മഹല് കമ്മിറ്റിയുടെ ഓണ സമ്മാനം; വാസുവിനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട് സ്വന്തം

ശാരിരിക വെല്ലുവിളികള്‍ നേരിടുന്ന മലപ്പുറം കല്പകഞ്ചേരി സ്വദേശി വാസുവിന് മറ്റുള്ളവരെ പോലെ കായികധ്വാനമുള്ള ജോലി ചെയ്യുക അസാധ്യമാണ്. ഭാര്യ മറ്റു വീടുകളില്‍ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് ഷെഡ് കൊണ്ട് മറച്ച ആ കുഞ്ഞ് കൂരയില്‍ വാസുവും ഭാര്യയും മകളും ജീവിക്കുന്നത്. നിത്യചെലവിനൊപ്പം മകളുടെ പഠനം മുന്നോട്ട് കൊണ്ട് പോകാനുള്ള ചെലവും കൂടി കണ്ടെത്തുക ഈ കുടുംബത്തെ സംബന്ധിച്ചിടുത്തോളം വെല്ലുവിളിയാണ്. ആ വലിയ വെല്ലുവിളിയെ നേരിടാനുള്ള നേട്ടോട്ടത്തിനിടയില്‍ നല്ലൊരു കാറ്റ് വീശിയാല്‍ പറന്നു പോകാന്‍ തയ്യാറിയ നില്‍ക്കുന്ന ആ കുഞ്ഞുകൂരയില്‍ നിന്നൊരു മോചനം വാസുവിന്റെ വിദൂര സ്വപ്‌നത്തില്‍ പോലും വന്നിട്ടുണ്ടാവില്ല. സ്വപ്‌നം കാണാന്‍ പോലുമുള്ള അര്‍ഹതയില്ലെന്ന് മനസില്‍ കുറിച്ച് ആ മോഹം ഓണസമ്മാനമായി കൈയിലെത്തിയ സന്തോഷത്തിലാണ് വാസു ഇപ്പോള്‍. മനോഹരമായ ആ വീട് നിര്‍മ്മിച്ച് കൊടുത്തതാകട്ടെ നാട്ടിലെ മഹല്‍ കമ്മിറ്റിയും.

മതസൗഹാര്‍ദത്തിന്റെ മഹത്തരമായ മാതൃകയായ വീട് വാസുവിനും കുടുംബത്തിനും ഈ ഓണക്കാലത്തല്ലാതെ മറ്റ് എന്ന് സമ്മാനിക്കാനാണല്ലേ? നാട്ടിലും വിദേശത്തുമൊക്കെയുള്ള മുഴുവന്‍ മഹല്ല് കമ്മിറ്റി അംഗങ്ങളും ഈ വലിയ സ്വപ്‌നം പൂര്‍ത്തിയാക്കുന്നതില്‍ പങ്കാളികളായി. സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങനെ, ശാരീരിക അധ്വാനത്തിലൂടെ സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങനെ..10 ലക്ഷം രൂപ ചെലവില്‍ ഒന്‍പത് മാസം കൊണ്ടാണ് വീടിന്റെ പണി മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. ഈ മാസം 25ന് മഹല്ല് ഖാളി കുഞ്ഞിമോന്‍ തങ്ങളുടെ സാന്നിധ്യത്തില്‍ തിരൂര്‍ സബ്കളക്ടര്‍ സൂരജ് ഷാജി പുതിയ വീടിന്‍ താക്കോല്‍ വാസുവിന് കൈമാറി….