സ്‌ത്രീധനം വാങ്ങിയാൽ പണിപോകും, മാതൃകയായി ഏരീസ് ഗ്രൂപ്പ് മേധാവി സോഹൻ റോയ്

സ്ത്രീധനം ഈ നാടിനെ കാർന്ന് തിന്നുന്ന കാൻസറാണെന്ന് കാലങ്ങളായി നമ്മള്‍ പറയാറുണ്ട് . എന്നാൽ ഈ കാൻസറിനെ ഉന്മുലനം ചെയ്യാന്‍ ഏതെങ്കിലും രീതിയില്‍ മുന്‍കൈ എടുക്കാന്‍ നമ്മളില്‍ ഭൂരിഭാഗം പേരും തയ്യാറായിട്ടില്ലെന്നതാണ് സത്യം. ഒരു വ്യക്തിയോ കുടുംബമോ മാത്രമല്ല സമൂഹം ഒന്നിച്ചു നിന്ന് തീരുമാനമെടുത്താല്‍ മാത്രമെ നമ്മുടെ പെൺമക്കളെ കുരുതി കൊടുക്കുന്ന സ്ത്രീധനമെന്ന കാൻസറിനെ ഇല്ലാതാക്കാന്‍ കഴിയൂ. അത്തരത്തില്‍ ധീരമായൊരു തീരുമാനമെടുത്ത് നമ്മുടെ നാടിന് മാതൃക ആവുകയാണ് ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിനിമ സംവിധായകനുമായ സോഹന്‍ റോയ്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ തന്റെ സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞ് പോകേണ്ടി വരുമെന്ന് മാത്രമല്ല, ഇനി മുതല്‍ അവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കുന്നു സോഹന്‍ റോയ്. നേരത്തെ തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ ഭാര്യമാര്‍ക്ക് നിശ്ചിത തുക ശമ്പളമായി നൽകി മാതൃക കാട്ടിയിരുന്നു സോഹന്‍ റോയ്.

കഴിഞ്ഞ അന്താരാഷ്ട്ര വനിത ദിനത്തില്‍ പ്രഖ്യാപിച്ച ആൻറി ഡൗറി പോളിസിയുടെ ഭാഗമായ നയരേഖ, ഔപചാരികമായ തൊഴില്‍ കരാറിന്റെ ഭാഗമാക്കിയതായി സോഹന്‍ റോയി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. തന്റെ സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാര്‍ക്ക് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്ഥാപനം ഏറ്റെടുക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള തൊഴിലാളികളുടെ കരാര്‍ പുതുക്കുന്നതിനൊപ്പം പുതുതായി ജോലിക്ക് കയറുവര്‍ സ്ത്രീധന നിരാകരണ സമ്മത പത്രവും ഇനി ഒപ്പിട്ട് നല്‍കേണ്ടി വരും. സമൂഹത്തിൽ നിന്നും സ്ത്രീധനത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ സ്ഥാപനത്തിലെങ്കിലും അത് ഉറപ്പ് വരുത്താന്‍ കഴിയുമെന്നത് വലിയ കാര്യമാണെന്ന് സോഹന്‍ റോയ് പറയുന്നു. ലോകത്ത് തന്നെ ആദ്യമായാണ് സ്ത്രീധന നിരാകരണ സമ്മത പത്രം ഒരു സ്ഥാപനം അവരുടെ തൊഴില്‍ കരാറിന്റെ ഭാഗമാക്കുന്നത്‌.