85 ലക്ഷം രൂപയുടെ ഓക്സിജൻ സക്കാത്ത് നൽകി പ്യാരേഖാൻ; പേരിലും പ്രവർത്തിയിലും സ്നേഹം മാത്രമെന്നു സോഷ്യൽ മീഡിയ

ഓക്‌സിജന്‍ ക്ഷാമത്താല്‍ രാജ്യം വലയുന്ന കാഴ്ചകൾ കണ്ട് തരിച്ച് നിൽക്കുകയാണ് ഒരോ ഇന്ത്യക്കാരും. അതിനിടയിൽ സന്തോഷത്തിന്‍റെ, നന്മയുടെ ഒരോ വാർത്തയും നമുക്ക് നൽകുന്ന ആശ്വാസം തെല്ലും ചെറുതല്ല. നിലവിലെ സാഹചര്യത്തിൽ ആശുപത്രികളില്‍ 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിക്കുന്നൊരാൾ ഇപ്പോൾ ദൈവതുല്യനാണ്, എന്നാൽ ശ്രമത്തിനിടയ്ക്ക് ലക്ഷിക്കേണ്ട 85 ലക്ഷം രൂപ കൂടി അയാൾ വേണ്ടെന്ന് വെച്ചാലോ? റമദാനില്‍ നല്‍കുന്ന ഓക്‌സിജന്‍ സക്കാത്താണെന്നും പ്രാണവായുവിന്റെ കണക്ക് വാങ്ങാനാകില്ലെന്നും പറഞ്ഞാണ് ആശുപത്രി അധികൃതർ നൽകാമെന്ന് പറഞ്ഞ 85 ലക്ഷം പ്യാരേഖാൻ നിരസിച്ചത്.

1995ല്‍ നാഗ്പൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ ഓറഞ്ച് വില്‍പ്പന നടത്തിയിട്ടുണ്ട് പ്യാരേഖാന്‍. നാഗ്പൂരിനടത്തുള്ള തജ്ബഗിലെ ചേരിയില്‍ ഒറ്റമുറി കട നടത്തിയിരുന്നയാളാണ് പ്യാരേഖാന്റെ പിതാവ്. ജീവിതത്തിന്റെ കഷ്ടപ്പാടുകളൊക്കെ നല്ലവണ്ണം അറിയാവുന്ന പ്യാരേഖാന് ഇന്ന് 400 കോടിയുടെ ആസ്ഥിയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയാണ്. അംഷി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയായ പ്യാരേഖാന്, ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുണ്ട് പ്യാരേഖാന് ഇപ്പോൾ.

ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നതിലൂടെ സമൂഹത്തെ സേവിക്കാനാകും, ആവശ്യമെങ്കില്‍ ബ്രസല്‍സില്‍ നിന്ന് വ്യോമമാര്‍ഗം ഓക്‌സിജന് എത്തിക്കാനും പദ്ധതിയുണ്ടെന്ന് പ്യാരേഖാൻ വ്യക്തമാക്കി. പ്യാരേഖാന്‍റെ നന്മ നിറഞ്ഞ ഈ പ്രവർത്തിക്ക് നിറ കൈയടി നൽകുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. പേര് പോലെ പ്രവർത്തിയിലും സ്നേഹം നിറഞ്ഞ പ്യാരേഖാന് നന്മകൾ നിറഞ്ഞ ജീവിതവും അവർ ആശംസിക്കുന്നു.