ഇടവകക്കാർ ഒന്നിച്ചു, ജോണിക്ക് വീടായ്.

പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനായ ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടുത്തോളം ഈ കാലത്ത് അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമായി പണിയുക അത്ര എളുപ്പമുള്ള കാര്യമല്ല. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാലും അതൊരു സ്വപ്‌നമായി തന്നെ ഒതുങ്ങാനുള്ള സാധ്യതയേ ഒള്ളൂ. തൊടുപുഴ കലയന്താനി സെന്റ് മേരീസ് ഇടവക സെമിത്തേരിയിലെ കുഴിവെട്ടുകാരനായ ജോണിയും അങ്ങനൊരു സാധാരണക്കാരനായിരുന്നു, അയാള്‍ക്കെന്നും അടച്ചുറപ്പുള്ള വീടൊരു വിദൂര സ്വപ്‌നം മാത്രമായിരുന്നു. ഭാര്യയും പ്രായമായ രണ്ട് പെണ്‍മക്കളും ഏതു സമയത്തും നിലപൊത്താറായ മഴയില്‍ ചോര്‍ന്നൊലിക്കുന്ന തന്റെ കൂരയില്‍ കിടന്നുറങ്ങുമ്പോള്‍ ജോണി ആ ദുഖം മനസിലൊതുക്കി വെച്ചു. അപ്രതീക്ഷിതമായി ഭവന സന്ദര്‍ശനത്തിനെത്തിയ ഇടവക വികാരിക്ക് പക്ഷേ ആ കാഴ്ച സഹിക്കാനാകുന്നതായിരുന്നില്ല. ഇടവകക്കാര്‍ക്ക് പ്രിയപ്പെട്ടവനായ ജോണിന് അടച്ചുറപ്പുള്ള ഒരു വീടൊരുക്കാന്‍ അവരെല്ലാം ഒപ്പം നില്‍ക്കുമെന്ന് ഇടവക വികാരിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ കണ്ടത് ജോണി ആരോടും പറയാതെ മനസില്‍ വെച്ച ആ സ്വപ്‌നം പൂവണിയുന്നതാണ്. കൂടെയൊരു ട്വിസ്റ്റും….

ജോണിക്കൊരു വീട് ഉണ്ടാക്കി കൊടുക്കണമെന്ന ആഗ്രഹം ഇടവക വികാരി പ്രകടപ്പിച്ചതിന് തൊട്ടുപിന്നാലെ സഹായവും പിന്തുണയുമായി ഇടവകക്കാര്‍ മുന്നോട്ട് വന്നിരുന്നു. കൊവിഡ് പ്രതിസന്ധിയൊന്നും അവര്‍ക്കതിന് ഒരു തടസമായില്ല. വീട് ഉയര്‍ന്ന് പൊങ്ങിയത് പെട്ടെന്നായിരുന്നു. പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയപ്പോള്‍ ഇടവക വികാരി ഫാ. ജേക്കബ് തലപ്പിള്ളിക്ക് മനസു നിറഞ്ഞു. 77 ദിവസം കൊണ്ടാണ് ജോണിക്കു വേണ്ടി ഇടവകക്കാര്‍ ഈ കൊച്ചു കൊട്ടാരം പൂർത്തിയാക്കിയത്. ഒറ്റപ്പെട്ട ജീവിതത്തിനിടെ ജോണിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളായിരുന്നു പങ്കാളി ബീന. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ബീനയെ സഭയുടെ ആചാര പ്രകാരം വിവാഹം കഴിക്കാന്‍ ജോണിക്ക് സാധിച്ചിരുന്നില്ല. മക്കളുടെ സാന്നിധ്യത്തില്‍ വീട് പണിക്കിടെ സെന്റ് മേരിസ് പള്ളിയില്‍ വെച്ച് തന്നെ ജോണിയുടെയും ബീനയുടെയും കല്യാണവും നടന്നു, അതിനും നേതൃത്വം നല്‍കാന്‍ ഫാ. ജേക്കബ് തലപ്പള്ളിയും ഇടവക്കാരെല്ലാവരും ഉണ്ടായിരുന്നു. ആഗ്രഹിച്ചപോലൊരു വിട്ടില്‍ പ്രിയപ്പെട്ട ഭാര്യക്കും മക്കൾക്കുമൊപ്പം സന്തോഷമായി കഴിയുകയാണ് ജോണി ഇപ്പോള്‍. ഒരുമിച്ച് നിന്നാല്‍ ഏതു സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന് ഉറപ്പുള്ള ഒരു കൂട്ടം നാട്ടുകാരും ജോണിക്കൊപ്പമുണ്ട്‌.