സത്യസന്ധരാവുകയെന്നാല്‍ ഈ സഹോദരങ്ങളെ പോലെയാവുകയാണ്, വൈറലായി വീഡിയോ…..

മറ്റൊരാളുടെ ഏത് സാധാനവും എടുക്കുമ്പോള്‍ അത് അവരുടെ അനുവാദത്തോട് കൂടിയാകണം, സത്യസന്ധതയോളം മനുഷ്യന്‍ പഠിച്ചിരിക്കേണ്ട മറ്റൊരു പാഠം ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെയാണ് ചെറുപ്പം തൊട്ടേ സത്യസന്ധതയെ കുറിച്ച് മക്കളെ പറഞ്ഞ് പഠിപ്പിക്കാന്‍ ഒരുപാട് സമയം മാതാപിതാക്കള്‍ മാറ്റിവെയ്ക്കുന്നത്. പറഞ്ഞു പഠഇപ്പിച്ചാലും ചെറുപ്പത്തില്‍ സത്യസന്ധതയൊന്നും പാലിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയാറില്ല, പക്വതയില്ലാത്ത പ്രായം ആയതു കൊണ്ട് തന്നെ നമ്മള്‍ അത് വലിയ വിഷയം ആക്കാറുമില്ല. പക്ഷേ ചെറുപ്പം മുതലെ സത്യസന്ധരായി ജീവിക്കുക എന്നത് ചെറിയ കാര്യമല്ല. അത്തരത്തില്‍ സത്യസന്ധരായ രണ്ട് കൂട്ടികളുടെ ഒരു പ്രവര്‍ത്തിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സഹോദരന്മാരെന്ന് തോന്നിക്കുന്ന രണ്ട് കുട്ടികള്‍, അവര്‍ ഒരു കടയിലേക്ക് കയറി ചെല്ലുകയാണ്. കടയുടമയോ മറ്റ് ജോലിക്കാരോ ആ സമയത്ത് കടയില്‍ ഉണ്ടായിരുന്നില്ല. കടക്കാരില്ലെന്ന് വിചാരിച്ച് തങ്ങള്‍ വാങ്ങിക്കാന്‍ വന്ന സാധനം വാങ്ങാതെ പോകാനൊന്നും മിടുക്കന്മാരായ ആ സഹോദരങ്ങള്‍ തയ്യാറല്ലായിരുന്നു. പരിഭ്രമം ഒന്നുമില്ലാതെ കടയില്‍ കയറിയ അവര്‍ ആദ്യം കൈയിലുള്ള പണം കടയിലെ മേശപ്പുറത്ത് വെച്ചു. പിന്നാലെ ഷോപ്പിങ്ങിനായി സാധനങ്ങള്‍ വെച്ചിരിക്കുന്ന മുറിക്കകത്തേക്ക് കയറി. തങ്ങള്‍ക്ക് വേണ്ട രണ്ട് കവര്‍ ചായയുമായാണ് അവര്‍ മടങ്ങിവന്നത്. ചായകവറില്‍ നോക്കി വില മനസിലാക്കി ആദ്യം അവിടെ വെച്ച പണത്തില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടേണ്ട ബാക്കി തുക പണപ്പെട്ടി തുറന്ന് എടുത്തു. അവിടെ വെച്ച പണവും, ബാക്കിയായി എടുത്ത തുകയും ചായ കവറില്‍ വില എഴുതികാണിച്ച ഭാഗവുമൊക്കെ സിസിടിവിക്ക് മുന്നില്‍ ഉയര്‍ത്തി കാണിച്ചും കാര്യങ്ങള്ഡ വ്യക്തമായി പറഞ്ഞും ആണ് അവര്‍ മടങ്ങിയത്. വെറുതെ മടങ്ങുകയായിരുന്നില്ല. ഉടമ ഇല്ലാതെ അനാഥമായി കിടന്ന കടയുടെ ഷട്ടര്‍ താഴ്ത്തി അടച്ചിടാനും സഹോദരങ്ങള്‍ മറന്നില്ല, എല്ലാവരും തങ്ങളെ പോലെ സത്യസന്ധരായിരിക്കില്ലല്ലോ എന്ന് അവര്‍ കരുതി കാണണം. എന്തായാലും ഈ കൊച്ചു കുട്ടികളുടെ സത്യസന്ധത ലോകം ഏറ്റെടുത്ത് കഴിഞ്ഞു. പ്രായത്തില്‍ കവിഞ്ഞ പക്വത തങ്ങളുടെ പ്രവര്‍ത്തിയില്‍ കാണിച്ച ഈ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല.