അപരിചിതര്‍ മിനിറ്റുകള്‍ക്കുള്ളില്‍ പ്രിയപ്പെട്ടവരായി, പിറന്നാള്‍ ആഘോഷം പൊടിപൊടിച്ചു

ജീവിതത്തില്‍ എല്ലാവര്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ദിവസം അവരുടെ പിറന്നാള്‍ ദിനം ആണ്. പ്രിയപ്പെട്ടവരുടെ കൂട്ടത്തിന് നടുക്ക് നിന്ന് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. പക്ഷേ അങ്ങനൊരു പിറന്നാള്‍ ദിവസം പ്രിയപ്പെട്ട ആരെങ്കിലും ഒരാള്‍ പോലും അടുത്തിലാത്ത അവസ്ഥയൊന്ന് ആലോചിച്ചു നോക്കു, അതുപോലൊരു ചീത്ത ദിവസം വെറേ ഉണ്ടാവില്ലേന്ന് പറയേണ്ടി വരും അല്ലേ? അങ്ങനെ പിറന്നാള്‍ ദിനത്തില്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നൊരാള്‍ പെട്ടെന്ന് സന്തോഷകടലിന് നടുക്കായൊരു ദൃശ്യമാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

വീഡിയോയില്‍ കാണുന്ന സ്ത്രീ ഏതാണെന്നോ അവര്‍ നില്‍ക്കുന്ന സ്ഥലം ഏതെന്നോ വ്യക്തമല്ല. പക്ഷേ അന്ന് അവരുടെ പിറന്നാള്‍ ആളെന്നും അത് ആഘോഷിക്കാന്‍ അവര്‍ക്കൊപ്പം പ്രിയപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും വീഡിയോയില്‍ വ്യക്തമാണ്. പക്ഷേ തോറ്റ് കൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഒറ്റപ്പെടലിനെ മറികടന്ന് പിറന്നാള്‍ ദിനത്തില്‍ കടയിലെത്തി കേക്ക് വാങ്ങി തന്റെ മുന്നില്‍ വെച്ചു അവള്‍. അല്‍പ്പനേരം പ്രാര്‍ത്ഥിച്ച് കേക്കിന് മുകളിലെ മെഴുകുതിരി ഊതിക്കെടുത്തി മുറിക്കാനായി തുനിഞ്ഞതും പിന്നാലെ നടന്ന സംഭവങ്ങളും ആരുടെയും കണ്ണ് നിറയിക്കുന്നതാണ്. പിറന്നാള്‍ക്കാരിക്ക് ചുറ്റിലേക്കും കടയില്‍ എത്തിയ ഒരോരുത്തരും വരിയായി വരുന്നതാണ് പിന്നെ വിഡീയോയില്‍ കാണുന്നത്. അവരോരുത്തരും വന്ന് അവളെ കെട്ടിപ്പിടിക്കുന്നതും പിറന്നാള്‍ ആശംസിക്കുന്നതും വീഡിയോയില്‍ കാണം. ചുറ്റിനും ആളുകള്‍ കൂടുന്നതും അവര്‍ ആശംസ അറിയിക്കുന്നതും കാണുമ്പോള്‍ പിറന്നാളുകാരിയുടെ കണ്ണുകളും സന്തോഷം കൊണ്ട് അറിയാതെ നിറയുന്നുണ്ട്.

ഗുഡ്‌ന്യൂസ് മൂവ്‌മെന്റ് എന്ന ട്വിറ്ററക്കൗണ്ടില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഈ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങല്‍ ഏറ്റെടുക്കുകയായിരുന്നു. ഒറ്റയ്ക്കായി പോകുന്നവരെ ഒപ്പം നിര്‍ത്താന്‍ ആ വീഡിയോയില്‍ കാണുന്ന ഒരോരുത്തരും എടുക്കുന്ന തീരുമാനത്തെ നിറഞ്ഞ കൈയടിയോടെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.