മരിച്ചുപോയ പപ്പയെ ഫോട്ടോയില്‍ ചേര്‍ത്ത് തരണം; കൂട്ടുകാരിയുടെ ആഗ്രഹം വൈറലായി മാറി

മരിച്ച ആളുകളെ വീണ്ടുമൊന്ന് കാണുക അസാധ്യമാണ്. അവരുടെ സാന്നിധ്യം പിന്നെ നമുക്ക് നിലനിര്‍ത്താന്‍ കഴിയുക ഫോട്ടോകളിലൂടെയാണ്. കാലം കടന്നു പോകും തോറും ജീവിച്ചിരിക്കുന്നവര്‍ മാറി കൊണ്ടിരിക്കും, അവരുടെ സാഹചര്യങ്ങളും. പക്ഷേ നഷ്ടപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് ആ ഫോട്ടോയില്‍ നിന്നൊരു മാറ്റമുണ്ടാകില്ല. പിന്നീടങ്ങോട്ടുള്ള നമ്മുടെ ജീവിതത്തിലെ വഴിത്തിരുവുകളിലും ആഘോഷങ്ങളിലും നമ്മള്‍ പകര്‍ത്തുന്ന ചിത്രങ്ങളില്‍ അവരില്ലല്ലോ എന്നത് നമുടെ നഷ്ടഭാരത്തെ ഇരട്ടിയാക്കും. ഈ സാഹചര്യം മറ്റൊരെക്കാളും നന്നായി മനസിലാക്കിയത് കൊണ്ടാകണം അജീല തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഇങ്ങനൊരു സര്‍പ്രൈസ് നല്‍കിയത്.

അജില തന്റെ കൂട്ടുകാരി നിധിലയുടെ ഫോണ്‍കോള്‍ എടുക്കുമ്പോള്‍ കുറച്ച് തിരക്കിലായിരുന്നു. ചെയ്ത് തീര്‍ക്കാന്‍ ഏറെ ജോലികളും. പക്ഷേ കൂട്ടുകാരിയുടെ ആവശ്യം കേട്ടപ്പോള്‍ അതുവരെയുള്ള തിരക്കൊക്കെ അജില മറന്നു. അഞ്ച് വര്‍ഷം മുന്‍പാണ് നിധിലയുടെ പപ്പ മരിക്കുന്നത്. തലശേരി കോണ്‍വെന്റ് ഹോസ്റ്റലില്‍ കൂട്ടുകാരൊടൊത്ത് അടിച്ചു പൊളിച്ചിരിക്കുമ്പോള്‍ തേടിയെത്തിയ ആ സന്ദേശം നിധിലയെയും രണ്ട് സഹോദരിമാരെയും അമ്മയെയും ഏറെ തളര്‍ത്തി. തങ്ങളുടെ താങ്ങും തണലുമായിരുന്ന പപ്പ ഇനി ഇല്ലെന്ന വാര്‍ത്തയെ ഉള്‍ക്കൊള്ളാന്‍ പെട്ടെന്നൊന്നും അവര്‍ക്കായില്ല. പക്ഷേ കാലം കടന്നു പോയി പഠിപ്പൊക്കെ പൂര്‍ത്തിയാക്കി ജോലി നേടി, മൂന്നു മക്കളുടെയും കല്യാണവും കഴിഞ്ഞു.

കുടുംബഫോട്ടോ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന് ചേര്‍ന്ന് വലുതായെങ്കിലും അതിന് നടുവില്‍ നില്‍ക്കാന്‍ പപ്പയില്ലല്ലോ എന്ന സത്യം നിധിലയെ ഏറെ വേദനിപ്പിച്ചു. അങ്ങനെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പപ്പയെ ആ തങ്ങളുടെ ഫാമിലി ഫോട്ടോയില്‍ ചേര്‍ത്ത് വെക്കാന്‍ നിധില ആഗ്രഹിച്ചത്. കൂട്ടുകാരി അജിലയോട് ആവശ്യം പറഞ്ഞപ്പോള്‍ അവള്‍ക്ക് നൂറ് സമ്മതം. നിധിലക്കും സഹോദരിമാര്‍ക്കും അമ്മയ്ക്കും മരിച്ച് പോയ പപ്പയോടുള്ള സ്‌നേഹം മറ്റൊരെക്കാളും നന്നായി അറിയാവുന്ന അജില മറ്റെല്ലാ ജോലിയും മാറ്റി വെച്ച് ഒരുപാട് സമയം എടുത്ത് ആ ആഗ്രഹം സാധിച്ചു കൊടുത്തു. കുടുംബ ഫോട്ടോയില്‍ ഭാര്യക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പം ആ വീടിന്റെ കുടുംബനാഥനായി പപ്പ നില്‍ക്കുന്ന ചിത്രം അജില തയ്യാറാക്കി. ഒത്തിരി സ്‌നേഹത്തോടെ ചെയ്ത ആ വര്‍ക്ക് അണ്‍ബോക്‌സ് ചെയ്തതാകട്ടെ നിധിലയുടെ മമ്മിയും. ആ സന്തോഷവും എക്‌സൈറ്റ്‌മെന്റും മറച്ച് വെയ്ക്കാതെ അജില സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഒരുപാട് പേരുടെ കണ്ണ് നനയിപ്പിച്ചു. ലോകത്ത് പ്രിയപ്പെട്ടവരായി ആരെങ്കിലും ഉണ്ടെങ്കില്‍ നമ്മള്‍ മരിച്ചാലും ഇവിടെ നിന്ന് പോകേണ്ടി വരില്ലെന്നു, അവര്‍ നമ്മളെ വിടാന്‍ അനുവദിക്കില്ലെന്ന് പറയാതെ പറയുകയാണ് ഈ ഫോട്ടോ….