ഇരുട്ടും കോവിഡും തടസമായില്ല, ജീവിതം തിരികെ പിടിച്ച്‌ ഗീത

കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയില്‍ കോടിശ്വരന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ അടിതെറ്റി വീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. തോറ്റു മടങ്ങുന്നവര്‍ക്കിടയില്‍ പരിമിതിക്കിടയിലും പൊരുതാനുറച്ച ഗീത എന്ന വീട്ടമ്മ നേടിയ വിജയം ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും മാതൃകയാണ്. കണ്ണിന് കാഴ്ചയില്ല ഗീതയ്ക്ക്, കൊവിഡ് തുടങ്ങും വരെ വീട്ടിലെ ജോലിയൊക്കെയായി ഒതുങ്ങി കൂടി ജീവിക്കുകയായിരുന്നു അവള്‍. കുടുംബത്തിലെ ഏക വരുമാനമാര്‍ഗം ഭര്‍ത്താവ് സലേഷിന്റെ ശമ്പളമായിരുന്നു. മരുന്ന് മേഖലയില്‍ ജോലി ചെയ്തിരുന്ന സജേഷിന്റെ ജോലി കൊവിഡോടെ നഷ്ടപ്പെട്ടു. ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ടതോടെയാണ് പുതിയൊരു വരുമാന മാര്‍ഗം കണ്ടെത്തുന്നതിനെ കുറിച്ച ഗീത ചിന്തിച്ചത്, അത് ഒരു തുടക്കമായിരുന്നു…

തൈരും നെയ്യും വീട്ടിലുണ്ടാക്കി കൊടുത്തായിരുന്നു തുടക്കം. അടുത്ത വീട്ടിലെ പശുഫാമില്‍ നിന്ന് പാല് വാങ്ങി ചെറിയ ചെറിയ രീതിയില്‍ ചെയ്ത് തുടങ്ങി. പശൂമ്പ എന്നായിരുന്നു സംരഭത്തിന് നല്‍കിയ പേര്. സംഭവം ഹിറ്റായതോടെ പ്രതിദിനം 24 ലിറ്റര്‍ പാല്‍ വരെ വാങ്ങി നെയ്യുണ്ടാക്കാന്‍ തുടങ്ങി. മണ്‍കലത്തില്‍ കൈകൊണ്ട് കടഞ്ഞാണ് ഗീത വെണ്ണയെടുക്കുന്നത്. പിന്നെ ഉരുക്കി ചില്ലുകുപ്പിയിലാക്കി ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തും. പാല് വാങ്ങുന്നത് മുതല്‍ ഈ ഓണ്‍ലൈന്‍ വില്‍പ്പന വരെ ഗീത ഒറ്റെക്കാണ് ചെയ്യുന്നത്. ഹോം ടു ഹോം എന്നാണ് ഗീതയുടെ ഇപ്പോഴത്തെ ബ്രാന്‍ഡ് നെയിം.

നെയ്യ് മാത്രമല്ല കേട്ടോ, ഗീതയുടെ അച്ചാറ് വില്‍പ്പനയും കൊവിഡ് കാലത്ത് ഹിറ്റായി. കാടമുട്ട അച്ചാറും അമ്പഴങ്ങ അച്ചാറുമൊക്കെയാണ് ഗീതയുടെ വെറൈറ്റി അച്ചാറുകള്‍, മറ്റ് അച്ചാറുകള്‍ക്ക് പുറമെയാണ് ഈ വെറൈറ്റി പരീക്ഷണങ്ങള്‍. മുട്ടയ്ക്കായി വെറെ എങ്ങും പോകേണ്ടെന്ന് കരുതിയ ഗീത നൂറ് കാടകളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. 50 നാടന്‍ കോഴികളും ഉണ്ട്. ഇവയുടെ പരിചരണവും മറ്റാരെയും ഏല്‍പ്പിക്കാതെ ഗീത തന്നെയാണ് ചെയ്യുന്നത്. ഒറ്റപ്പാലം സ്വദേശിയായ ഗീതയ്ക്ക് എട്ടാം ക്ലാസിലാണ് അസുഖം വന്ന് കാഴ്ച നഷ്ടമാകുന്നത്. പിന്നെ പഠനം എറണാകുളത്തെ ബ്ലൈന്‍ഡ് സ്‌കൂളിലേക്ക് മാറ്റി. പഠനം പൂര്‍ത്തിയാക്കി വിവാഹവും മക്കളുമൊക്കെയായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് കൊവിഡെത്തിയതും, ഗീത സംരഭകയായി മാറിയതും. ചെറിയ പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചു പോകുന്ന ഒരോരുത്തര്‍ക്കും പരിമിതികള്‍ക്കുള്ളില്‍ നിന്നും പോരാടി വിജയിക്കുന്ന ഗീത ഒരു വലിയ പാഠപുസ്തകമാണ്.