പരിമിതികൾ തോൽക്കും, ഈ ആത്മവിശ്വാസത്തിന് മുന്നിൽ

ആത്മവിശ്വാസം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന, പ്രചോദിപ്പിക്കുന്ന ഒരു പെണ്‍കുട്ടി. അന്റൊനെല്ല എന്നാണ് അവളുടെ പേര്. ചെറിയ ഒരു കിടങ്ങ് മറികടക്കാന്‍ ശ്രമിക്കുന്ന അവളുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. എന്താണ് അന്റൊനെല്ലയ്ക്കും അവളുടെ ഈ വീഡിയോക്കും ഇത്ര പ്രത്യേകത എന്നല്ലേ? ഉത്തരം ഇതാണ്, അന്റൊനെല്ലയുടെ ഒരു കാൽ കൃത്രിമക്കാലാണ്. ആ പരിമിതിയെ മറികടന്ന് അവള്‍ വരുതിയിലാക്കുന്ന ഒരോ കുഞ്ഞ് ലക്ഷ്യങ്ങളും മനുഷ്യന് ഒരു പാഠം ആണ്.

കാണുമ്പോള്‍ ചെറുതെന്ന് തോന്നുന്നൊരു കുഴി, പക്ഷേ അന്റൊനെല്ലയ്ക്ക് അത് അത്ര ചെറുതല്ല. ആ കുഴിയില്‍ നിന്ന് പുറത്തു വരാന്‍ അവള്‍ നടത്തുന്ന ശ്രമങ്ങള്‍ തുടരെ തുടരെ പരാജയപ്പെടുന്നത് വീഡിയോയില്‍ കാണാം. പക്ഷേ തോറ്റ് പിന്മാറാന്‍ അവള്‍ തയ്യാറായിരുന്നില്ല. പ്രോത്സാഹനവുമായി അവളുടെ അമ്മ അടുത്ത് തന്നെ ഉണ്ടായിരുന്നു. അമ്മയുടെ പ്രോത്സാഹന വാക്കുകള്‍ ഊര്‍ജമായെടുത്ത് ഒടുവില്‍ അവള്‍ ആ കുഴിയില്‍ നിന്ന് മുകളിലേക്ക് കയറി പോകുന്നുണ്ട്. കുഴിയില്‍ നിന്ന് പുറത്തെത്തി ദൃശ്യങ്ങള്‍ ചിത്രികരിക്കുന്ന അമ്മയുടെ ക്യാമറ കണ്ണിലേക്ക് ചിരിയോടെ നോക്കുന്ന അന്റൊനെല്ല പകര്‍ന്ന് തരുന്ന ആത്മവശ്വാസവും കരുത്തും ചെറുതല്ല. പരിശ്രമിച്ചാല്‍ നേടാനാകാത്തതായി ഒന്നുമില്ലെന്നും, പരാജയങ്ങള്‍ കണ്ട് ലക്ഷ്യങ്ങളില്‍ നിന്ന് പിന്മാറരുതെന്നും, ശരീരിക പരിമിതികള്‍ നേട്ടങ്ങള്‍ കൊയ്യാന്‍ പരിമിതി ആകില്ലെന്നും ഈ കൊച്ചു വീഡിയോയിലൂടെ അന്റൊനെല്ല ലോകത്തിന് കാണിച്ച് തരുകയാണ്…