മഴയത്ത് ചോരാതിരിക്കാന്‍ പ്ലാസ്റ്റിക്ക് പടുത ചോദിച്ചു; ഉറപ്പുള്ള വീട് നല്‍കി കുഞ്ഞേട്ടന്‍

ഒരു പൂ ചോദിച്ചപ്പോള്‍ പൂക്കാലം കൊടുത്തെന്നൊക്കെ പണ്ടത്തെ കഥകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. കഥകളില്‍ അല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ, എപ്പോഴുമില്ലെങ്കിലും ഇടക്കൊക്കെ നന്മ നിറഞ്ഞ ഏതെങ്കിലും മനുഷ്യര്‍ അങ്ങനെ ചില വലിയ മനുഷ്യരുണ്ടാകാം, ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മുന്നില്‍ നില്‍ക്കുന്നവര്‍ ആഗ്രഹിക്കുന്നതിലും ഏറെ നല്‍കുന്നവര്‍. അങ്ങനൊരു വലിയ മനുഷ്യന്‍ ആണ് ഇമ്മാനുവേല്‍ എന്ന കുഞ്ഞേട്ടന്‍. ചോര്‍ന്നൊലിക്കുന്ന വീടിന് മുകളില്‍ വിരക്കാന്‍ ഒരു പ്ലാസ്റ്റിക് പടുത ചോദിച്ചാണ് കുറിച്ചിത്താനും കുമ്പിക്കിയില്‍ ബാബു കുഞ്ഞേട്ടന്റെ അടുത്തെത്തിയത്. പ്ലാസ്റ്റിക് പടുതക്ക് പകരം കുഞ്ഞേട്ടന്‍ ബാബുവിന് നിര്‍മ്മിച്ച് നല്‍കിയത് അടച്ചുറപ്പുള്ള ചോര്‍ന്നൊലിക്കാത്ത ഒരു വീടാണ്.

ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ബാബു ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കുറച്ചായി ജോലിക്ക് പോയിട്ട്. ചോര്‍ന്നൊലിക്കുന്ന വീട് മറക്കാന്‍ പടുത ചോദിച്ച് ഇമ്മാനുവലിന് അടുത്തെത്തി. പടുതക്ക് അളവ് ചോദിച്ചപ്പോള്‍ നല്‍കിയത് അളവെടുത്ത തോട്ടപ്പയറിന്റെ വള്ളിയായിരുന്നു. പന്തികേട് തോന്നിയ ഇമ്മാനുവല്‍ ബാബുവിനൊപ്പം വീട്ടിലേക്ക് പോയി. ദുരിതാവസ്ഥ നേരിട്ട് കണ്ടതോടെ തകര്‍ന്ന് വീഴാറായ ആ കൂരയ്ക്ക് പകരം പുതിയൊരു വീട് ബാബുവിന് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചു.

പഴയ വീടിന്റെ അടിത്തറ ഒഴികെ ബാക്കിയെല്ലാം പൊളിച്ച് മാറ്റി. 760 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആണ് പുതിയ വീട് നിര്‍മിച്ച് നല്‍കിയത്. 2 കിടപ്പുമുറിയും ഹാളും അടുക്കളയും. വീട്ടിലേക്ക് വേണ്ട ഫര്‍ണിച്ചറുകള്‍ വാങ്ങി നല്‍കാനും ഇമ്മാനുവല്‍ മറന്നില്ല. 5 ലക്ഷം രൂപയോളം വീടിനായി ചെലവാക്കിയാണ് ഇമ്മാനുവല്‍ ബാബുവിന് പുതിയ വീട് പണിത് കൊടുത്തത്. ഇനിയൊരു മഴയത്ത് പ്ലാസ്റ്റിക് പടുതയുടെ ആവശ്യം ബാബുവിന് ഉണ്ടാകില്ലെന്ന സന്തോഷത്തിലാണ് ഇമ്മാനുവല്‍ ഇപ്പോള്‍.