സൈക്കിളും, 170 രൂപയും പിന്നെ ചായ ഉണ്ടാക്കാനറിയാമെന്ന കോണ്‍ഫിഡന്‍സും; തൃശൂരില്‍ നിന്ന് കശ്മിരിലേക്ക് നിതിന്റെ യാത്ര

യാത്ര പോകാന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലും ഇത് വായിക്കുന്നുണ്ടോ? ഇല്ലെന്ന് ഉറപ്പാണ്. യാത്ര പോകാനും പുതിയ സ്ഥലങ്ങള്‍ കാണാനും പുതിയ ആളുകള പരിചയപ്പെടാനും പുതിയ രുചികള്‍ ആസ്വദിക്കാനും എല്ലാം നമുക്ക് ഇഷ്ടമാണ്..പക്ഷേ നമ്മള്‍ യാത്ര പോകാറുണ്ടോ, ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇടയ്ക്ക് വീട്ടുകാര്‍ക്കോ, കൂട്ടുകാര്‍ക്കൊ ഒപ്പം മൂന്നാറിലേക്കോ വാഗമണിലേക്കോ ഒക്കെ ഒന്ന് പോയി വരും, ചോദിച്ചത് അങ്ങനെയൊരു യാത്രയെ കുറിച്ചല്ല, അതിര്‍ത്തികള്‍ താണ്ടി ഒറ്റയ്ക്ക് കൂറെ വഴികള്‍ താണ്ടി നമ്മള്‍ക്ക് തീരെ പരിചിതമല്ലാത്ത ഒരു ദേശത്തേക്കുള്ള യാത്രയെ കുറിച്ചാണ്. സാഹചര്യങ്ങളൊന്നും അനുകൂലമല്ലാത്തതിനാല്‍ അങ്ങനെയൊരു യാത്രയ്ക്ക് ഇതുവരെ പറ്റിയിട്ടില്ലെന്നല്ലേ പറയുന്നത്. എന്നാല്‍ കേട്ടോളൂ, സാഹചര്യങ്ങളൊന്നും അനുകൂലമല്ലാത്ത ഒരാള്‍ വെറും 170 രൂപയ്ക്ക് അങ്ങ് കാശ്മിരില്‍ പോയ അനുഭവം.

തൃശൂരുകാരന്‍ എം ആര്‍ നിതിന്‍ ആണ് ആരും കാണാന്‍ കൊതിക്കുന്ന കാശിമിര്‍ എന്ന സ്വര്‍ഗത്തില്‍ ഇങ്ങ് കേരളത്തില്‍ നിന്ന് 170 രൂപയ്ക്ക് പോയത് . 2021ലാണ് ഹൃദയം പറയുന്നത് കേട്ട് കശ്മിരിലേക്ക് യാത്ര ചെയ്യാന്‍ നിതിന്‍ തീരുമാനിച്ചത്. തീരുമാനം എടുക്കുക എളുപ്പമായിരുന്നു. പക്ഷേ അതിനുള്ള സാഹചര്യങ്ങളൊരുക്കുക ഇത്തിരി പ്രായസമുള്ളതായിരുന്നു. ഇരുപത്തിമൂന്നുകാരനായ നിതിന് തൃശൂരില്‍ നിന്ന് കശ്മിരിലേക്ക് എത്തണമെങ്കിലും 3,300 കിലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. യാത്ര ചെയ്യാന്‍ സ്വന്തമായൊരു വാഹനം നിതിനില്ലായിരുന്നു. ബൈക്കോ മറ്റോ വാടകയ്‌ക്കെടുക്കാന്‍ കയ്യില്‍ കാശും ഇല്ല. അനിയന്റെ പഴയ സൈക്കിള്‍ ശരിയാക്കിയെടുത്ത് യാത്ര അതിലാക്കിയാല്‍ എന്താണ് കുഴപ്പമെന്ന് നിതിന്‍ ചിന്തിച്ചു, സ്‌കൂളില്‍ സൈക്കിളൊക്കെ ചവിട്ട് പോകുന്നത് ഔട്ട് ഓഫ് ഫാഷനായതോടെ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴെ അനിയന്‍ സൈക്കിള്‍ വീട്ടിലെ ഒരു മുലയിലേക്ക് മാറ്റിയിട്ടിരുന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള ആ സൈക്കിള്‍ കാശ്മിര്‍ വരെ ഓടിക്കാനുള്ള പരുവമാക്കണമെങ്കില്‍ നല്ല പണി പണിയണം. അതിനുള്ള പൈസ കണ്ടെത്താന്‍ ഏറെ ആഗ്രഹിച്ച്, കുറെ അധ്വാനിച്ച് വാങ്ങിയ പ്രിയപ്പെട്ട ക്യാമറ വില്‍ക്കാന്‍ മനസില്ലാ മനസോടെ തീരുമാനിച്ചു. ക്യാമറ വിറ്റ് കിട്ടിയ പതിമൂവായിരം രൂപ കൊണ്ട് സൈക്കിളിന്റെ ചെയിനും ബ്രൈക്കും ഒക്കെ ശരിയാക്കി.

കൈയില്‍ ബാക്കി വന്ന കുറച്ച് പൈസ ഉപയോഗിച്ച് എന്തായാലും കശ്മിര്‍ വരെ പോയി വരാനാകില്ല. പിന്നെന്തു ചെയ്യുമെന്ന ചോദ്യത്തിന് തന്റെ ജോലി തന്നെ ചെയ്താല്‍ മതിയല്ലോ എന്ന ഉത്തരം നിതിന്‍ തന്നെ കണ്ടു പിടിച്ചു. അങ്ങനെ രണ്ട് വര്‍ഷമായി ചായ ഉണ്ടാക്കല്‍ ഉപജീവനമാര്‍ഗമായി തെരഞ്ഞെടുത്ത നിതിന്‍ യാത്രക്കിടെ ചായ ഉണ്ടാക്കി വിറ്റ് തന്നെ പണം കണ്ടെത്താമെന്ന് തീരുമാനിച്ചു. കൈയില്‍ ബാക്കിയുള്ള കാശ് എടുത്ത് ഒരു സ്റ്റൗ വാങ്ങി. താന്‍ ഉണ്ടാക്കുന്ന ചായ ഏത് നാട്ടിലാണെങ്കിലും ആളുകള്‍ വാങ്ങി കുടിക്കുമെന്ന ആത്മവിശ്വാസം നിതിനുണ്ടായിരുന്നു.

അങ്ങനെ 2021 ജനുവരി 1ന് നിതിന്‍ തൃശൂരില്‍ നിന്ന് നിതിന്‍ തന്റെ സൈക്കിളില്‍ കശ്മിരിലേക്ക് യാത്ര പുറപ്പെട്ടു. കേരള ടു കശ്മിര്‍ എന്ന് ഒരു ലാമിനേറ്റഡ് പേപ്പറില്‍ എഴുതി സൈക്കിളില്‍ തൂക്കി. കൈയില്‍ 170 രൂപയായിരുന്നു അന്ന് ബാക്കിയുണ്ടായിരുന്നത്. 30 ദിവസം കൊണ്ട് നിതി രാജസ്ഥാനിലെത്തി. എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്ക് യാത്ര ആരംഭിക്കും, വൈകിട്ട് നാല് മണിയോടെ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഒരു ലോക്കെഷന്‍ കണ്ടെത്തും. പാലും വെള്ളവും കിട്ടുന്ന സ്ഥലമാണ് ലക്ഷ്യം, അതാകുമ്പോള്‍ ചായ ഉണ്ടാക്കല്‍ എളുപ്പമാണ്. ചായപ്പൊടിയും പഞ്ചസാരയും ബാഗില്‍ കരുതിയിട്ടുണ്ടായിരുന്നു നിതിന്‍. 35 കപ്പ് ചായ എടുക്കാനുള്ള പാത്രവും യാത്ര തുടങ്ങുമ്പോള്‍ നിതിന്‍ കൈയില്‍ കരുതിയിരുന്നു. ഈ 35 ചായയും വിറ്റാല്‍ നിതിന് 350 രൂപ ലഭിക്കും. ആ തുക ഉപയോഗിച്ച് ഭക്ഷണവും യാത്രയില്‍ വേണ്ട മറ്റ് അവശ്യവസ്തുക്കളും വാങ്ങും. തന്റെ യാത്രയെ കുറിച്ച് അറിഞ്ഞ് പലരും ചായ കുടിക്കാതെ തനിക്ക് പണം നല്‍കിയത് നിതിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ചായ മുഴുവന്‍ വിറ്റ് തീര്‍ന്നാല്‍ ഏറ്റവും അടുത്തുള്ള പെട്രോള്‍ പമ്പിലേക്കാണ് യാത്ര. അവിടെ കുഞ്ഞ് ടെന്റ് കെട്ടി പുലരുവോളം ഉറങ്ങും. ഗൂഗിള്‍ മാപ്പ് ആയിരുന്നു നിതിന്റെ ഗൈഡ്, അത് പരാജയപ്പെട്ടിടത്തൊക്കെ പ്രദേശവാസികള്‍ ഗൈഡായി മാറി.

യാത്ര തുടങ്ങുമ്പോള്‍ കൈയിലിടാന്‍ ഗ്ലൗസോ, ഹെല്‍മറ്റോ ഒന്നും നിതിന് ഇല്ലായിരുന്നു. ഇതുവരെ കാണാത്ത നാടുകളിലെ ഇതുവരെ കാണാത്ത മനുഷ്യര്‍ അവനെ പരിചയപ്പെട്ടപ്പോള്‍ യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍ അവന്റെ സുരക്ഷയെ കരുതി ഒരോന്നായി വാങ്ങി നല്‍കി. ചില ദിവസങ്ങളിലൊക്കെ സൈക്കിളിന്റെ പെഡല്‍ തട്ടി കാല് മുറിഞ്ഞു, മറ്റ് ചില ദിവസങ്ങളില്‍ കാലില്‍ നീര് വന്നു, വേദനകളൊന്നും പക്ഷേ നിതിന്റെ ലക്ഷ്യത്തിന് മുന്നില്‍ വിലങ്ങു തടിയായിരുന്നില്ല… അതൊക്കെ മറികടന്ന് നിതിന്‍ അവന്‍ ആഗ്രഹിച്ചിടത്ത് തന്നെയെത്തി. തൃശൂരില്‍ നിന്ന് കശ്മിരിലേക്കുള്ള യാത്രയായിരുന്നില്ല നിതിന് അത്, അനുഭവങ്ങളില്‍ നിന്ന് അനുഭവങ്ങളിലേക്കുള്ളതായിരുന്നു. ആ അനുഭവങ്ങളൊക്കെ ഒരു ഓര്‍മ്മചെപ്പിലാക്കിയാണ് നിതിന്‍ തിരികെ നാട്ടിലേക്ക് മടങ്ങുന്നത്…