പുതുജീവൻ നൽകി യൂസഫലി;ബെക്സിനു ഇത് രണ്ടാം ജന്മം

പ്രിയപ്പെട്ടവരെ ഒരിക്കല്‍ പോലും ഇനി കാണാന്‍ ആവില്ലെന്ന് ഉറപ്പിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ഒരാള്‍ക്ക് തന്റെ ജീവിതം തിരികെ കിട്ടുമെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി വെറെ എന്തുണ്ടാകും ഈ ലോകത്ത്. ആ ജീവന്റെ വിലയുള്ള സന്തോഷം തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട വീട്ടില്‍ ബെക്‌സ് കൃഷ്ണന് നേടികൊടുത്തിരിക്കുകയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.

2012ല്‍ അബുദാബി മുസഫയില്‍ താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതോടെയാണ് ബെക്‌സിന്റെ ജീവിതം മാറിമറിഞ്ഞത്. ജോലി സംബന്ധമായ യാത്രക്കിടെ സംഭവിച്ച അപകടത്തില്‍ മരിച്ച ബാലന്റെ മാതാപിതാക്കള്‍ കൊടുത്ത പരാതിയില്‍ ബെക്‌സിനെതിരെ അബുദാബി പൊലീസ് നരഹത്യക്ക് കേസെടുത്തു. സിസിടിവി തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ ബെക്‌സിന് വധിശിക്ഷ വിധിച്ചു.

അബുദാബിയിലെ അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം ആവുന്നത്ര ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ബെക്‌സിനെ വിധിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്ന സമയത്താണ് ബന്ധുവിന്റെ സഹായത്തോടെ യൂസഫലിയെ കാര്യം അറിയിച്ചത്. മരിച്ച സുഡാനി ബാലന്റെ വീട്ടുകാരുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയ യൂസഫലി കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തി. ഒടുവില്‍ ബെക്‌സിന് മാപ്പ് നല്‍കാന്‍ ആ കുടുംബം തീരുമാനിച്ചു. നഷ്ടപരിഹാരമായി കോടതി അവശ്യപ്പെട്ട അഞ്ച് ലക്ഷം ദിര്‍ഹം കോടതിയില്‍ കെട്ടിവെച്ചതും യൂസഫലി തന്നെയാണ്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ബെക്‌സ് നാട്ടിലേക്ക് തിരിക്കും. ഒരു നിമിഷത്തില്‍ സംഭവിച്ച കൈയബദ്ധത്തില്‍ സംഭവിച്ച അപകടം തന്റെ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ കാരണമായി എന്ന് കരുതിയ ഇടത്തു നിന്നാണ് ബെക്‌സിന്റെ ഈ തിരിച്ച് വരവ്. ദൈവദുതനെ പോലെ തന്റെ ജീവന്‍ രക്ഷിക്കാനെത്തിയ യൂസഫലിയെ എന്നെങ്കിലും നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ബെക്‌സ് ഇപ്പോള്.