42 വർഷത്തിനിടെ ഒരു അപകടം പോലും സംഭവിചിട്ടില്ല; ബസ് ഡ്രൈവറെ ആദരിച്ചു മോട്ടോർ വാഹന വകുപ്പ്

42 വര്‍ഷമായി സ്വകാര്യ ബസ് ഓടിക്കുന്ന ഒരാള്‍, ഈ കാലയളവില്‍ ഒരു അപകടം പോലും ഉണ്ടാക്കിയിട്ടില്ല..കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നുന്നു അല്ലേ? വെറുതെ പറയുന്നതല്ല അങ്ങനൊരു ബസ് ഡ്രൈവര്‍ ഉണ്ട് ഇങ്ങ് പത്തനംതിട്ട ജില്ലയില്‍. റോഡപകടങ്ങള്‍ നിത്യ സംഭവമായ ഈ കാലത്ത് അങ്ങനൊരും അപൂര്‍വ്വ നേട്ടം കൈവരിച്ചത് പത്തനംതിട്ട കുമ്പഴ സ്വദേശി വിശ്വനാഥനാണ്. ആ അപൂര്‍വ്വ മികവിനെ അനുമോദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തന്നെ രംഗത്തെത്തിയതോടെയാണ് വിശ്വനാഥനെ ലോകം അറിഞ്ഞത്.

പത്തനംതിട്ടയിലെ ജാസ്മിന്‍ ബസില്‍ ക്ലീനറായി ജോലി തുടങ്ങിയതാണ് വിശ്വനാഥന്‍. ഇപ്പോള്‍ അറുപത്തഞ്ച് വയസായി. ക്ലീനര്‍ ജോലിയില്‍ നിന്ന് വൈകാതെ സ്ഥാനകയറ്റം കിട്ടി ഡ്രൈവറായിട്ട് 42 വര്‍ഷമായി. ഇക്കാലയളവില്‍ തന്റെ അശ്രദ്ധ കൊണ്ട് ബസിന്റെ ഒരു തുള്ളി പെയിന്റ് പോലും പോയിട്ടില്ല.

താന്‍ ക്ലീനറായി ജോലിക്ക് പ്രവേശിക്കുമ്പോള്‍ നിരവധി ബസുകളുണ്ടായിരുന്നു ജാസ്മിന്‍ ഗ്രൂപ്പിന്. കാലക്രമത്തില്‍ ജാസ്മിന്‍ ഒറ്റ ബസായി ചുരുങ്ങിയപ്പോഴും വിശ്വനാഥിന് ജോലി നഷ്ടപ്പെടാതിരുന്നത് കൊണ്ട് ഈ മികവ് കൊണ്ടാണ്. മിതമായ വേഗത, ശ്രദ്ധ, നിയമങ്ങള്‍ പാലിക്കണമെന്ന ഉറച്ച നിലപാട്, ദൈവത്തോടുള്ള വിശ്വാസം ഊ ഘടകങ്ങളാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നിലെന്ന് പറയുന്നു വിശ്വനാഥന്‍.