സ്‌കൂള്‍ പണിയാന്‍ ഭൂമി വേണം, സ്വര്‍ണമാല ഊരി നല്‍കി അധ്യാപിക

ഒരു നാടിന്റെ മുഖച്ഛായ മാറ്റുന്നത് അവിടുത്തെ വിദ്യാലയങ്ങളാണ്. അത് നന്നായി അറിയാവുന്നത് കൊണ്ടാണ് കൊണ്ടോട്ടി നെടിയിരുപ്പ് ജി.എല്‍.പി സ്‌കൂളിന് ഭൂമി വാങ്ങാന്‍ ഇവിടുത്തെ നാട്ടുകാര്‍ അരയും തലയും മുറുക്കി പുറപ്പെട്ടത്. നൂറ്റണ്ടു പിന്നിട്ടിട്ടും വാടക കെട്ടിടത്തില്‍ നിന്നൊരു മോചനം തങ്ങളെ വളര്‍ത്തി വലുതാക്കിയ സ്‌കൂളിന് ഇല്ലെന്ന് കണ്ട് അവര്‍ നടത്തുന്ന ശ്രമത്തെ വെറുതെ നോക്കിയിരുന്ന് കാണാന്‍ പ്രധാന അദ്ധ്യാപിക വി. ബിന്ദുവിനും കഴിഞ്ഞില്ല. തന്റെ കഴുത്തില്‍ കിടന്ന രണ്ടു പവന്റെ മാല ബിന്ദു ടീച്ചര്‍ ഊരി നല്‍കി.

1914ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്‌കൂളിന്റെ കെട്ടിടം പഴകി പൊളിയാറായിട്ട് വര്‍ഷങ്ങളായി. പ്രീ പ്രൈമറിയും ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളുമുള്ള ഈ സ്‌കൂളില്‍ 237 വിദ്യാര്‍ത്ഥികളുണ്ട്, 7 അധ്യാപകരും. ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ നാട്ടുകാര്‍ ഒരുക്കി നല്‍കിയെങ്കിലും പൊട്ടിപൊളിയാറായ വാടക കെട്ടിടം വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്‌ക്കൊരു ഭീഷണിയായിരുന്നു. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ കൈയില്‍ നിന്ന് സഹായം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് സ്‌കൂളിന് സ്വന്തമായി സ്ഥലം കണ്ടെത്താന്‍ നാട്ടുകാര്‍ ജനകീയ വികസന സമിതി രൂപികരിച്ചത്.

ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന് ഭൂമി വിലയ്ക്ക് കൈമാറാന്‍ മാനേജര്‍ തയ്യാറാണ്. 15 സെന്റ് സൗജന്യമായും 45 സെന്റ് വിപണി വിലയ്ക്കും നല്‍കും. ഈ ഭൂമു വാങ്ങിക്കാനായാല്‍ സ്വന്തമായി കെട്ടിടടവും മറ്റ് സൗകര്യവും ഒരുക്കാനാകും. ധനശേഖരണത്തിനായി സ്വര്‍ണ മാല നല്‍കിയ പാലാഴി സ്വദേശി ബിന്ദു ടീച്ചര്‍ 2008 മുതല്‍ ഇവിടെ അധ്യാപികയാണ്.