അമ്മമാർക്ക് മാസം 5000 രൂപ വീതം, കരുതലിന്റെ പ്രതീകമാണീ മലയാളി വ്യവസായി

മക്കളെ വളര്‍ത്തി വലുതാക്കി സ്വയം ജോലിചെയ്ത് ജീവിക്കാന്‍ പ്രാപ്തരാക്കുന്ന മാതാപിതാക്കള്‍ക്ക് മക്കളുടെ അധ്വാനത്തിന്റെ ഒരു പങ്ക് അനുഭവിക്കാന്‍ അര്‍ഹതയില്ലേ? അര്‍ഹതയുണ്ടെന്ന് മാത്രമല്ല, അത് അവരുടെ അവകാശം കൂടിയാണ്. എന്നാല്‍ സ്വയം അധ്വാനിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മറക്കുന്ന വലിയ ഒരു വിഭാഗം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ അങ്ങനെ മക്കളെ വളര്‍ത്തി വലുതാക്കിയ കുറച്ച് അമ്മമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഎഇയിലെ മലയാളി വ്യവസായി.

തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ അമ്മമാര്‍ക്ക് പ്രതിമാസം 5000 രൂപ സമ്മാനമായി അയച്ച് കൊടുക്കാനാണ് സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദ് തീരുമാനിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ മൂന്ന് ശാഖകളില്‍ ജോലി ചെയ്യുന്ന 22 പേരുടെ അമ്മമാര്‍ ഈ മാസം പത്താം തീയതി മുതല്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. എല്ലാ മാസവും പത്താം തീയതി ജീവനക്കാര്‍ക്ക് ശബളം നല്‍കുന്നതോടൊപ്പം അമ്മമാര്‍ക്കുള്ള പണവും അയച്ച് കൊടുക്കാനാണ് തീരുമാനം.

തന്റെ പ്രിയപ്പെട്ട ജീവനക്കാരുടെ അമ്മമാർക്ക് കൊവിഡ് കാലം വിതച്ച ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഈ തുക സഹായിക്കുമെന്നാണ് കരുതുന്നതെന്ന് അഫി പറയുന്നു. നാട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം വന്ന ഒരു ഫോണ്‍ കോളാണ് ഈ തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് പറയുന്നു അഫി.

യുഎഇയിലുള്ള യുവാവ് കുറച്ച് നാളായി നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് പണം അയച്ചു കൊടുക്കുന്നില്ല അവനെ ഒന്ന് ഉപദേശിക്കണം എന്നായിരിന്നു ആവശ്യം. യുവാവിനെ വിളിച്ച് കാര്യം ചോദിച്ചപ്പോള്‍ തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് വീട്ടിലേക്ക് തുക അയക്കാന്‍ തികയുന്നില്ലെന്നായിരുന്നു മറുപടി. എന്നാല്‍ യുവാവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ആഡംബര ഹോട്ടലില്‍ താമസിച്ച ചിത്രങ്ങളൊക്കെ ആ മാസം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ദിവസം അതിനായി ചെലവഴിച്ച തുക മാത്രം മതിയായിരുന്നു ഒരു മാസം അമ്മയ്ക്ക് സുഖമായി ജീവിക്കാന്‍. പിന്നാലെ എല്ലാ ജീവനക്കാരെയും വിളിച്ച് അവരൊക്കെ എത്ര രൂപ വീട്ടിലേക്ക് അയക്കുന്നുണ്ടെന്ന് ചോദിച്ചു. പലര്‍ക്കും കൃത്യമായി തുക വീട്ടിലേയ്ക്ക് അയക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു മറുപടി. ഇതോടെ കെയര്‍ ഫോര്‍ യുവര്‍ മം പദ്ധതി ആരംഭിക്കുകയായിരുന്നു.

കൊവിഡ് കാലവും ബിസിനസിലുണ്ടായ നഷ്ടെവുമൊന്നും അഫി അഹമ്മദ് കണക്കിലെടുക്കുന്നില്ല. 22 അമ്മമാരെ കൂടി തനിക്ക് കിട്ടിയെന്ന സന്തോഷത്തിലാണ് അഫിയിപ്പോള്‍. ദുബായിലെ ചിലവൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് കൃത്യമായി ഒരു തുക അയക്കാന്‍ കഴിയാതിരുന്ന ജീവനക്കാരും കമ്പനിയുടെ പുതിയ തീരുമാനത്തില്‍ ഡബിള്‍ ഹാപ്പി.