തോറ്റ് പിന്മാറാന്‍ അവള്‍ തയ്യാറായിരുന്നില്ല; മാതൃകയാക്കണം ഈ കൊച്ചുകുഞ്ഞിനെ

ആദ്യ ശ്രമം പരാജയപ്പെട്ടാല്‍ തോറ്റ് പിന്മാറുന്നവരാണ് നമ്മളില്‍ അധികവും. ആദ്യം തോറ്റു പോയവനെ പരിശ്രമത്തിലൂടെ ജയം നേടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതിന് പകരം പരിഹസിച്ച് തളര്‍ത്തുന്നതും നമ്മുടെ രീതിയാണ്. ഈ രണ്ടു മനോഭാവങ്ങളും തെറ്റാണെന്ന് തെളിയിക്കുന്ന ഒരു ദൃശ്യം ആണിത്. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിന് പുറത്തെ സ്റ്റെപ്പുകള്‍ സ്‌കേറ്റിങ് ബോര്‍ഡ് ഉപയോഗിച്ച് ചാടികടക്കാന്‍ ശ്രമിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. ആദ്യ ശ്രമങ്ങളിലെല്ലാം അവള്‍ പരാജയപ്പെടുകയാണ്. സാധാരണ രീതിയിലാണെങ്കില്‍ ശ്രമം അവസാനിപ്പിച്ച് അവള്‍ പിന്മാറുകയാണ് ചെയ്യേണ്ടത്. റോഡിലേക്ക് വീഴുമ്പോള്‍ സംഭവിക്കാവുന്ന പരുക്കുകളും വീഴ്ച സമ്മാനിക്കുന്ന വേദനയും അത്രയ്ക്കായിരിക്കും. പക്ഷേ അവള്‍ വീണ്ടും വീണ്ടും ശ്രമിക്കുകയാണ്, കൂടെ കട്ടയ്ക്ക് നിന്ന് പ്രോത്സഹിപ്പിക്കാന്‍ പരിശീലകരടക്കം ഒരു കൂട്ടം ആളുകളും.ചുറ്റുമുള്ളവരുടെ പ്രോത്സാഹനവും അവളുടെ ദൃഢനിശ്ചയവും രണ്ടും ചേര്‍ന്നപ്പോള്‍ കൈയെത്തും ദൂരത്തുണ്ടായിരുന്നു വിജയം അവള്‍ കൈപ്പിടിയില്‍ ഒതുക്കി.

എറെ നേരത്തെ പരിശ്രമവും കടിച്ചമര്‍ത്തിയ വേദനയും മറന്ന്് അവള്‍ സന്തോഷിച്ചപ്പോള്‍ അറിയാതെ കരഞ്ഞു പോയി. ആ ആനന്ദ കണ്ണീരായിരുന്നു പ്രോത്സാഹനവുമായി ചുറ്റും നിന്നവര്‍ക്ക് ലഭിച്ച സന്തോഷം. പെണ്‍കുട്ടിയെ എടുത്തുയര്‍ത്തി അവരും ആ വിജയം ആഘോഷിച്ചു. മിടുക്കി കുട്ടിയാണെന്ന അമ്മയുടെ വാക്കുകള്‍ കൂടിയായപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവള്‍ക്ക്. പ്രായത്തില്‍ ചെറുതാണെങ്കിലും ആ പെണ്‍കുട്ടി നമുക്ക് പറഞ്ഞു തരുന്ന ഒരു പാഠമുണ്ട്… ജയം കണ്ടെത്തും വരെ പൊരുതണമെന്ന്, ഒരിക്കലും തോറ്റ് പിന്മാറരുതെന്ന്.