മേരിയും സേവ്യറും തീരുമാനിച്ചു, എട്ട് കുടുംബങ്ങൾക്ക് വീടായി.

വിശക്കുന്ന മനുഷ്യന് ഒരു നേരത്തെ ആഹാരം നല്‍കുക എന്നതോളം മഹത്തരമായ മറ്റൊരു പ്രവര്‍ത്തിയില്ല. വലിയ പണച്ചിലവ് ഇല്ലാത്ത കാര്യമാണെങ്കില്‍ പോലും സമയക്കുറവ് കൊണ്ടോ, മെനക്കേടു കൊണ്ടോ തൊട്ടടുത്ത വീട്ടിലുള്ളവര്‍ പോലും പണം ഇല്ലാതത്തത് കൊണ്ട് ഉണ്ണാതിരിക്കുന്നുണ്ടോ എന്ന നമ്മള്‍ അന്വേഷിക്കാറില്ല. തിരക്ക് അഭിനയിച്ച് ജീവിക്കുന്നതിനിടെ സഹജീവി സ്‌നേഹവും അവരോടുള്ള കരുതലും മറന്ന് പോകുന്ന നമ്മള്‍ ഒരോരുത്തര്‍ക്കും വലിയ പാഠവും മാതൃകയുമാണ് വൈക്കം വല്ലകം വടക്കേടത്ത് സേവ്യര്‍ കുര്യനും സഹോദരി മേരി ജെയിംസും. സുരക്ഷിതമായ ഒരു കൂരയ്ക്കുള്ളില്‍ കഴിയണമെന്ന വിദൂര സ്വപ്‌നം മനസില്‍ കൊണ്ട് നടന്ന എട്ട് കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയാണ് ഈ സഹോദരങ്ങള്‍ മാതൃകയായത്. ഒരു സെന്റ് ഭൂമിക്ക് വേണ്ടി സഹോദരങ്ങള്‍ തമ്മില്‍ വഴക്കടിച്ച് ജീവിക്കുന്ന ഈ കാലത്ത് ഇവരെ മാതൃകകളെന്നല്ലാതെ എന്ത് വിളിക്കാനാണ്…

അമേരിക്കയില്‍ സ്ഥിര താമസക്കാരാണ് ഈ സഹോദരങ്ങള്‍. അമ്മ മറിയക്കുട്ടിയുടെ മരണത്തിന് ശേഷം തങ്ങളുടെ കുടുംബ സ്ഥത്ത് ആയ ഈ സ്ഥലം മേരി ജെയിംസിന്റെ പേരിലേക്ക് കൈമാറിയിരുന്നു. സ്വന്തമായി ഒരു തരി മണ്ണ് ഇല്ലാത്ത കുറച്ച് കുടുംബങ്ങള്‍ക്ക് കിടപ്പാടത്തിനായി ഈ ഭൂമി വിട്ട് നല്‍കണമെന്ന് മേരി വല്ലാതെ ആഗ്രഹിച്ചിരുന്നു. സഹോദരിയുടെ ഈ ആഗ്രഹത്തോട് നോ പറയാന്‍ സഹോദരന്‍ സേവ്യര്‍ കുര്യനും തയ്യാറായില്ല. ഒടുവില്‍ സഹോദരിയുടെ ആ വലിയ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് സേവ്യര്‍. വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ എട്ട് കുടുംബങ്ങളെ കണ്ടെത്തി അവരുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു കൈമാറി കഴിഞ്ഞു. എട്ട് കുടുംബങ്ങളിലെയും സ്ത്രീകളുടെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍. 12 വര്‍ഷത്തിനുള്ളില്‍ സ്ഥലം കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ലെന്ന നിയമപരമായ വ്യവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്. രജിസ്‌ട്രോഫിസില്‍ എത്തി ഭൂമി കൈമാറുക മാത്രമല്ല, പുതിയ ഉടമകളെയെല്ലാം വീട്ടില്‍ വിളിച്ച് വരുത്തി ബിരിയാണി നല്‍കി സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു ഈ സഹോദരങ്ങള്‍.എട്ട് കുടുംബങ്ങള്‍ക്കും വീട് വെയ്്ക്കാനുള്ള സഹായം നല്‍കാമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്കുകളെ നിറഞ്ഞ സ്‌നേഹത്തോടെ സ്വാഗതം ചെയ്തിരിക്കുകയാണ് ഈ സഹോദരങ്ങള്‍