സഹജീവി സ്നേഹം വറ്റി തീർന്നിട്ടില്ല; വൈറൽ വീഡിയോ

മനുഷ്യനായാലും മൃഗങ്ങളായാലും ദാഹിക്കുമ്പോൾ വെള്ളം കിട്ടിയില്ലെങ്കിൽ കുഴഞ്ഞ് വീഴുമെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ അതി കഠിനാമായ ചൂടാകട്ടെ ദാഹം കൊണ്ടുണ്ടാകാവുന്ന അസ്വസ്ഥതകളെ ഇരട്ടിയാക്കും. പക്ഷി മൃഗാദികൾ ഈ സമയത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ മറികടക്കാൻ ടെറസിന് മുകളിലും വീടിന് സമീപത്തും പാത്രങ്ങളിൽ വെള്ളം ഒഴിച്ച് വയ്ക്കുന്ന സഹജീവി സ്നേഹമുള്ള ഒരുപാട് നല്ല മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. ദാഹിച്ചു വലഞ്ഞ അണ്ണാൻ കുഞ്ഞിന് വെള്ളം നൽകുന്ന സഹജീവി സ്നേഹമുള്ള ഒരു യുവാവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനനായ സുശാന്ത നന്ദയാണ് അണ്ണാൻ കുഞ്ഞിന് കുപ്പിയിൽ നിന്ന് വെള്ളം പകർന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. അതി കഠിനമായ ചൂടിൽ വലഞ്ഞ അണ്ണാൻ കുഞ്ഞ് തളർന്ന് അടുത്തെത്തുമ്പോൾ യുവാവ് കുപ്പിയിൽ നിന്ന് വെള്ളം വായിലൊഴിച്ച് കൊടുക്കുന്നതും സ്നേഹത്തോടെ അതിനെ തലോടുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് യുവാവിന്റെ കൈകളിലേക്ക് കയറിയ അണ്ണാന് വീണ്ടും വെള്ളം നൽകുകയാണ് യുവാവ്.

യുവാവിന്റെ കരുതലിനെ അഭിനന്ദിച്ച് രംഗത്തെത്തിയ സോഷ്യൽ മീഡിയ സഹജീവികളോടുള്ള സ്നേഹം വറ്റാത്ത മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടെന്നതിന് തെളിവാണ് ഈ വീഡിയോ എന്നും പറയുന്നു