ഓട്ടോകാരന്റെ മകള്‍ക്കെന്താ സ്വപ്‌നം കാണാന്‍ അവകാശമില്ലെ? മിസ് ഇന്ത്യ രണ്ടാം സ്ഥാനക്കാരി മന്യയാണ് ഉത്തരം

സാഹചര്യങ്ങള്‍ എപ്പോഴും നമുക്ക് അനുകൂലമാകണമെന്നില്ല, കഴിവ് എല്ലാവര്‍ക്കും ഒരു പോലെയാകണമെന്നും ഇല്ല. ലക്ഷ്യത്തിനായി അധ്വാനിക്കാനുള്ള മനസുണ്ടെങ്കില്‍ ഇതൊന്നും പക്ഷേ വിജയത്തിന് ഒരു ഘടകമേ അല്ല എന്നതാണ് സത്യം. സംശയം ഉണ്ടെങ്കില്‍ ഫെമിന മിസ് ഇന്ത്യയില്‍ റണ്ണറപ്പായ മന്യ സിംഗിനെ കുറിച്ച് ഒന്ന് അന്വേഷിച്ചാല്‍ മതി. തെലുങ്കാനയില്‍ നിന്നുള്ള മാനിക ഷിയോകന്ദ് ആയിരുന്നു ഫെമിന മിസ് ഇന്ത്യ 2020ലെ വിജയി. പക്ഷേ ഇന്ന് സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ഈ രണ്ടാം സ്ഥാനക്കാരി മന്യയെ കുറിച്ചാണ്. ഒന്നാം സ്ഥാനം ലഭിച്ചയാളേക്കാള്‍ രണ്ടാം സ്ഥാനക്കാരിക്ക് കൈയടി കിട്ടാന്‍ കാരണം അവള്‍ താണ്ടി വന്ന ദൂരവും മറികടന്ന സാഹചര്യങ്ങളും ആണ്.

ദേശീയ തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട മന്യയുടെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവറാണ്. കുരിനഗറില്‍ ജനിച്ചു വളര്‍ന്ന മന്യ കടന്നുവന്ന സാഹചര്യം അത്ര സുഖമുള്ളതായിരുന്നില്ല. ഇഷ്ടപ്പെട്ട ഭക്ഷണത്തിനും പുതിയ ഉടുപ്പിനും നല്ല പുസ്തകങ്ങള്‍ക്കും ഒക്കെ ഏറെ കൊതിച്ചിട്ടുണ്ട് മന്യ. ആ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധാരണക്കാരനായ മന്യയുടെ അച്ഛന്‍ പലപ്പോളും പരാജയപ്പെട്ടെങ്കിലും അവള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കുന്നതില്‍ അയാള്‍ വിട്ടുവീഴ്ച ചെയ്തില്ല. പഠിക്കാന്‍ നല്ല മിടുക്കിയായിരുന്നെങ്കിലും നല്ല ഉടുപ്പോ പുതിയ പുസ്തകങ്ങളോ ഇല്ലാത്ത മന്യയെ കൂട്ടുകാര്‍ ഒരുപാട് കളിയാക്കിയിരുന്നു. അന്നൊക്കെ ഒഴുക്കിയ കണ്ണിര്‍ അവള്‍ ജീവിത വിജയത്തിനുള്ള ഇന്ധനമാക്കി മാറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

മുതിര്‍ന്നപ്പോള്‍ പഠനത്തിനിടയില്‍ അച്ഛനെ സഹായിക്കാനും കുടുംബം നേരിടുന്ന ദാരിദ്ര്യത്തിന്റെ കാഠിന്യം കുറയ്ക്കാനും പഠനത്തോടൊപ്പം ജോലിക്കും പോകാന്‍ അവള്‍ തീരുമാനിച്ചു. പഠനം കഴിഞ്ഞ് കിട്ടുന്ന സമയത്ത് ഹോട്ടലില്‍ പാത്രം കഴുകി കൊടുക്കാന്‍ പോയി, കോള്‍ സെന്ററിലും ജോലി ചെയ്തു. പഠനം പുരോഗമിക്കുന്നതിനിടയില്‍ എപ്പോഴോ ഒരു മോഡല്‍ ആകണമെന്ന് മന്യക്ക് ആഗ്രഹം തോന്നി. ആ ആഗ്രഹം ആണ് ഇന്നത്തെ അവളുടെ ജീവിതത്തിന് നിറം നല്‍കിയത്. കുശിനഗറിലെ ഗലികളില്‍ റാംപ് വാക്ക് പ്രാക്ടീസ് നടത്തിയതിന് പരിഹസിച്ച നാട്ടുകാരൊക്കെ ഇന്ന് മന്യയുടെ പേരില്‍ അഭിമാനം കൊള്ളുകയാണ്.

വിജയത്തിലേക്കുള്ള വഴിയില്‍ പിന്നിട്ട പോരാട്ടങ്ങളുടെ കഥ മന്യ പങ്കുവെച്ചപ്പോഴാണ് പുറം ലോകം അറിഞ്ഞത്. സാഹചര്യങ്ങളൊക്കെയും ശത്രുപക്ഷത്ത് നിന്നപ്പോള്‍ കരളുറപ്പോടെ പൊരുതിയ തന്റെ കഥ തന്നെപ്പോലുള്ള ഒരുപാട് പേര്‍ക്ക് പ്രചോദനം ആകുമെന്ന് അവള്‍ക്ക് ഉറപ്പുണ്ട്. മത്സര വിജയം തന്ന ആത്മവിശ്വാസവുമായി മുന്നോട്ട് പോകാനാണ് മന്യയുടെ തീരുമാനം. പ്രതിസന്ധികളില്‍ ഒപ്പം നിന്ന അച്ഛന് വേണ്ടി എന്തൊക്കെയെ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് പറയുന്നു മന്യ.