഷുറൻസ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് മാനേജറാണ് അവൻ. കൈവിട്ടു പോകുമായിരുന്ന ജീവിതം കയ്യിൽ വച്ചുതന്നെ അമ്മയ്ക്കും അച്ഛനും അവൻ നൽകിയ സമ്മാനമാണ് ഇന്ന് ലോകത്തിന്റെ മാതൃകയാവുന്നത്.

ഫിലിപ്പിന്‍സ് സ്വദേശികളായ ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ബാദയിലൊരു കൈകുഞ്ഞായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന തങ്ങളുടെ ഇടയിലേക്ക് പക്ഷേ ബാദയിലിനെ അവര്‍ ഏറ്റെടുത്തു. സ്വന്തം മകനെ പോലെ വളര്‍ത്തി. കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ബാദയിലിനു അവര്‍ നല്ല വിദ്യാഭ്യാസം നല്‍കി. അവന്റെ ഓരോ കാല്‍വയ്പ്പിലും അവരുടെ പ്രോത്സാഹനം ഉണ്ടായി.

എല്ലാം നേടിയ മിടുക്കനായപ്പോൾ അവൻ ആ അമ്മയെയും അച്ഛനെയും മറന്നില്ല. തന്നെ ഇന്നത്തെ ബാദയിലാക്കിയ അച്ഛനും അമ്മയ്ക്കും അവന്‍ ഒരു അടിപൊളി വീട് പണിതുനൽകി. അവിടെ രാജാവിനെയും രാജ്ഞിയും പോലെ അവരെ താമസിപ്പിച്ചു.ബാദയില്‍ അടുത്തിടെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളും കുറിപ്പുമാണ് ഈ കുടുംബത്തിന്റെ കഥ ലോകം അറിയാന്‍ കാരണമായത്‌. 

തങ്ങളുടെ പഴയ പൊളിഞ്ഞു വീഴാറായ വീടിന്റെ ചിത്രവും ഇപ്പോഴത്തെ വീടിന്റെ ചിത്രവും ചേര്‍ത്താണ് ബാദയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. എപ്പോള്‍ വേണമെങ്കിലും വെള്ളം കയറാവുന്ന ഒരു കൊച്ചു വീട്ടില്‍ ആയിരുന്നു ബാദയില്‍ ഉള്‍പ്പെടെ ഒന്‍പതംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇതായിരുന്നു കഠിനാധ്വാനം ചെയ്യാന്‍ ബാദയിലിനു പ്രോത്സാഹനമായത്. 

മൂന്നു നിലയുള്ള ഒരു അടിപൊളി വീടാണ് ബാദയിൽ മാതാപിതാക്കള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കിയത്. ഏഴു കിടപ്പറകള്‍, നാല് ബാത്ത്റൂം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്. തീര്‍ന്നില്ല മാതാപിതാക്കളുടെ സന്തോഷം കാണാന്‍ അവരെ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്‌ , ദുബായ് എന്നിവിടങ്ങളില്‍ എല്ലാം ബാദയില്‍ കൊണ്ട് പോയി. ഫിലിപ്പിന്‍ ന്യൂസ്‌ മാഗസിന്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രചോദനം നല്‍കുന്ന വ്യക്തി എന്ന തലകെട്ടില്‍ ബാദയിലിന്റെ ജീവിതകഥ നല്‍കിയിരുന്നു. 

Categories
Uncategorized

കാത്തിരുന്ന കല്ല്യാണം പത്ത് മിനിറ്റില്‍ തീര്‍ത്തു; രോഗികൾക്കായി ഒാടി ഈ ഡോക്ടർ

ചൈനയിൽ കൊറോണ വൈറസ് നിയന്ത്രണാതീതമായ രീതിയിൽ പടർന്നു കൊണ്ടിരിക്കുകയാണ്. 23000ൽ അധികം കൊറോണ രോഗികൾ നിലവിൽ ചൈനയിലുണ്ട്. മരണം 490 ആയി. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ചികിത്സ നൽകാനായി ഡോക്ടർമാർ സ്വന്തം ജീവൻ പോലും മറന്ന് കഠിനപ്രയത്നം ചെയ്യുകയാണ്. ഇത്തരം ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒക്കെ വാർത്തകൾ വന്നെങ്കിലും ഇപ്പോൾ വൈറലാകുന്നത് ഒരു വിവാഹ വാർത്തയാണ്. 
ചൈനീസ് ഡോക്ടർമാരായ ലീ ഷീക്വാങിൻറെയും യു ഹോങ്യാൻറെയും വിവാഹമാണ് ഇപ്പോൾ വൈറലാകുന്നത്. എല്ലാവരും നാടൊട്ടാകെ വിളിച്ച് ഗംഭീരമായി നടത്തണമെന്ന് ആഗ്രഹിക്കുന്ന കല്ല്യാണം ഇവിടെ പത്ത് മിനിറ്റ് കൊണ്ടാണ് നടത്തിയത്. കാരണം കൊറോണ പേടിയല്ല, മറിച്ച് കൊറോണ ബാധിതരായ രോഗികൾ തന്നെ കാത്ത് ആശുപത്രിയിൽ ഉണ്ടെന്ന ചിന്ത. 

ഇക്കഴിഞ്ഞ ജനുവരി 30നായിരുന്നു ഇരുവരുടേയും വിവാഹം. ഹെസിയിൽ വെറും പത്ത് മിനിറ്റ് കൊണ്ടാണ് വിവാഹച്ചടങ്ങുകള്‍ പൂർത്തിയായത്. കൊറോണ വൈറസ് ബാധിതർ ദിനംതോറും വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗികളെ പരിചരിക്കുന്നതിനായാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ചടങ്ങ് നിമിഷങ്ങൾ കൊണ്ടു പൂർത്തിയാക്കി ലീ കൃത്യനിർവഹണത്തിലേക്ക് മടങ്ങിയത്. 
വെറും അഞ്ച് പേർ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വളരെ നേരത്തെ നിശ്ചയിച്ചിരുന്നത് കൊണ്ടാണ് വിവാഹം മാറ്റിവെക്കാൻ സാധിക്കാതിരുന്നത്. ലളിതമായ രീതിയിൽ ചടങ്ങുകൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഇരുവരെയും ചേർന്ന് എടുത്ത തീരുമാനമാണ്. വിവാഹം കഴിഞ്ഞ് ഭാര്യയുമൊത്ത് ഭക്ഷണം കഴിക്കാൻ പോലും നിൽക്കാതെയാണ് ഡോക്ടർ തന്നെ കാത്തിരിക്കുന്ന രോഗികളുടെ അടുത്തേക്ക് ഒാടിയത്

Categories
Uncategorized

അരയോളം ചെളിയിൽ പുതഞ്ഞയാളെ രക്ഷിക്കാൻ കൈ നീട്ടി ആൾക്കുരങ്ങ്; ചിത്രം വൈറൽ

മനുഷ്യത്വം എന്ന വാക്ക് പരിഷ്കരിക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം കണ്ടാൽ നിങ്ങൾക്കും തോന്നിയേക്കാം. നദിയിലെ ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന മനുഷ്യനെ രക്ഷിക്കാൻ കൈ നീട്ടി നിൽക്കുന്ന ആൾക്കുരങ്ങിന്റേതാണ് ചിത്രം. ബോർണിയോയിലെ സംരക്ഷിത വനപ്രദേശത്ത് നിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ബോർണിയോയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടെ മലയാളിയായ അനിൽ പ്രഭാകറിന്റെ ക്യാമറയാണ് ഈ നിമിഷം ഒപ്പിയെടുത്തത്.
ബോർണിയോ ഒറാങ്ങുട്ടാൻ സംരക്ഷണ സമിതിയിലെ അംഗമാണ് ചെളിയിൽ പുതഞ്ഞയാളെന്ന് അനിൽ പ്രഭാകർ പറയുന്നു. രക്ഷിക്കാൻ കൈ നീട്ടിയെങ്കിലും ആൾക്കുരങ്ങിന്റെ സഹായം നദിയിൽ വീണയാൾ സ്വീകരിച്ചില്ല. വന്യജീവി ആയതിനാലാണ് സഹായം സ്വീകരിക്കാതിരുന്നതെന്ന് ഇയാൾ അനിലിനോടും സുഹൃത്തുക്കളോടും  വെളിപ്പെടുത്തി. 

 ആൾക്കുരങ്ങുകൾ കഴിയുന്നഭാഗത്ത് പാമ്പിനെ കണ്ടതായി വാർഡൻ അറിയിച്ചതോടെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ. 

Categories
Uncategorized

ഭക്ഷണം കഴിച്ചശേഷം പോകാം; വീട്ടുകാരോട് കള്ളന്റെ മറുപടി

ഭക്ഷണം പാകം ചെയ്തു കഴിക്കാനായി വീടുകളിൽ കയറുന്ന കള്ളൻ. അമേരിക്കിയിലെ ഫ്ലോറിഡയിലാണ് വീട്ടിൽ കയറി പാചകം ചെയ്യുന്ന കള്ളൻ അറസ്റ്റിലായത്. 19 കാരനായ ഗാവിന്‍ കാർവിനെന്ന കൗമാരക്കാരനാണ് പിടിയിലായത്.

വെളുപ്പിന് നാലു മണിക്ക് അടുക്കളയിൽ നിന്നു ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. നോക്കിയപ്പോൾ അപരിചിതനായ ഒരാൾ അടുക്കളയിൽ നിന്ന് പാചകം ചെയ്യുന്നു. ഇതു കണ്ട് വീട്ടുകാർ ഭയന്നു. ആരാണ് എന്നു ചോദിച്ചപ്പോൾ ‘നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കോളൂ. ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാൻ പൊയ്ക്കോളാം’ എന്നായിരുന്നു കള്ളന്റെ വിചിത്ര മറുപടി.
വീട്ടുകാർ വേഗം പൊലീസിനെ വിവരം അറിയിച്ചു. ഇതു മനസ്സിലാക്കി കള്ളൻ ഇറങ്ങി ഓടി വീടിനു പുറകിൽ ഒളിച്ചിരുന്നു. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഗാവിന്‍ കാർവിൻ 19 കാരനാണെന്നും മദ്യ ലഹരിയിലാണ് വീട് കുത്തി തുറന്നതെന്നും പൊലീസ് കണ്ടെത്തിയത്.

Categories
Uncategorized

കാള സ്വർണം വിഴുങ്ങി; ചാണകം ഇടുന്നതും കാത്ത് കുടുംബം

കാള ചാണകമിടുന്നതും കാത്തിരിക്കുകയാണ് ഹരിയാനയിലെ സിർസ സ്വദേശിയായ ജനക് രാജും കുടുംബവും. പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം 40 ഗ്രാം സ്വര്‍ണവും കാള അകത്താക്കിയതോടെയാണ് ഈ കുടുംബം പ്രതിസന്ധിയിലായത്.

പച്ചക്കറി മുറിക്കുന്നതിനിടെ ജനക് രാജിന്റെ ഭാര്യയും മകളും ആഭരണങ്ങൾ അഴിച്ച് ഒരു പാത്രത്തിൽ വച്ചു. എന്നാൽ ഇത് എടുക്കാൻ ഇവർ മറന്നു പോയി. മാത്രമല്ല, പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം സ്വർണം പുറത്തേക്ക് കളയുകയും ചെയ്തു.  തെരുവിലൂടെ അലഞ്ഞു നടക്കുകയായിരുന്ന ഒരു കാള പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം സ്വർണവും അകത്താക്കി. 
ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നതായി ജനക് രാജ് പറയുന്നു. ഒരു മൃഗഡോക്ടറുടെ സഹായത്തോടെ ഈ കാളയെ കണ്ടെത്തി പറമ്പിൽ കെട്ടിയിട്ടിരിക്കുകയാണ് ജനക് രാജ്. ചാണകത്തിലൂടെ സ്വർണം പുറത്തു വരുമെന്നാണ് പ്രതീക്ഷ. ഇതിനായി കുടുംബാംഗങ്ങൾ കാളയ്ക്ക് വയറു നിറയും വരെ ഭക്ഷണം നൽകുന്നുണ്ട്.
സ്വര്‍ണം തിരികെ കിട്ടിയില്ലെങ്കിൽ കാളയെ ഗോശാലയിലേക്ക് അയക്കാനാണ് തീരുമാനമെന്ന് ജനക് രാജ് ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Categories
Uncategorized

കാമുകി തേടിയെത്തി, ഭർത്താവിന്റെ വിവാഹം നടത്തി ഭാര്യ; ഒന്നിച്ച് ജീവിക്കാൻ തീരുമാനം

ഭർത്താവിന്റെയും അയാളുടെ കാമുകിയുടെയും വിവാഹം നടത്തി യുവതി. ഒഡീഷയിലെ മാല്‍ക്കന്‍ഗിരി സ്വദേശിനി ഗായത്രി കബസിയാണ് ഭർത്താവ് രാമ കബസിയുടെയും കാമുകി ഐത മഡകമിയുടെയും വിവാഹം നടത്തിയത്. എല്ലാവർക്കും ഒന്നിച്ച്, ഒരേ വീട്ടിൽ ജീവിക്കാം എന്നും ഗായത്രി തീരുമാനമെടുത്തു. 


രാമയെ കാണാതെ തേടി എത്തിയപ്പോഴാണ് ഇയാൾ വിവാഹിതനും നാലു കുട്ടികളുടെ അച്ഛനും ആണെന്ന് ഐത അറിഞ്ഞത്. ഭർത്താവിന് കാമുകി ഉണ്ടെന്നറിഞ്ഞ് ഗായത്രി‍യും ഞെട്ടി. രാമ കബസിനെതിരെ വഞ്ചനാ കുറ്റത്തിനു കേസ് കൊടുക്കാനായിരുന്നു ഐതയുടെ തീരുമാനം. എന്നാൽ, ഭര്‍ത്താവിന് ഐതയെ വിവാഹം കഴിക്കാന്‍ ഗായത്രി അനുവാദം നൽകി. തുടർന്ന് സിദ്ധേശ്വര്‍ ക്ഷേത്രത്തില്‍വച്ച് കഴിഞ്ഞ് വ്യാഴാഴ്ച ഇവരുടെ വിവാഹം നടന്നു. ഐതയെ ഒപ്പം താമസിപ്പിക്കാനും ഗായത്രി സമ്മതിച്ചു.
ഐതയുടെ പരാതിയെത്തുടർന്ന് രാമ ജയിലിൽ പോകേണ്ടി വരുമോ എന്ന ഭയമാണ് വിവാഹത്തിന് സമ്മതിക്കാൻ ഗായത്രിയെ പ്രേരിപ്പിച്ചതെന്ന് സമീപവാസികൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ആറുവർഷം മുൻപാണ് രാമയും ഗായത്രിയും വിവാഹിതരായത്. ഇവരുടെ മൂത്തകുട്ടിക്ക് അഞ്ചു വയസ്സുണ്ട്.

Categories
Uncategorized

കോപ്പിയടി തടയാൻ തലയിൽ കാർഡ്ബോർഡ് പെട്ടി; കോളജ് നടപടിക്ക് വിമർശനം

വിദ്യാർഥികള്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതു തടയാൻ കാർ‍ഡ്ബോര്‍ഡ് പെട്ടികൾ തലയിൽവച്ച് കോളജിന്റെ പരീക്ഷണം. ഒക്ടോബർ 16ന് കർണാടകയിലെ ഹവേരിയിലുള്ള ഭാഗത് പ്രീ യൂണിവേഴ്സിറ്റി കോളജിലാണ് ‘കാർഡ്ബോർഡ് പരീക്ഷ’ നടന്നത്. കോളജ് സ്റ്റാഫുകളിൽ ഒരാൾ പകർത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വിവാദമായി.
കാർഡ്ബോർഡ് പെട്ടി വിദ്യാര്‍ഥികളുടെ തലയിലൂടെ കമഴ്ത്തി ഇട്ടാണ് പരീക്ഷ എഴുതാൻ ഇരുത്തിയത്. പെട്ടിയുടെ ഒരു വശത്ത് മുഖത്തിന്റെ വലുപ്പത്തിൽ ചതുരാകൃതിയില്‍ ഒരു ദ്വാരം. ഇതിലൂടെ നോക്കി പരീക്ഷ എഴുതണം. തല തിരിക്കാൻ പാടില്ല.


ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ കോളജിന്റെ നടപടിക്കെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. മാനേജ്മെന്റിനെതിരെ വകുപ്പ് മന്ത്രി എസ്.സുരേഷ് കുമാർ രംഗത്തെത്തി. നടപടി മനുഷ്യത്വരഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്നേദിവസം ഉച്ചതിരിഞ്ഞാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും മാനേജ്മെന്റിന് നോട്ടിസ് നൽകിയെന്നും വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.സി പീർസദേ പറഞ്ഞു.
ബിഹാറിൽ ഇങ്ങനെ പരീക്ഷ നടന്നിട്ടുണ്ടെന്ന വാദമുയർത്തി പ്രതിരോധിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചതായും മാനേജ്മെന്റ് പ്രതിനിധികൾ അവകാശപ്പെടുന്നു. എന്നാൽ പ്രതിഷേധം ശക്തമായതിനാൽ‌ കാർഡ്ബോർഡ് കൊണ്ട് മുഖം മറയ്ക്കുന്ന രീതി ഉപേക്ഷിച്ചെന്നും അധികൃതർ പറയുന്നു.

Categories
Uncategorized

കളഞ്ഞു കിട്ടിയ 40,000 തിരിച്ചു നൽകി, 5 ലക്ഷം സമ്മാനം വേണ്ട;

കളഞ്ഞു കിട്ടിയ 40,000 രൂപ ഉടമയക്കു തിരിച്ചു നൽകി കയ്യടി നേടുകയാണ് മഹാരാഷ്ട്രയിലെ സതാരാ സ്വദേശിയായ ധനജി ജഗ്ദാലെ എന്ന് 54കാരൻ. സമ്മാനമായി നൽകിയ 1000 രൂപയിൽ നിന്ന് ബസ് കൂലി കൊടുക്കാനുള്ള 7 രൂപ മാത്രമാണ് ഇദ്ദേഹം എടുത്തത്. ദീപാവലി ദിനത്തിലാണ് ഈ മനുഷ്യൻ തന്റെ പ്രവൃത്തി കൊണ്ടു പ്രകാശം പരത്തിയത്.
ചില ആവശ്യങ്ങൾക്കായി ദാഹിവാടിയിൽ പോയി തിരച്ചുവരുമ്പോഴാണ് ബസ് സ്റ്റോപ്പിൽ കിടക്കുന്ന നോട്ടുകെട്ടുകൾ ജഗ്ദാലെയുടെ ശ്രദ്ധയിൽപ്പെട്ടത്. എണ്ണി നോക്കിയപ്പോൾ 40,000 രൂപ. അതെടുത്ത ജഗ്ദാലേ ചുറ്റിലും അതിന്റെ ഉടമസ്ഥനെതേടി നടന്നു. പലരോടും ചോദിച്ചെങ്കിലും ആര്‍ക്കും അറിയില്ല. കുറച്ച് മാറി ഒരാൾ പരിഭ്രാന്തനായി എന്തോ തിരയുന്നത് ശ്രദ്ധയിൽപ്പെട്ടു. സമീപത്ത് എത്തി കാര്യം തിരക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. വിശദാംശങ്ങൾ തേടിയശേഷം ജഗ്ദാലേ അത് ഉടമസ്ഥനു കൈമാറി.


!ഭാര്യയുടെ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള പണമായിരുന്നു. അതിൽ നിന്ന് 1000 രൂപ അയാൾ ജഗ്ദാലേയ്ക്ക് സമ്മാനമായി നൽകി. എന്നാൽ  ‘കയ്യിൽ മൂന്നു രൂപയുണ്ട്. ഗ്രാമത്തിലേക്കുള്ള ബസ് ചാർജ് 10 രൂപയാണ്. അതിനാൽ ബാക്കി ഏഴു രൂപ മാത്രം മതി’ എന്ന് ജഗ്ദാലെ പറഞ്ഞു.
ജഗ്ദാലെയുടെ പ്രവൃത്തി വാർത്തയിൽ സ്ഥാനം പിടിച്ചതോടെ, എംപിയും എംഎൽഎയും ഉൾപ്പടെയുള്ളവർ അഭിനന്ദനങ്ങളുമായി എത്തി. എത്ര മോശം അവസ്ഥയിലാണെങ്കിലും നന്മ മറന്നു പ്രവർത്തിക്കരുത് എന്ന് സന്ദേശമാണ് ജഗ്ദാലെ നൽകുന്നതെന്ന് സതാര എംഎൽഎ ശിവേന്ദ്രരാജ് ബോസ്‌ലെ പറഞ്ഞു.

ജഗ്ദാലെയ്ക്ക് 5 ലക്ഷം രൂപ നല്‍കാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഭാർഗെ എന്നൊരാൾ രംഗത്തെത്തി. എന്നാൽ ഇതും ജഗ്ദാലെ നിരസിച്ചു. മറ്റുള്ളവരുടെ പണം ഒരിക്കലും സംതൃപ്തി നൽകില്ലെന്നും ആത്മാർഥതയോടു കൂടി ജീവിക്കനാണ് ആഗ്രഹിക്കുന്നതെന്നും ജഗ്ദാലെ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

Categories
Uncategorized

‘‘സാറെ ഞാൻ കുഞ്ഞാവയുമായി വരുമ്പോൾ വീട്ടിൽ ലൈറ്റ് ഉണ്ടാകും അല്ലേ? അനുഭവം പങ്കുവച്ച് കെഎസ്ഇബി ഉദ്യോഗസ്ഥൻ

ദുരിതങ്ങള്‍ നിറഞ്ഞ ഒരു കുട‌ുംബത്തിലേക്ക് വെളിച്ചമെത്തിച്ച അനുഭവം പങ്കുവയ്ക്കുകയാണ് കെഎസ്ഇബി ഉദ്യോഗസ്ഥനായ ഉസ്മാൻ കൊടുങ്ങല്ലൂർ. വൈദ്യുതി കണക്‌ഷന്റെ അപേക്ഷ ലഭിച്ച് എസ്റ്റിമേറ്റ് എടുക്കാനായി എത്തിയതായിരുന്നു ഓവസീർ ആയ ഉസ്മാൻ. എന്നാൽ ദയനീയമായ സാഹചര്യത്തിൽ ജീവിക്കുന്ന ഒരു കുടുംബത്തെയാണ് അദ്ദേഹം കാണുന്നത്. ഒരു കൊച്ചു ഷെഡ്ഡില്‍ താമസിക്കുന്ന ഗർഭിണിയായ സ്ത്രീയും അവരുടെ ഭർത്താവും. റേഷൻ കാർഡ് ഇല്ലാത്തതിനാൽ ബിപിഎൽ ആനുകൂല്യങ്ങൾ കിട്ടില്ല. സ്വന്തം ഉത്തരവാദിത്തം പോലെ എല്ലാം ഏറ്റെടുത്ത് ഉസ്മാൻ പ്രവർത്തിച്ചു. അങ്ങനെ ആ ദിവസം തന്നെ ആ വീട്ടിൽ വൈദ്യുതിയെത്തി.
സർക്കാർ സർവീസിലെ ഏറ്റവും സംതൃപ്തി നിറഞ്ഞ ദിവസം എന്നാണ് ഉസ്മാൻ ഈ വിശേഷിപ്പിക്കുന്നത്. ആ വീട്ടിൽ വെളിച്ചമെത്തിക്കാനുള്ള ശ്രമവും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ഉസ്മാൻ വിവരിക്കുന്നുണ്ട്.
ഉസ്മാൻ കൊടുങ്ങല്ലൂരിന്റെ കുറിപ്പ് വായിക്കാം; 
കഴിഞ്ഞ ദിവസം പുതിയ വൈദ്യുതി കണക്ഷന്റെ എസ്റ്റിമേറ്റ് നോക്കുവാൻ പോയി. സ്ഥലം മനസ്സിലാകാത്തതിനാൽ അപേക്ഷകനെ വിളിച്ചു. ഒരു സ്ത്രീ ഫോൺ എടുത്തു. ‘‘റോഡിലേക്ക് വരുമോ’’ എന്നു ചോദിച്ചു. അവർ വന്നു. ഞാൻ മാനസികമായി ആകെ തകർന്നു പോയി. ആ സ്ത്രീ പൂർണ ഗർഭിണി ആയിരുന്നു. (പാവം). വീട് പറഞ്ഞു തന്നു. നീല ഷീറ്റ് കെട്ടിയ വീട്. ഞാൻ വണ്ടി ഓടിച്ചു. നേരെ കാണുന്ന നീല ഷീറ്റ് കെട്ടിയ വീട്ടിലേക്ക്.‌ അവിടെ വൈദ്യുതി കണക്ഷൻ ഉണ്ട്. അപ്പോൾ പിന്നിൽ നിന്നൊരു വിളി. ‘‘ഇതാണ് എന്റെ വീട്’’. ഞാൻ അങ്ങോട്ട് ചെന്നു. ഒരു ഷെഡ്. (ഞാൻ 1983 ലെ എന്റെ വീടിനെ കുറിച്ച് ഓർത്തു)

ഒരു പണിക്കാരൻ ഇറങ്ങി വന്നു. അയാൾ തറയിൽ സിമന്റ് ഇടുകയായിരുന്നു. അത് ആ സ്ത്രീയുടെ ഭർത്താവ് ആയിരുന്നു. അദ്ദേഹമാണ് അപേക്ഷകൻ. സംസാരിച്ചപ്പോൾ റേഷൻ കാർഡ് ഇല്ല. അപ്പോൾ BPL അല്ല. പിന്നെ വില്ലേജിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റ് വാങ്ങാൻ നിദ്ദേശിച്ചു (നിർബന്ധിച്ചു എന്നതാണ് സത്യം. കാരണം അതു കിട്ടാൻ താമസിച്ചാൽ കരന്റ് കിട്ടാൻ വൈകിയാലോ എന്നവരുടെ സംശയം) ഞാൻ അവിടെ തന്നെ നിന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലെ എന്റെ സുഹൃത്ത് ഫാത്തിമയെ വിളിച്ചു. അവർ ഉടനെ ശ്രീനാരായണപുരം വില്ലജ് ഓഫീസർ അജയ് നെ വിളിച്ചു. അടുത്ത ദിവസം വന്നാൽ സർട്ടിഫിക്കറ്റ് കൊടുക്കാം എന്ന് പറഞ്ഞു. 
‘‘സാറെ ഞാൻ കുഞ്ഞാവയുമായി വരുമ്പോൾ വീട്ടിൽ ലൈറ്റ് ഉണ്ടാകും അല്ലേ? “
‘‘ദൈവം അനുഗ്രഹിച്ചാൽ ഉണ്ടാകും’’ എന്ന് പറഞ്ഞു ഞാൻ ഓഫീസിൽ വന്നു. ഇന്ന് വളരെ തിരക്കുണ്ടായിട്ടും ഞാൻ ഫാത്തിമയെ വിളിച്ചു വില്ലജ് ഓഫീസറുടെ നമ്പർ വാങ്ങി. വിളിച്ചു.
‘‘ഉസ്മാൻ, വളരെ തിരക്കാണ് നാളെ കൊടുത്താൽ പോരേ സർട്ടിഫിക്കറ്റ്’’
‘‘പോരാ ഇന്നു തന്നെ വേണം’’
ആ സ്ത്രീയുടെ അവസ്ഥ പറഞ്ഞപ്പോൾ അജയ് അപ്പോൾ തന്നെ സർട്ടിഫിക്കറ്റ് നൽകി.

സമയം 2 മണി.  പെരിങ്ങോട്ടുകര അസിസ്റ്റന്റ് എൻജിനീയർ റോയ് സാറിന്റെ അച്ഛൻ മരിച്ചിടത്തു പോയി വന്നപ്പോൾ സമയം 4 മണി ഓവർസീർ അനിൽ കുമാർ ആയിരുന്നു ഫ്രണ്ട് ഓഫീസിൽ. അവനോട് മാറിയിരിക്കാൻ പറഞ്ഞു. ഫീൽഡിൽ പോകാൻ നിൽക്കുന്ന ജേക്കബ് സാറിന് 5 മിനിറ്റ് പിടിച്ചു നിർത്തി. ഞാൻ അവിടെ ഇരുന്ന് അപേക്ഷയുടെ വർക്കുകൾ തീർത്തു അപ്പോഴേക്കും എ.ഇ സുരേഷ് സാർ എത്തി. എസ്റ്റിമേറ്റ് അപ്രൂവൽ ചെയ്തു തന്നു. CD (ക്യാഷ് ഡെപ്പോസിറ്റ്) അടക്കാൻ നോക്കിയപ്പോൾ എന്റെ കയ്യിലെ പണം തികയില്ല. മിഥുൻ സാറിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് CD അടച്ച് AEയെ കൊണ്ട് അസൈൻ ചെയ്യിച്ചു. മിഥുൻ സാർ അപ്പോൾ തന്നെ കണക്ഷൻ എഴുതി. വഴിയിൽ വച്ച് ലൈൻ മാൻ സാബുവിനെ കണ്ടു.
‘‘പീക്ക് ഡ്യൂട്ടിയിൽ ഒരു പുണ്യപ്രവൃത്തി ചെയ്യാൻ ഒരു അവസരം തരാം’’ എന്ന് മുഖവരയോടെ കാര്യം പറഞ്ഞു. 6 മണിക്ക് എനിക്ക് ആ സ്ത്രീയുടെ ഫോൺ വന്നു ‘‘സാർ അവർ വന്നു. കരണ്ട് കിട്ടീട്ടാ. സാറിനെയും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ’’


ആ വാക്കുകളിലെ സന്തോഷം ഞാൻ ഇവിടെ കൊടുങ്ങല്ലൂരിൽ ഇരുന്നറിഞ്ഞു. ഈ പ്രവർത്തിക്ക് എന്നെ സഹായിച്ച ദൈവത്തിനു നന്ദി.
എന്റെ സഹപ്രവർത്തകർ അസിസ്റ്റന്റ് എൻജിനീയർ സുരേഷ് സാർ, സബ് എൻജിനീയർമാരായ ജേക്കബ് സാർ, മിഥുൻ സാർ, ഓവർസീർ അനിൽ കുമാർ , ലൈൻമാൻമാരായ സാബു, ഓമനക്കുട്ടൻ, ബാബു ചേട്ടൻ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നു.
ഉസ്മാൻ കൊടുങ്ങല്ലൂർ

*എന്റെ സർക്കാർ ജോലിയിലെ ഏറ്റവും സംതൃപ്തി തന്ന ദിവസം* കഴിഞ്ഞ ദിവസം* പുതിയ വൈദ്യുതി ഒരു കണക്ഷന്റെ എസ്റ്റിമേറ്റ്…

Posted by Usman Kodungallur on Friday, 15 November 2019