ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി; പിരിച്ചു കിട്ടിയ തുക വൃക്കരോഗിക്ക് നല്‍കി ഒരു ക്ഷേത്രം

അമ്പലത്തിലെ ഉത്സവങ്ങളും പള്ളികളിലെ പെരുന്നാളുകളും ഒരു നാടിന്റെ ആകെ ആഘോഷമാണ്. ജാതിമത വിത്യാസമില്ലാതെ ആ നാട് അവിടുത്തെ ആരാധനാലയങ്ങളിലെ വിശേഷങ്ങള്‍ ആഘോഷിക്കുന്ന കാഴ്ച കേരളത്തിന്റെ മാത്രം ഒരു പ്രത്യേകതയാണ്. കൊച്ചിയിലെ ഒരു ക്ഷേത്രത്തില്‍ ഇത്തവണ ഉത്സവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വേണ്ടെന്ന് വെ്ച്ചു. എന്തുകൊണ്ടാണെന്നല്ലേ? ആ നാടിന്റെ ഒരു മകന്‍, ഇരു വൃക്കകളും തകരാറിലായ അവന് അടിയന്തരമായി ചികിത്സയ്ക്ക് കുറച്ച് പണം വേണം. ആ പണം കണ്ടെത്താനായാണ് അമ്പലത്തിലെ ഉത്സവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ ഒഴിവാക്കുന്നത്.

വൈറ്റില പൊന്നുരുന്നി സന്മാര്‍ഗദായിനി പുലയ സമാജവും മൈലാംപറമ്പില്‍ ഭദ്രകാളി ക്ഷേത്ര സമിതിയും ആണ് ആഘോഷങ്ങള്‍ ഒഴിവാക്കി ഉത്സവച്ചെലവിനായി പിരിഞ്ഞു കിട്ടയ തുക ആമ്പേലിപ്പാടം കുഞ്ഞന്റെ മകന്‍ സുനില്‍ കുമാറിന് കൈമാറിയത്. 1, 63,101 രൂപയാണ് ക്ഷേത്ര ഭാരവാഹികള്‍ സുനില്‍ കുമാറിന് കൈമാറിയത്.

ആഘേഷങ്ങളെല്ലാം ഒഴിവാക്കി ഉത്സവം ക്ഷേത്രചടങ്ങില്‍ മാത്രം ചുരുക്കിയാണ് ക്ഷേത്രഭാരവാഹികള്‍ ഈ തുക സ്വരൂപിച്ചത്. സമാജം ഭാരവാഹികള്‍ തുക സുനില്‍ കുമാര്‍ ചികിത്സ സഹായ നിധിയുടെ രക്ഷാധികാരികളും കൗണ്‍സിലര്‍മാരുമായ ബിന്ദു, കെ ശിവന്‍ എന്നിവര്‍ക്ക് കൈമാറി.