മകന് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു; സഹപാഠിക്ക് വീട് വെയ്ക്കാന്‍ സ്ഥലം നല്‍കി അച്ഛന്‍

ആഘോഷങ്ങള്‍ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാണ്, സന്തോഷിക്കാന്‍ ഒരു കാര്യമുണ്ടായാല്‍ എല്ലാവരും അത് ആഘോഷിച്ച് തന്നെ തീര്‍ക്കും. പത്തനംതിട്ട കൊറ്റനാട് കോനാലില്‍ ബിനോജിന്റെ ജീവിതത്തിലും അങ്ങനെ ആഘോഷിക്കാന്‍ പാകത്തിന് ഒരു സന്തോഷം ഉണ്ടായി. ഒരുപാട് പേര്‍ക്കൊന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു സന്തോഷം. മകന് മെറിറ്റില്‍ എം.ബി.ബി.എസ് സീറ്റ് ലഭിച്ച ഈ സന്തോഷം ബിനോജ് ആഘോഷിച്ചത് കുറച്ച് വിത്യസ്തമായ രീതിയിലായിരുന്നു. തന്റെ പഴയ സഹപാഠിക്ക് വീട് വെയ്ക്കാന്‍ സ്ഥലം നല്‍കിയാണ് ബിനോജ് ആ സന്തോഷം പങ്കുവെച്ചത്.

മകന് മെറിറ്റില്‍ അഡ്മിഷന് ലഭിച്ചപ്പോഴുണ്ടായ സന്തോഷത്തേക്കാള്‍ വലുതായിരുന്നു സ്ഥലത്തിന്റെ ആധാരം പ്രിയ സുഹൃത്തിന് നല്‍കിയപ്പോഴെന്ന് പറയുന്നു ബിനോജ്. ഒന്നിച്ചുപഠിച്ച കൊറ്റനാട് ചുട്ടിപ്പാറയില്‍ സി കെ രാജുവിനാണ് അധ്യാപകനായ ബിനോജ് മൂന്ന് സെന്റ് സ്ഥലം വീട് വെയ്ക്കാനായി കൈമാറിയത്.

കൊറ്റനാട് എസ്.സി.വി ഹയര്‍സെക്കന്ററി സ്‌കൂളിലാണിരുവരും ഒന്ന് മുതല്‍ എട്ട് വരെ ഒരുമിച്ച് പഠിച്ചത്. കാലം കഴിഞ്ഞിട്ടും ഈ സൗഹൃദം അവസാനിച്ചില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജുവിന് വീട് എന്നും ഒരു സ്വപ്‌നമായി തുടര്‍ന്നതില്‍ ബിനോജിനും സങ്കടം ഉണ്ടായിരുന്നു. കാലിന് അല്‍പ്പം സ്വാധീന കുറവുള്ള രാജുവിന് സഹോദരന്‍ വാങ്ങി നല്‍കിയ ഓട്ടോറിക്ഷയായിരുന്നു ഏക വരുമാന മാര്‍ഗം. അച്ഛന്റെ കുടുംബ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ചെറിയ കൂരയില്‍ നിന്ന് രാജു സുരക്ഷിതമായ ഒരു വീട്ടിലേക്ക് മാറുന്നത് ബിനോജിന്റെയും സ്വപ്‌നമായിരുന്നു. മകന്‍ വിന്നി കോശി ബിനോജിന് എംബിബിഎസിന് മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചതോടെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ബിനോജ് തീരുമാനിക്കുകയായിരുന്നു.

2018ലെ പ്രളയകാലത്ത് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെ ദുരിതമനുഭവിക്കുന്നവരുടെ കൈകളില്‍ എത്തിച്ചിരുന്നു ബിനോജ്. വൃന്ദാവനം സേവ് അവര്‍ സൈസൈറ്റി സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായ ബിനോജ് വിദ്യാഭ്യാസ സഹായം അടക്കം നിരവധി മറ്റ് സേവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ആളാണ്. ഈ സംഘടനയുടെയും മറ്റ് സുഹൃത്തുക്കളുടെയും സഹായത്തോടെ രാജുവിന് കൈമാറിയ ഭൂമിയില്‍ ഒരു കൊച്ചു വീട് നിര്‍മ്മിച്ച് നല്‍കുകയാണ് ഇനി ബിനോജിന്റെ ലക്ഷ്യം.