രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ രക്ഷകരാണ്… അവരുടെ ജീവന് കാവലിരിക്കുന്ന, സംരക്ഷണം നല്കുന്ന രക്ഷകര്‍. രോഗം കൃത്യ സമയത്ത് കണ്ടെത്തിയും, മരുന്ന് നല്കി രോഗം ഭേദപ്പെടുത്തിയും മരണമുനമ്പില്‍ നിന്ന് തിരികെ കൊണ്ടു വന്നും അവര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ രാമപുരത്തെ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിന്റെ ചുമതല ഉള്ള ഡോ. യശോധരന് അല്‍പ്പം വിത്യസ്തനാണ്. രോഗനിര്‍ണയവും ചികിത്സയും മാത്രമല്ല, രോഗികള്‍ക്ക് വേണ്ട മറ്റ് ചില അടിസ്ഥാന സൗകര്യങ്ങള്‍ കൂടി നിറവേറ്റി നല്‍കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന വിശ്വാസിയാണ് യശോധരന്, പ്രത്യേകിച്ച് കൊവിഡ്് സമ്മാനിച്ച ഈ കെട്ടകാലത്ത്…
രാമപുരം സ്വദേശിയായ യശോദരന് ഡോക്ടര്‍ രോഗികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കണ്ട് നില്‍ക്കാനാകാതെ സ്വന്തം വാഹനം ആശുപത്രി ആംബുലന്‍സ് സേവനത്തിനായി വിട്ടുനല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും കാറില്‍ തയ്യാറിക്കിയാണ് നല്‍കിയത്. കൊവിഡ് രോഗികളെ കൊണ്ടു പോകാന്‍ ടാക്സി ഡ്രൈവര്‍മാര്‍ മടികാണിക്കുന്ന കാഴ്ചയാണ് യശോദരന് ഡോക്ടറെ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. രാമപുരം സി.എഫ്.എല്‍.ടി.സി എന്ന പേരൊക്കെ ഒട്ടിച്ച് .യശോധരന്റെ സ്വന്തം വാഹനം പിന്നെ ഒരു നാടിന്റെയാകെ വാഹനമായി മാറുകയായിരുന്നു…
വണ്ടി പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും ഓക്സിജന്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന രോഗികളെ കാണേണ്ടി വന്ന അവസ്ഥ ഒരു ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം ഒരിക്കലും കാണാന്‍ ആഗ്രഹിച്ചിരുന്നതല്ല. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് വാങ്ങി നല്കി ഈ ഡോക്ടര്‍ വീണ്ടും മാതൃകായായി. 80,000 രൂപ വില വരുന്ന മെഷ്യന് ആണിത്. ആശുപത്രിയിലെ ഓക്്സിജന്‍ തീര്‍ന്നാലും മെഷ്യനില്‍ നിന്ന് ഓക്സിജന്‍ ലഭിക്കുന്നതിനാല്‍ ഈ ആശുപത്രിയിലെ ആര്‍ക്കും ജീവശ്വാസത്തിനായി അപേക്ഷിക്കേണ്ടി വരില്ല.