സങ്കടപ്പെട്ടിരിക്കാൻ സമയമില്ല, പുൽവമയിലെ രക്തസാക്ഷി ജവാന്റെ ഭാര്യ ഇന്ത്യൻ ആർമിയിൽ

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പട്ടാളക്കാരുടെ കുടുംബാഗങ്ങളുടെ ചിത്രങ്ങള്‍ വേദനയോടെ അല്ലാതെ നമുക്ക് കാണാന്‍ ആകാറില്ല. നമ്മള്‍ സുരക്ഷിതരായി വീട്ടിലുറങ്ങാന്‍ ജീവന്‍ നഷ്ടപ്പെടുത്തിയവരുടെ പ്രയപ്പെട്ടവരാണ് അവര്‍. എന്നാല്‍ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ ചിത്രം നല്‍കുന്ന സന്തോഷവും അഭിമാനവും ചെറുതല്ല. 2019ല്‍ ജമ്മു കശ്മിരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ വിഭൂതി ശങ്കര്‍ ദൗണ്ടിയാല്‍ വീരചരമം പ്രാപിക്കുന്നത്. ഇപ്പോഴിതാ മേജര്‍ വിഭൂതിയുടെ ഭാര്യ നികിത കൗള്‍ സൈന്യത്തില്‍ ചേര്‍ന്നിരിക്കുകയാണ്. നികിതയെ തോളില്‍ ഉയര്‍ത്തി നില്‍ക്കുന്ന സഹ പ്രവര്‍ത്തകയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

മേജര്‍ ദൗണ്ടിയാല്‍ നികിതയെ വിവാഹം ചെയ്ത് 9 മാസം ആയപ്പോഴായിരുന്നു രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്നത്. അന്ന് 27 വയസ് മാത്രമായിരുന്നു നികിതയ്ക്ക് പ്രായം. പ്രിയപ്പെട്ടവന്റെ മരണം നികിതയെ തളര്‍ത്തിയെങ്കിലും പോരാടന്‍ തന്നെ ഉറച്ചു അവള്‍. ആറ് മാസത്തിനുള്ളില്‍ ഷോര്‍ട് സര്‍വീസ് കമ്മീഷന്‍ പൂരിപ്പിച്ച് പരീക്ഷ എഴുതി. പരീക്ഷ എഴുതി പാസായ നികിത അഭിമുഖത്തേയും ധീരമായി നേരിട്ടു. പിന്നാലെ ചെന്നൈയില്‍ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാഡമിയില്‍ പരീശിലനം പൂര്‍ത്തിയാക്കിയാണ് നികിത ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമായത്.

ഭര്‍ത്താവിനെ നഷ്ടപ്പെട്ടെങ്കിലും രാജ്യത്തിനു വേണ്ടി ശത്രു സൈന്യത്തോട് പൊരുതാന്‍ തീരുമാനിച്ച നികിത നാടിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് ഉറപ്പാണ്.