മകളുടെ വിവാഹം ലളിതമാക്കി; മിച്ചം പിടിച്ച പണത്തിന് അങ്കണവാടിക്ക് സ്ഥലം

വിവാഹത്തിന് സമ്മാനങ്ങളുമായി പ്രിയപ്പെട്ടവര്‍ നമ്മളെ തേടിയെത്താറാണ് പതിവ്. മലപ്പുറം കുന്നത്ത് പറമ്പി അസീസ് പക്ഷേ ആ നാട്ടുനടപ്പ് അങ്ങോട് തെറ്റിച്ചു. പകരം എന്ത് ചെയ്‌തെന്നോ? പ്രിയപ്പെട്ട നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഒരു വലിയ സമ്മാനം അങ്ങോട് നല്‍കി. സമ്മാനം എന്താണെന്നല്ലേ, ഒറ്റമുറിയില്‍ പത്തവര്‍ഷമായി പ്രവര്‍ത്തിക്കുന്ന നാട്ടിലെ അങ്കണവാടിയ്ക്കായി അഞ്ചു സെന്റ് ഭൂമി.

ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ച് ആര്‍ഭാടമായി മകളുടെ വിവാഹം നടത്തണമെന്നായിരുന്നു അസീസിന്റെ ആഗ്രഹം. പിന്നെ അതിലും വലുതും നന്മ നിറഞ്ഞതുമായ മറ്റെന്തെങ്കിലും തനിക്ക് ചെയ്യണമെന്ന ആഗ്രഹം അസീസിന്റെ മനസില്‍ ഉദിച്ചു. അങ്ങനെയാണ് അഞ്ചര ലക്ഷം രൂപ മുടക്കി രണ്ട് സെന്റ് സ്ഥലം അങ്കണവാടിക്ക് വാങ്ങി നല്‍കാന്‍ തീരുമാനിച്ചത്. മകളുടെ വിവാഹം ലളിതമായി നടത്തിയും നാടിന്റെ നല്ലതിന് വേണ്ടി അങ്കണവാടിക്ക് വേണ്ടി ഭൂമി വാങ്ങി നല്‍കിയും അസീസ് തീര്‍ത്ത മാതൃകയുടെ വലുപ്പം പറഞ്ഞറിയിക്കാന്‍ ആകാത്തതാണ്.

തിരൂര്‍ നഗരസഭയിലെ പതിനേഴാം വാര്‍ഡിലെ അങ്കണവാടിക്ക് വേണ്ടിയാണ് അസീസ് സ്ഥലം വാങ്ങി നല്‍കിയത്. പത്ത് വര്‍ഷത്തിലധികമായി ഈ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത് കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ ഉടമ നിരന്തരം ആവശ്യപ്പെടുന്നും ഉണ്ട്. ഇത് അറിയാവുന്ന അസീസ് സ്ഥലം വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വാങ്ങിയ സ്ഥലം നഗരസഭ സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. കരാര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ പി അബ്ദുള്ളകുട്ടിക്ക് കൈമാറുകയും ചെയ്തു. അസീസിന്റെ പിതാവ് പരേതനായ കുഞ്ഞമൊയ്തിന്‍ എന്ന ബാവബാജിയുടെ പേര് അങ്കണവാടിക്ക് നല്‍കാനാണ് അധികൃതരുടെ തീരുമാനം. നാടിന് വേണ്ടി ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തിലായിരുന്നു അസീസിന്റെയും സക്കീനയുടെയും മകള്‍ മര്‍വ ഷെറിനും പെന്മുണ്ടം സ്വദേശി ആഷിഖും വിവാഹിതരായത്.