കണ്ണിലെ ഇരുട്ട് മനസിനില്ല, വഴിയരികില്‍ ഉപ്പേരി ഉണ്ടാക്കി വയോധികന്‍

വഴിയരികിലെ ചെറിയ തട്ടുകടളിലെയും പലഹാര കടകളിലെയും പാചകക്കാരുടെ പണി കണ്ടു നില്‍ക്കാന്‍ നല്ല രസമാണ്. നിത്യാഭ്യാസത്തിലുടെ തങ്ങളുടെ ജോലിയെ ഏറെ എളുപ്പമാക്കി തീര്‍ത്തവരാണെന്നു തോന്നും. അതുകൊണ്ടാണല്ലോ വഴികളിലെ ചായക്കടകളില്‍ നീട്ടി ചായ അടിക്കുന്ന തൊഴിലാളികളും എണ്ണയില്‍ നിന്ന് നമ്മുടെ പലഹാരങ്ങളെ വറുത്തു കോരുന്ന പാചകക്കാരും നമ്മുടെ രസമുള്ള കാഴ്ചകളില്‍ പലതായി മാറുന്നത്. ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത കൊണ്ട് അവര്‍ തങ്ങളുടെ ജോലികളെ എളുപ്പമുള്ളതാണെന്ന് തോന്നിപ്പിക്കുന്നുണ്ട്. പക്ഷേ പണി പാളിയാല്‍ ഉണ്ടാക്കുന്ന പലഹാരങ്ങളും ചായയുമൊക്കെ പാളി പോകുമെന്ന് അവര്‍ക്ക് നന്നായി അറിയാം, പിന്നെ സംഭവിക്കുന്നത് വലിയ നഷ്ടമാണ്. അത് അറിയാവുന്നത് കൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയാണ് അവര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. അത്തരത്തില്‍ അതീവ ശ്രദ്ധ വേണ്ട ഒരു ജോലി, കൃത്യമായി പറഞ്ഞാല്‍ വാഴയ്ക്ക എണ്ണയില്‍ വറുത്ത് കോരി നല്ല ഉപ്പേരിയാക്കി മാറ്റിന്ന ഒരു മനുഷ്യന്‍. അതി മനോഹരമായാണ് ഏറെ ശ്രദ്ധ വേണ്ടുന്ന ആ ജോലി അദ്ദേഹം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം തന്റെ ജോലി ചെയ്യുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ കാഴ്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കണ്ണിന് കാഴ്ചയില്ലെങ്കിലും അധ്വാനിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് ഒന്നും തടസമല്ലെന്ന് തെളിയിക്കുന്ന വീഡിയോ ആണിത്.

നാസിക്കിലെ മഖ്മലബാദ് റോഡരികില്‍ വാഴയ്ക്ക വറുത്ത് പലഹാരം ഉണ്ടാക്കി വില്‍ക്കുകയാണ് ഈ മനുഷ്യന്‍. സന്‍സ്‌കാര്‍ ഖേമാനി എന്നയാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. കാഴ്ച ഇല്ലാത്ത ഈ മനുഷ്യ വാഴയ്ക്ക അതിമനോഹരമായി അരിഞ്ഞ് തിളച്ച എണ്ണയിലേക്ക് ഇടുന്നതും ഇളക്കുന്നതും വീഡിയോയില്‍ കാണാം. വറുത്ത് കോരിയെടുക്കുന്ന ഉപ്പേരി അദ്ദേഹത്തിന്റെ സഹായി കവറുകളില്‍ നിറയ്ക്കുന്നതും വീഡിയോയില്‍ കാണാം.

ആദരവ് തോന്നുന്നു ഈ വയോധികനോടെന്നും നിങ്ങള്‍ക്ക് നാസിക്കില്‍ ആരെയെങ്കിലും അറിയാമെങ്കില്‍ ഈ വാഴയ്ക്ക വറുത്തത് അവരോട് വാങ്ങാന്‍ പറയൂ, അദ്ദേഹത്തിന് കാഴ്ച ശക്തി കിട്ടാന്‍ നമുക്ക് ഒരുമിച്ച് നിന്ന് സഹായിക്കാം. എന്നൊരു കുറിപ്പും സന്‍സ്‌കാര്‍ പങ്കുവെച്ചിട്ടുണ്ട്. ചൂടും പുകയും അടിച്ചാണ് അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടതെന്നും വീഡിയോയില്‍ പരാമര്‍ശം ഉണ്ട്. നിരവധിയാളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അധ്വാനത്തിന്റെ വിലയറിഞ്ഞ ഈ മനുഷ്യനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയാ.