പോരുന്നോ എന്റെ കൂടെ; ജഡ്ജിയോട് പ്രണയം പറഞ്ഞ് പ്രതി.

പൊതുവെ കോടതി മുറികളില്‍ നിന്ന് സന്തോഷമുള്ള വിശേഷങ്ങള്‍ അങ്ങനെ പുറത്ത് വരാറില്ല, പ്രത്യേകിച്ച് ചിരിക്ക് വകയുള്ള കാര്യങ്ങള്‍. പക്ഷേ അമേരിക്കയിലെ ഫ്‌ലോറിഡയിലെ കോടതി മുറിയില്‍ നിന്നുള്ള ഈ വിഡിയോ കണ്ടാല്‍ അറിയാതൊന്നു ചിരിച്ചു പോകും.

ഡിമിത്രിയസ് ലെവിസ് എന്ന ഒരു പ്രതിയാണ് വീഡിയോയിലെ താരം. മോഷണ കുറ്റം ആരോപിച്ചാണ് ഡിമിത്രയിസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ബ്രോവാര്‍ജ് കൗണ്ടി കോടതിയില്‍ വിചാരണയ്ക്കായി എത്തിച്ചു. തബിത ബ്ലാക്‌മോന്‍ ആയിരുന്നു ജഡ്ജി. കൊവിഡ് നിയന്ത്രണങ്ങളൊക്കെ ഉള്ളതു കൊണ്ടായിരിക്കണം സൂം വഴിയാണ് തബിത പ്രതിക്കും പൊലീസിനുമൊക്കെ പറയാനുള്ളത് കേട്ടത്.

വാദങ്ങളെല്ലാം കേട്ട് തബിത വിധി പ്രസ്താവിക്കാന്‍ തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായ ആ ട്വിസ്റ്റ് ഉണ്ടായത്. ട്വിസ്റ്റ് എന്താണെന്നല്ലേ, വിധി പ്രസ്താവത്തിനിടയ്ക്ക് ജഡ്ജിയെ തടഞ്ഞ് ഡിമിത്രയസ് ഇങ്ങനെ പറഞ്ഞു…’പ്രിയപ്പെട്ട ജഡ്ജ്,നിങ്ങള്‍ വളരെ അധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ് ഐ ലവ് യു’ ഡിമിത്രയസിന്റെ പ്രണയാഭ്യര്‍ത്ഥന കേട്ട് പുഞ്ചിരിച്ച ജഡ്ജി പക്ഷേ ഉള്ള കാര്യം തുറന്നു പറഞ്ഞു. ‘ മുഖസ്തുതി നിങ്ങളെ ചിലപ്പോഴൊക്കെ രക്ഷിക്കും, പക്ഷേ ഇവിടെ നടക്കില്ല’ അങ്ങനെ ഡിമിത്രയസിന്റെ പ്രണയാഭ്യര്‍ത്ഥന ചെറു പുഞ്ചിരിയോട് നിരസിച്ച ജഡ്ജി മുഖം നോക്കാതെ 5000 ഡോളറിന്റെ ബോണ്ട് അടക്കം ശിക്ഷയും വിധിച്ചു.

കോടതി മുറിയിലെ ഈ പ്രണയാഭ്യര്‍ത്ഥനയും ജഡ്ജിയുടെ മറുപടിയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഡിമിത്രയിസിനെ കുറ്റം പറയാന്‍ പറ്റില്ലെന്നും സുന്ദരിയായ ജഡ്ജിയെ ആരും ഇഷ്ടപ്പെട്ടു പോകുമെന്നുമാണ് ചിലര്‍ പറയുന്നത്. ഇഷ്ടം പറഞ്ഞയാള്‍ക്ക് മുഖം നോക്കാതെ ശിക്ഷ വിധിച്ച ജഡ്ജിയുടെ നടപടിയിലും ചിലര്‍ക്ക് പരിഭവം ഉണ്ട്.