ഒരു തുമ്പിക്കൈ സഹായം, കേടായ വാഹനം ഉന്തി നീക്കി കാട്ടാന.

കാട് മൃഗങ്ങളുടെ വാസസ്ഥലമാണ്, നാട്ടിലേക്ക് കാട്ടുമൃഗങ്ങള്‍ എത്തുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ദേഷ്യവും ഭയവുമൊക്കെ തിരിച്ച് നമ്മള്‍ അങ്ങോട് നമ്മള്‍ ചെല്ലുമ്പോള്‍ അവര്‍ക്കും ഉണ്ടാകാറുണ്ട്. അത് നന്നായി അറിയാവുന്നതു കൊണ്ട് തന്നെ നമ്മളാരും ഒരു കാട്ടാനയുടെ മുന്നിലേക്ക് പോകാറില്ല, പോകാറില്ലെന്ന് മാത്രമല്ല, മുന്നിലെങ്ങാനും പെട്ടാല്‍ ഓടി രക്ഷപ്പെടുകയും ചെയ്യും. അങ്ങനെ കാട്ടാനക്ക് മുന്നിലെത്തുന്ന മനുഷ്യരുടെയും അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും ഒക്കെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ കാട്ടാനയ്ക്ക് മുന്നില്‍ ചെന്നുപ്പെട്ട മനുഷ്യരുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്. ഇവിടെ മനുഷ്യനെ പേടിപ്പിച്ച് ഓടിക്കുന്ന കാട്ടാനയുടെതല്ല, പകരം അവന്റെ വാഹനം സ്റ്റാര്‍ട്ട് ആക്കാന്‍ സഹായിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയിലെ ഹബരാന വനമേഖലയോടു ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം. യാത്രക്കിടെ റോഡില്‍ നിലച്ചു പോയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ തന്റെ തുമ്പിക്കൈ കൊണ്ടൊരു സഹായം ചെയ്യുകയാണ് ഈ കാട്ടാന. ബാറ്ററി തീര്‍ത്ത് എഞ്ചിന്‍ നിന്ന് പോയതോടെയാണ് ഈ വാഹനവും ഡ്രൈവറും നടുറോഡില്‍ ആയി പോയത്. ഏറെ നേരം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. റോഡരികില്‍ ഇതെല്ലാം നോക്കി നിന്ന് കണ്ട കാട്ടാന വാഹനത്തിന് പിന്നിലായി വന്ന് നിന്നു. നിന്ന നില്‍പ്പില്‍ നിന്ന് രണ്ടടി പിന്നോട്ട് മാറി തുമ്പികൈ ഉയര്‍ത്തി വാഹനത്തില്‍ വെച്ച് അങ്ങ് തള്ളാന്‍ ആരംഭിച്ചു. ആദ്യമൊക്കെ ശ്രമം പരാജയപ്പെട്ടെങ്കിലും ശക്തി കൂട്ടി ആഞ്ഞ് തള്ളിയപ്പോള്‍ വണ്ടി സ്റ്റാര്‍ട്ടായി, പിന്നാലെ നന്ദി വാക്കിന് കാത്തു നില്‍ക്കാതെ ആന കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. നിന്ന് പോയ വണ്ടിക്ക് പിന്നിലുണ്ടായിരുന്ന വണ്ടിക്കാരാണ് ഈ അപൂര്‍വ സഹായത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും…