പരിഹാസത്താല്‍ ഒളിച്ചോടിയ കാലത്തിന് വിട..എല്ലി ഇനി സ്‌കൂള്‍ ബോയ്‌

വെളുത്ത ഷര്‍ട്ടും കറുത്ത സ്യൂട്ടുമൊക്കെ അണിഞ്ഞ് സ്‌കൂളില് പോകാന്‍ ഒരുങ്ങുന്ന സാന്‍സിമ എല്ലിയുടെ ഫോട്ടോ കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും, സോഷ്യല്‍ മീഡിയ കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ എല്ലിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. കുറച്ച് നാള്‍ മുന്‍പും എല്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ അന്ന് ആ ഫോട്ടോ കണ്ട എല്ലാവരും എല്ലിയെ വിളിച്ചത് മൗഗ്ലി എന്നായിരുന്നു. ഒരുപാട് പേരുടെ നന്മ നിറഞ്ഞ മനസാണ് ഇന്നത്തെ എല്ലിയുടെ മാറ്റത്തിന് കാരണം.

1999ല്‍ റുവാന്‍ഡയില്‍ ജനിച്ച സാന്‍സിമാന്‍ എല്ലിക്ക് മൈക്രോസൊഫാലി എന്ന രോഗം പിടിപെട്ടു. ഈ രോഗം ബാധിച്ചവരുടെ തല തീരെ ചെറുതായിരിക്കും. എല്ലാം തികഞ്ഞവരെന്ന് സ്വയം കരുതുന്ന കുറെ മനുഷ്യര്‍ എല്ലിയെ ആട്ടിയോടിക്കാന്‍ ശ്രമിച്ചു. ഭീഷണികള്‍ അധികമാകുമ്പോള്‍ എല്ലി സ്വന്തം നാട്ടില്‍ നിന്ന് ഓടിയൊളിക്കും. അങ്ങനൊരു ഒളിച്ചോട്ടത്തിനിടെ പകര്‍ത്തിയ ചിത്രമാണ് എല്ലിയുടെ ദുരവസ്ഥ ലോകത്തെ അറിയിച്ചത്. ചെറു പ്രായത്തിലെ എല്ലി കടന്നുപോ ദുരനുഭവങ്ങള്‍ അവന്റെ അമ്മ വെളിപ്പെടുത്തിയതോടെ ഈ ലോകം എല്ലിക്കും കുടുംബത്തിനുമൊപ്പം നിന്നു. കേള്‍വിയും സംസാരശേഷിയും ഇല്ലത്ത എല്ലിക്ക് വേണ്ടി റുവാണ്ടയിലെ ഒരു ടിവി ചാനല്‍ ക്രൗഡ് ഫണ്ടിങ്‌ നടത്തി. ഇപ്പോഴിതാ എല്ലി തന്റെ പരിമിതികളെ കരുത്താക്കി തിരിച്ചെത്തുകയാണ്, ലോകത്തിന്റെ കയ്യടി നേടാന്‍. ഷര്‍ട്ടും സ്യൂട്ടുമൊക്കെ ധരിച്ച് സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുന്ന എല്ലിയുടെ ചിത്രം ഒരു പ്രതീക്ഷയാണ്. ലോകത്ത് നന്മ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവ്‌…..