ആവശ്യക്കാർക്ക് എടുക്കാം, വിശപ്പ് മാറ്റുന്ന സ്നേഹപ്പൊതി

ആവശ്യക്കാര്‍ എടുക്കുക….തൃശൂര്‍ വിയ്യൂര്‍ ഹാപ്പി അവന്യുവിലെ വി കെ സൈമണിന്റെ വീട്ട് മുറ്റത്ത് വെച്ചിരിക്കുന്ന പോസ്റ്റര്‍ ആണിത്. പോസ്റ്റര്‍ വെച്ചിരിക്കുന്നത് ഒരു മേശയിലാണ്..മേശയില്‍ എന്താണ് ഉള്ളതെന്നല്ലേ ചേദ്യം? ഉത്തരം ഒരു വലിയ ലിസ്റ്റ് ആണ്. മേശ നിറയെ പച്ചക്കറികളും പാലും മുട്ടയും ബ്രഡും കപ്പയും കായയും ചക്കയും മാങ്ങയും ഒക്കെയാണ്. ലോക്ഡൗണ്‍ കാലത്ത് ചുറ്റുമുള്ളവരുടെ കഷ്ടപ്പാട് കണ്ടാണ് വേലൂക്കാരന്‍ വീട്ടില്‍ സൈമണ്‍ ഇങ്ങനെ ഒരു ഉദ്യമം ആരംഭിച്ചത്.

തുറന്നിട്ട ഗേയ്റ്റിന് മുന്നില്‍ ആദ്യം കൊണ്ട് വെച്ചത് ഒരു ചാക്ക് നാളികേരം ആണ്. ഉദ്ദേശം വ്യക്തമാക്കി ബോര്‍ഡും വെച്ചു. ആദ്യം ഒന്നും ആരും അടുത്തില്ല. പക്ഷേ പിന്നീട് ആവശ്യക്കാര്‍ കൂടി വന്നു. ലോക്ക്ഡൗണും കൊവിഡും നാട്ടുകാര്‍ക്ക് നല്‍കിയ പ്രതിസന്ധി ചെറുതല്ലെന്ന് മനസിലായതോടെയാണ് കൂടുതല്‍ സാധനങ്ങള്‍ ആ മേശപ്പുറത്ത് നിരന്നത്. പതിനഞ്ച് കിറ്റുകളൊക്കെയാണ് പിന്നെ വെച്ചത്.. ഇപ്പോഴത് ഇരട്ടിയലധികം ആയി. വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുവാദം വാങ്ങിയ ശേഷമായിരുന്നു സൈമണ്‍ ഈ പ്രവര്‍ത്തനം ആരംഭിച്ചത്. സൈമണിന്റെയും കുടുംബത്തിന്റെയും നന്മ തിരിച്ചറിഞ്ഞ വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ സ്റ്റേഷന്‍ മുറ്റത്ത് നിന്ന് മാവില്‍ നിന്ന് പറിച്ച അര ചാക്ക് മാങ്ങ കൈമാറി. പൊലീസ് ആവശ്യപ്രകാരം നിര്‍ധന കുടുംബങ്ങള്‍ക്ക് കിറ്റ് കൈമാറിയപ്പോള്‍ അതില്‍ അഞ്ഞൂറ് രൂപ കൂടി വെച്ച് നല്‍കിയിരുന്നു സൈമണ്‍.

ഭാര്യ ആലിസും മക്കളും മരുമക്കളും ചേര്‍ന്നാണ് മേശപ്പുറത്ത് വെയ്്ക്കുന്ന കിറ്റ് തയ്യാറാക്കുന്നത്. പച്ചക്കറിക്ക് പുറമെ ഒരോ പാക്കറ്റിലും അഞ്ച് മുട്ടകള്‍ വീതം വെക്കും. ബ്രഡ് പാക്കറ്റിനൊപ്പം ഒരു പാക്കറ്റ് പാലും ഉണ്ടാകും. രാവിലെ 9ന് കിറ്റുകള്‍ വീട്ടിമുറ്റത്തെ മേശപ്പുറത്ത് റെഡിയാകും. പതിനഞ്ച് മിനിറ്റിനകും പാക്കറ്റുകള്‍ ഇപ്പോള്‍ തീരുമെന്നാണ് സൈമണ്‍ പറയുന്നത്. പാക്കറ്റുകളുടെ എണ്ണം കൂട്ടണമെന്നും ലോക്ക്ഡൗണ്‍ തീരും വരെ ഈ ഉദ്യമം മുടങ്ങാതെ തുടരണമെന്നുമൊക്കെയാണ് സൈമണിന്റെ ആഗ്രഹം.