തൂപ്പുകാരിയിൽ നിന്ന് കളക്ടറിലേക്ക്

ജോധ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ തൂപ്പുകാരിയായിരുന്നു ആശ കാന്ധര എന്ന യുവതി കുറച്ച് നാള്‍ മുന്‍പ് വരെ, ഇപ്പോള്‍ ആശയാരെന്ന് നാട്ടില്‍ ആരോടെങ്കിലും ചോദിച്ചാല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നായിരിക്കും ഉത്തരം. വിവാഹ മോചിതയാണ് ആശ, രണ്ട് മക്കളുടെ അമ്മയും. തന്റെ മക്കളെ മികച്ച രീതിയില്‍ വളര്‍ത്തണം, അവര്‍ക്ക് നല്ല വിദ്യാഭ്യാസം നേടി കൊടുക്കണം.. ഈ രണ്ടു ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയുടെ ജോലി ആശ ഏറ്റെടുത്തത്. ആ തൂപ്പുകാരി ഡെപ്യൂട്ടി കളക്ടറായി മാറുന്ന കാഴ്ച സിനിമ കഥകളെ പോലും വെല്ലുന്നതാണ്.

രണ്ട് വര്‍ഷം മുന്‍പാണ് രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ ആശ എഴുതുന്നത്. കൊവിഡ് മൂലം പരീക്ഷ ഫലം വരാന്‍ വൈകി. മക്കള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ തൂപ്പുകാരിയുടെ ജോലി ഏറ്റെടുക്കുകയായിരുന്നു. എട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതാണ് ആശ. പിന്നാലെ കുടുംബത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുക്കേണ്ടി വന്നു.
മക്കളെ വളര്‍ത്തി വലുതാക്കുന്നതിനിടയില്‍ നീക്കി വെച്ച ചെറിയ സമയം കൊണ്ടാണ് ആശ ബിരുദം സ്വന്തമാക്കിയത്. 728ആമത് റാങ്കായിരുന്നു രാജസ്ഥന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് പരീക്ഷയില്‍ ആശയ്ക്ക ലഭിച്ചത്. സമൂഹത്തില്‍ താന്‍ നേരിട്ട വിവേചനമാണ് കളക്ടറാകാന്‍ പ്രചോദനമായതെന്ന് പറയുന്നു ആശ. തന്നെപ്പോല ജീവിതത്തില്‍ കഷ്ടപ്പാടും ദുരിതവും വിവേചനവും അനുഭവിച്ചവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആശയുടെ ലക്ഷ്യം. ജീവിതത്തോട് പോരാടന്‍ ഉറച്ച് ആ ശ്രമത്തില്‍ വിജയിച്ചവള്‍ക്ക് ഇതൊക്കെ എത്ര എളുപ്പമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.