ലക്ഷങ്ങൾ മൂല്യമുള്ള ബാഗ് തിരിച്ചേല്പിച്ചു;ഈ ടാക്സി ഡ്രൈവർ സത്യസന്ധതയുടെ മറുപേര്

ലക്ഷക്കണക്കിന് രൂപ, റോളക്‌സ് വാച്ച്, മാക് ലാപ്ടോപ്പ്, ഐപാഡ് ഇതൊക്കെ അടങ്ങുന്നൊരു ബാഗ് കൈയില്‍ കിട്ടിയാല്‍ നമ്മളാണെങ്കില്‍ എന്തു ചെയ്യും, സന്തോഷം കൊണ്ട് തുള്ളിച്ചാടും അല്ലേ? എന്നാല്‍ മലപ്പുറം പള്ളിക്കല്‍ ബസാറില്‍ പറമ്പൊത്തൊടി വീട്ടില്‍ സി. കെ ഫിറോസിന്റെ കൈയില്‍ അങ്ങനൊരു ബാഗ് കിട്ടിയപ്പോള്‍ അനുഭവിച്ച ടെന്‍ഷന്‍ പറഞ്ഞറിയിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഇത്രയും സാധനകളും, ഒപ്പം വിലപ്പെട്ട രേഖകളും നഷ്ടമായതറിയാതെ സുഖമായി കിടന്നുറങ്ങിയ ബ്രീട്ടിഷുകാരൻ അലന്‍ ഗാര്‍ഡനെ കണ്ടെത്തും വരെ ആ ടെന്‍ഷന്‍ ഫിറോസ് അനുഭവിച്ചു.

ദുബൈയിലെ ജുമൈറ ബീച്ച് റസിഡന്‍സിയില്‍നിന്ന് ബിസിനസുകാരനായ അലന്‍ രാത്രി പതിനൊന്നരയോടെ ഫിറോസിന്റെ ടാക്‌സിയില്‍ കയറി. ദുബൈയി മറീനയിലുള്ള ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഇറങ്ങുകയും ചെയ്തു. അധിക ദുരം മുന്നോട്ട് പോകും മുന്‍പേ അടുത്ത യാത്രക്കാരന്‍ ഫിറോസിന്റെ ടാക്‌സിയില്‍ കയറി. ഈ യാത്രക്കാരനാണ് പിന്‍സീറ്റിലെ ബാഗ് ഫിറോസിന് കാണിച്ച് കൊടുത്തത്. യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ശേഷം ബാഗ് പരിശോധിച്ചപ്പോളാണ് ലക്ഷക്കണക്കിന് രൂപയും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടത്. ഉടന്‍ തന്നെ അലനെ ഇറക്കിയ ഹോട്ടലിലെത്തി സുരക്ഷാ ജീവനക്കാരനോട് കാര്യം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചാല്‍ ഹോട്ടലിലേക്ക് പോയ യാത്രക്കാരനെ തിരിച്ചറിയാനാകുമെന്ന് പറഞ്ഞെങ്കിലും അവര്‍ അനുവാദം തന്നില്ല. ഫോണ്‍ നമ്പര്‍ കൈമാറിയ ശേഷം അവിടെ നിന്ന് ഇറങ്ങിയ ഫിറോസ് ദുബായ് ഗതാഗത വകുപ്പ് അധികൃതരെ ഇക്കാര്യം അറിയിച്ചു. ബാഗ് നഷ്ടപ്പെട്ടെന്ന് ആരും അറിയിച്ചിട്ടില്ലെന്നും ബാഗ് കൈയില്‍ തന്നെ സൂക്ഷിക്കാനുമായിരുന്നു നിര്‍ദേശം.

വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗുമായി അന്യരാജ്യക്കാരായ നിരവധി പേര്‍ താമസിക്കുന്ന താമസ സ്ഥലത്തേക്ക് മടങ്ങി പോകാന്‍ ഫിറോസിന് ധൈര്യം വന്നില്ല. പുലര്‍ച്ചെ മൂന്ന് മണിയായി സമയം, അര മണിക്കൂറിനുള്ളില്‍ വണ്ടി അടുത്ത ഡ്രൈവര്‍ക്ക് കൈമാറണം. ടെന്‍ഷന്‍ ഇരട്ടിയായതോടെ ബാഗ് ഒന്നു കൂടി പരിശോധിച്ചു. അലനെ ഇറക്കി വിട്ട ഹോട്ടലിലെ നമ്പര്‍ ആ ബാഗില്‍ ഉണ്ടായിരുന്നു, അസമയം ആയതിനാല്‍ ഹോട്ടല്‍ മുറിയിലേക്ക് കോള്‍ കണക്ട് ചെയ്യാന്‍ പക്ഷേ ജീവനക്കാര്‍ തയ്യാറായില്ല. ഡയറില്‍ കണ്ട അയര്‍ലന്‍ഡിലെ മേല്‍വിലാസം ഗൂഗിളില്‍ പരതി വാട്ട്‌സ് നമ്പര്‍ കണ്ടെത്തുകയും സന്ദേശം അയക്കുകയും ചെയ്‌തെങ്കിലും മറുപടി ലഭിച്ചില്ല. വാട്ട്‌സ്അപ്പ് കോളിലായി അടുത്ത പ്രതീക്ഷ, പ്രതീക്ഷ തെറ്റിയില്ല അലന്‍ ഫോണ്‍ എടുത്തു.. ഫിറോസ് പറഞ്ഞപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അലന്‍ അറിഞ്ഞതു തന്നെ. അടുത്ത ദിവസം ബാഗ് കൈമാറുന്ന നേരം ചെറിയ തുക പരിതോഷികമായി അലന്‍ നല്‍കിയെങ്കിലും ഫിറോസ് അത് സന്തോഷത്തോടെ നിരാകരിച്ചു.

ഫിറോസിന്റെ സത്യസന്ധതയെ കുറിച്ച് അലന്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ പറഞ്ഞതോടെ സംഭവം പുറംലോകം അറിഞ്ഞു. മാധ്യമങ്ങളിലൂടെ വിവരം ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോര്‍ട്ടി അറിഞ്ഞതോടെ അലന് ലഭിച്ചത് ഒരു അമൂല്യ നിധിയാണ്. സത്യസന്ധത എന്ന് അര്‍ത്ഥം വരുന്ന അമാന്‍ എന്ന ലോഹമുദ്ര ദുബായ് ആർ ടി എ ഫിറോസിന് ചാര്‍ത്തി നല്‍കി. ദുബായി ടാക്‌സി കോര്‍പ്പറേഷനില്‍ ഇതിന് മുന്‍പ് ഈ ബഹുമതി ആരും കരസ്ഥമാക്കിയിട്ടില്ലെന്നാണ് ഫിറോസ് പറയുന്നതത്. സത്യസന്ധതയെ മുറുകെ പിടിച്ചപ്പോള്‍ ലഭിച്ച ഈ നിധി നല്‍കിയ സന്തോഷത്തിലാണ് ഫിറോസിപ്പോള്‍..