സെറിബ്രൽ പാൾസിക്ക്‌ തകർക്കാനായില്ല; ഫുൾ എ പ്ലസ് വാങ്ങി ജോയൽ

തൃശൂര്‍ ഒല്ലൂരിലെ വൈലോപ്പിള്ളി എസ്.എം ഗവണ്‍മെന്റ് സ്‌കൂളിന്റെ ചരിത്രം പരിശോധിച്ചാല്‍ സമീപകാലത്ത് ഇവിടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് എന്ന നേട്ടം കൈവരിച്ച ഏക വിദ്യാര്‍ത്ഥിയാണ് ജോയല്‍ ജോഷി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഇപ്പോഴത്തെ കാലത്ത് വലിയ സംഭവമാണോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അല്ല. പക്ഷേ മിന്നുന്ന ഈ ജയം സ്വന്തമാക്കിയ ജോയലിന് സംബന്ധിച്ചിടുത്തോളാം കടന്നു പോയത് ഒരു അഗ്നിപരീക്ഷ തന്നെയായായിരുന്നു. ജന്മന സെറിബ്രല്‍ പാള്‍സി രോഗബാധിതനായ ജോയല്‍ തന്റെ ശാരിരിക അവശതകളോടെല്ലാം കഠിനമായ യുദ്ധം ചെയ്താണ് ഈ വിജയം കൈവരിച്ചത്.

കൈയും കാലും സ്വതന്ത്രമായി ചലിപ്പിക്കാന്‍ നമ്മളെപ്പോലെ സാധിക്കില്ല ജോയലിന്, എങ്കിലും ഇക്കാലം വരെ എസ്.എസ്.എല്‍.സി ഫൈനല്‍ എക്‌സാം ഒഴിച്ച് എല്ലാ പരീക്ഷകളും ജോയല്‍ തനിയെ ആണ് എഴുതിയത്. സ്‌കൂളിന് പുറത്തുള്ള അധ്യാപകര്‍ മൂല്യനിര്‍ണയും നടത്തുന്നതിനാല്‍ അവര്‍ക്കൊരു ബുദ്ധിമുട്ടാകരുതെന്ന് കരുതിയിട്ടാണ് വാര്‍ഷിക പരീക്ഷ എഴുതാന്‍ സഹായിയായി ഒരു വിദ്യാര്‍ത്ഥിയെ ഒപ്പം കൂട്ടിയത്. വിധി അവിടെയും ചില പരീക്ഷണങ്ങള്‍ ജോയലിന് മുന്നില്‍ വെച്ചു. ജോയല്‍ പറയുന്നത് അതേ വേഗത അനുസരിച്ച് എഴുതാന്‍ പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥിക്ക് പരീക്ഷ സമയത്ത് പനി വന്നു. പെട്ടെന്ന് ഏര്‍പ്പാടാക്കിയ മറ്റൊരു വിദ്യാര്‍ത്ഥിയാണ് പകരം പരീക്ഷ എഴുതിയത്. പക്ഷേ ആ ആശങ്കകളെല്ലാം കാറ്റില്‍ പറത്തുന്ന റിസള്‍ട്ടാണ് ജോയലിന് അവസാനം ലഭിച്ചത്.

ആദ്യ കാലങ്ങളില്‍ സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കാനൊക്കെ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടതായി ജോയലിന്റെ അമ്മ പറയുന്നു. മറ്റൊരാളുടെ സഹായമില്ലാതെ നടക്കാനോ ആഹാരം കഴിക്കാനോ ജോയലിന് സാധിക്കില്ലായിരുന്നു. ചിയാരം സെന്റ് മേരിസ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവനെ സഹായിച്ചത് സ്വന്തം അമ്മൂമ്മയാണ്. എല്ലാ ദിവസവും ജോയലിനൊപ്പം അമ്മൂമയും സ്‌കൂളില്‍ പോകും. മാതാപിതാക്കളും മറ്റ് കുടുംബഗങ്ങളും സ്‌കൂളിലെ അധ്യാപകരും സുഹൃത്തുക്കളുമൊക്കെ തന്റെ വിജയത്തില്‍ പങ്കാളികളാണെന്ന് ജോയല്‍ പറയുന്നതും ഇക്കാരണങ്ങള്‍ കൊണ്ടാണ്. നന്നായി പഠിച്ച് സിവില്‍ സര്‍വീസ് നേടി നാടിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ജോയലിന്റെ ഇനിയുള്ള ഏറ്റവും വലിയ ആഗ്രഹം.