ദാരിദ്ര്യം മകളുടെ പഠനത്തില്‍ വില്ലനായില്ല; ബാലകൃഷ്ണന് ആതിര തിരികെ നല്‍കിയത് ഒന്നാം റാങ്ക്

ജീവിതത്തില്‍ വിജയം നേടുക ആര്‍ക്കും എളുപ്പമല്ല, അതിന് പിന്നില്‍ നല്ല അധ്വാനം വേണം. സാഹചര്യങ്ങളൊക്കെ അനുകൂലമാണെങ്കില്‍ ആ വിജയം എളുപ്പമാകും, അതുകൊണ്ട് തന്നെയാണ് പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി നേടുന്ന വിജയങ്ങള്‍ നമ്മള്‍ ആഘോഷിക്കുന്നത്. അത്തരമൊരു വലിയ വിജയത്തിന്റെ കഥയാണിത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എസ്.സി മാത്‌സില്‍ ഒന്നാം റാങ്ക് നേടിയ മായന്നൂര്‍ ചാത്തന്‍പുലാക്കില്‍ ആതിരയാണ് ഈ സംഭവ കഥയിലെ നായിക. പ്ലസ് ടു പഠനത്തിന് ശേഷം തന്റെ മൂത്ത മകള്‍ ആതിരയെ ഇനി പഠിപ്പിക്കാന്‍ വിടേണ്ടെന്നായിരുന്നു അച്ഛന്‍ ബാലകൃഷ്ണന്റെ തീരുമാനം. പഠനത്തിൽ മിടുക്കിയായ മകള്‍ ഉപരിപഠനത്തിന് ശേഷം അവള്‍ ആഗ്രഹിക്കുന്നിടത്ത് എത്തണമെന്ന് ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല, പ്രാരാബ്ദങ്ങള്‍ കൊണ്ടാണ് ബാലകൃഷ്ണന്‍ അത്തരമൊരു തീരുമാനം എടുത്തത്.

പക്ഷേ ആതിരയുടെ അധ്യാപകരും സുഹൃത്തുക്കളും അവളുടെ കഴിവ് നന്നായി മനസിലാക്കിയത് കൊണ്ട് തന്നെ ബാലകൃഷ്ണനോട് തീരുമാനം തിരുത്താന്‍ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളിയായ ബാലകൃഷ്ണന് മകളുടെ ഉപരിപഠനത്തിനുള്ള ചെലവുകള്‍ കൂടി വഹിക്കുക അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. പ്ലസ്ടുവിന് ശേഷം ചെറിയ കാലയളവില്‍ പൂര്‍ത്തിയാക്കാനാവുന്ന എതെങ്കിലും കോഴ്‌സിന് ചേര്‍ക്കുക, പിന്നാലെ അവളെ കല്യാണം കഴിപ്പിച്ച് വിടുക…ബാലകൃഷ്ണന്‍ ഈ തീരുമാനം തിരുത്തിയതോടെ ആതിരയുടെ തലവര തന്നെ മറ്റൊന്നായി മാറുകയായിരുന്നു.

വടക്കാഞ്ചേരിയിലെ വ്യാസ കൊളെജില്‍ ബിരുദത്തിന് ചേര്‍ന്ന ആതിരയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനാല്‍ പുസ്തകങ്ങള്‍ വാങ്ങാനൊന്നും ബാലകൃഷ്ണന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ബിരുദത്തിനു ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ആതിരയെ കുറച്ച് കഷ്ടപ്പെട്ടാലും ബിരുദാനന്തര ബിരുദത്തിന് വിടാന്‍ ബാലകൃഷ്ണന്‍ തീരുമാനിച്ചു. എം.എസി .സിക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ അച്ഛനെ സഹായിക്കാനായി ഒരു നല്ല ജോലി നേടാനുള്ള ശ്രമത്തിലാണ് ആതിര ഇപ്പോള്‍. കൊളെജ് ലക്ചറാകാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്, പി.എസ്.സി പരീക്ഷ പരിശീലനവും ഒരു വഴിയിലൂടെ നടക്കുന്നുണ്ട്.

ആതിരയുടെ നേട്ടം അനിയത്തി അപര്‍ണയ്ക്കും മാതൃകയാണ്, അപര്‍ണയ്ക്ക് മാത്രമല്ല പ്രതിസന്ധികളില്‍ തളരാതെ പോരാടുന്ന എല്ലാവര്‍ക്കും മാതൃകയാണ്.