പിറന്നാൾ സമ്മാനമായി അംഗനവാടി

പ്രതീകാത്മക ചിത്രം

തൊണ്ണൂറ് വയസുള്ള അമ്മയുടെ പിറന്നാള്‍ മക്കള്‍ എങ്ങനെ ആഘേഷിക്കണം? പപ്പടം പഴം പായസം കൂട്ടി, അത്യാവശ്യം നാട്ടാരെയും ബന്ധുക്കാരെയും കൂട്ടി ഒരു സദ്യ, പിന്നൊരു കേക്ക്, അമ്മയ്ക്ക് രു പുതിയ കുപ്പായം..സാധാരണ നമ്മുടെ നാട്ടിലെ ശരാശരി പിറന്നാള്‍ ആഘോഷം ഇങ്ങനെയാണ്. എന്നാല്‍ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി മീനാക്ഷിക്കുട്ടിയമ്മയുടെ മക്കള്‍ അല്‍പ്പം കടന്നു ചിന്തിച്ചു, അമ്മയുടെ പിറന്നാള്‍ നാടിന് ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യണം എന്ന് അവര്‍ കരുതി. തങ്ങളുടെ നാട്ടില്‍ ഒരു അംഗണവാടി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കി പിറന്നാള്‍ ആഘോഷിക്കാനുള്ള തീരുമാനത്തിലേക്ക് അങ്ങനെയാണ് മീനാക്ഷിയമ്മയുടെ മക്കള്‍ എത്തിയത്.

നാട്ടിലെ വാര്‍ഡ് മെമ്പറാണ് മീനാക്ഷിക്കുട്ടിയമ്മയുടെ മകള്‍ രാഗിണി. വാര്‍ഡിലെ കുരുന്നു കുട്ടികള്‍ ആ അങ്കണവാടിയുടെ വാടക കെട്ടിടത്തില്‍ ഇടുങ്ങി ഞെരുങ്ങി കളിക്കുന്നതും പഠിക്കുന്നതെന്നും രാഗിണി എന്നും കാണുന്നുണ്ടായിരുന്നു. ആ ദുരവസ്ഥയില്‍ നിന്ന് നാട്ടിലെ കുട്ടികള്‍ക്ക് മോചനം ലഭിക്കാനായി അമ്മയുടെ പിറന്നാള്‍ ഈ കുടുംബം മാറ്റുകയായിരുന്നു. അങ്കണവാടിയ്ക്കുള്ള കെട്ടിടം പണിയാന്‍ കോട്ടയ്ക്കലിലെ തേക്കാംപാറയില്‍ അഞ്ചു സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി കഴിഞ്ഞു കുടുംബം.

ലീന ഗ്രൂപ്പ് സ്ഥാപകന്‍ പരേതനായ എം കെ രാമനുണ്ണിയുടെ ഭാര്യ മീനാക്ഷിക്കുട്ടിയമ്മയുടെ പിറന്നാള്‍ ഈ മാസം അഞ്ചിനാണ് കുടുംബം ആഘോഷിച്ചത്. ഇവരുടെ മക്കള്‍ നേതൃത്വം നല്‍കുന്ന എം കെ ആര്‍ ഫൗണ്ടേഷന്‍ വാങ്ങിയ ഭൂമി അംഗണവാടി കെട്ടിടം പണിയാന്‍ ഉടന്‍ നഗരസഭയ്ക്ക് കൈമാറും. അംഗണവാടി കെട്ടിടം മാത്രമല്ല നാട്ടില്‍ പുതിയൊരു ലൈബ്രററിക്ക് കെട്ടിടം പണിയാനുള്ള ഭൂമി കണ്ടെത്തി വാങ്ങാനും ഫൗണ്ടേഷന്‍ ശ്രമിക്കുന്നുണ്ട്. മഹാമാരിക്കാലത്തും ആഘോഷങ്ങള്‍ക്കായി പണം പൊടിപൊടിക്കാന്‍ മടിയില്ലാത്ത മലയാളികള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തിയാണ് മീനാക്ഷിക്കുട്ടിയമ്മയുടെ മക്കളുടെതെന്ന് നിസംശയം പറയാം…