വിവാഹ വേദിയായി ആശുപത്രി മുറി; പേരക്കുട്ടിയുടെ സര്‍പ്രൈസില്‍ ഈ മുത്തശ്ശി ഹാപ്പി

ആശുപത്രികിടക്കയ്ക്ക് അരികിലെ കല്യാണം, ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അല്‍പ്പം അമ്പരപ്പ് തോന്നിയേക്കാം. പക്ഷേ ഈ സംഭവ കഥ കേട്ടാല്‍ ആ അമ്പരപ്പ് സന്തോഷത്തിന് വഴിമാറും. അര്‍ബുദത്തോട് പൊരുതി മരണത്തിന്റെ വരവിനായി കാത്തിരിക്കുന്ന മുത്തശിക്ക് ഒരു കൊച്ചുമകള്‍ക്ക് നല്‍കാവുന്നതില്‍ ഏറ്റവും മികച്ച സമ്മാനം അവള്‍ നല്‍കുന്ന കാഴ്ചയാണ് ഈ വീഡിയോയില്‍ ഉള്ളത്. സ്‌നേഹബന്ധങ്ങളുടെ ആഴം ഇതില്‍പരം മനോഹരമായി ഒരു വീഡിയോയിലൂടെ കാണിക്കാനാകുമോ എന്ന് സംശയമാണ്, ആരവങ്ങളും ആള്‍ക്കൂടവുമില്ലാതെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ദിവസം അവള്‍ ഈ ആശുപത്രികിടക്കിയ്ക്ക് അരികിലാക്കിയതിന് കാരണം സ്‌നേഹം അല്ലാതെ മറ്റെന്താണ്.

കഥയിങ്ങനെയാണ്, ശ്വാസകോശ അര്‍ബുദത്തോട് പോരാടുകയാണ് സീന്‍ എന്ന യുവതിയുടെ മുത്തശി അവിസ് റസല്‍. രോഗത്തോട് പൊരുതാന്‍ ഉറച്ചെങ്കിലും പെട്ടെന്ന് ആ മുത്തശിയുടെ ആരോഗ്യം വഷളായി. തന്റെ സ്‌കൂള്‍കാല സുഹൃത്തിനെ വിവാഹം കഴിക്കാന്‍ സീന്‍ തീരുമാനമെടുത്തിട്ടും അധികം നാളുകളായിട്ടുണ്ടായിരുന്നില്ല. മുത്തശിയുടെ ആരോഗ്യ നില ദിനം പ്രതി വഷളാകുന്നെന്ന് മനസിലാക്കിയതോടെ വിടപറയും മുന്‍പേ അവര്‍ക്ക് മനോഹരമായൊരു സര്‍പ്രൈസ് ഒരുക്കണമെന്ന് സീന്‍ തീരുമാനിച്ചു. തന്നെ വിവാഹ വേഷത്തില്‍ വധുവായി കാണുന്നതില്‍പരം മറ്റെന്തു സര്‍പ്രൈസാണ് മുത്തശിക്ക് കൊടുക്കാനുള്ളതെന്ന് മറ്റാരെക്കാളും നന്നായി സീനിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ആശുപത്രി മുറിയില്‍ മുത്തശ്ശിക്കരികില്‍ അവരുടെ ആശിര്‍വാദത്തോടെ വിവാഹിതയാകാന്‍ സീന്‍ തീരുമാനിച്ചത്. ആ തീരുമാനം നടപ്പിലാക്കിയതിന്റെ, പ്രിയപ്പെട്ട റസല്‍ മുത്തശിക്ക് പേരക്കുട്ടി ഒരുക്കിയ സര്‍പ്രൈസിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ.

അവിസ് ഈ ഭൂമിയിലെ തന്റെ അവസാന നിമിഷങ്ങള്‍ മനോഹരമാക്കിയതിങ്ങനെ എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്. മെത്തഡിസ്റ്റ് ഹെല്‍ത് കെയര്‍ സിസ്റ്റം എന്ന സോഷ്യല്‍ മീഡിയ പേജില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ലക്ഷകണക്കിനാളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. സ്‌നേഹബന്ധത്തിന്റെ പകരം വെയ്ക്കാനില്ലാത്ത മാതൃകയെന്നാണ് പലരും ഈ വീഡിയോയെ വിശേഷിപ്പിക്കുന്നത്..

https://www.facebook.com/watch/?v=847563446158311