ഈ ഗ്രമത്തില്‍ ആരും പട്ടിണി കിടക്കില്ല; സൗജന്യ സൂപ്പര്‍ മാര്‍ക്കറ്റുമായി ഒരു മഹല്ല് കമ്മിറ്റി

സ്വന്തം വീടിനപ്പുറത്തേക്ക് ഒരാളുടെയെങ്കിലും വിശപ്പ് മാറ്റുക എന്നത് വലിയ കാര്യമാണ്, അപ്പോ ഒരു നാടിന്റെ ആണെങ്കിലോ…ഒരു വ്യക്തിയൈ കൊണ്ട് അത് അസാധ്യമാണ് പക്ഷേ ഒരു കൂട്ടത്തിന് അത് സാധിക്കും, മനസുണ്ടായാല്‍ മതി. മലപ്പുറം വെള്ളാട്ടുപറമ്പില്‍ അങ്ങനെ മനസുള്ള മഹല് കമ്മിറ്റി ഉണ്ടായിരുന്നു, തങ്ങളുടെ നാട്ടില്‍ ആരും പട്ടിണി കിടക്കരുതെന്ന് ആ മഹല് കമ്മിറ്റി തീരുമാനി്ച്ചതോടെ പിറന്നത് നന്മയുടെ ഒരു പുതിയ ചരിത്രമാണ്.

ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വിശപ്പകറ്റാന്‍ സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയിരിക്കുകയാണ് മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂര്‍ മഹല്ല് കമ്മിറ്റി. കലവറ എന്നാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിന്റെ പേര്.
കലവറയിലുള്ള എല്ലാ ഭക്ഷ്യസാധനങ്ങളും സൗജന്യമാണ്. മുന്‍പില്‍ കാവല്‍ക്കാരനോ, അകത്ത് പണം വാങ്ങാന്‍ ക്യാഷറോ ഇല്ല. മഹല്ല് കമ്മറ്റിയുടെ പരിധിയിലുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആകുന്നത്. മതഭേതമെന്യേ ആര്‍ക്കും കലവറയില്‍ വന്ന് സാധനങ്ങള്‍ എടുക്കാം. ഒരു ദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളാണ് സൗജന്യമായി നല്‍കുന്നത്. ആവശ്യമുള്ള സാധനങ്ങള്‍ എല്ലാ ദിവസവും വന്നെടുക്കാനാകും. 21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പാക്കറ്റാണ് ഒരു ദിവസത്തേക്ക് ആദ്യ ഘട്ടത്തില്‍ ലഭിക്കുക.

തൊട്ടടുത്ത വീട്ടിലുള്ളനവന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ നമ്മില്‍പ്പൈട്ടവനല്ലെന്ന പ്രവാചക വചനത്തിന്റെ അര്‍ത്ഥം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് കലവറ ഇപ്പോള്‍.