മോഡലായി നാടോടി പെൺകുട്ടി, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സുന്ദരിയായ സ്ത്രിയെന്ന് പറയുമ്പോൾ മനസിലേക്ക് ഓടി വരുന്നത് ഏതെങ്കിലും സിനിമ നടിയുടെയോ മോഡലുകളുടെയോ മുഖം ആയിരിക്കും അല്ലേ?…ഈ രണ്ട് കൂട്ടരെ മാത്രം സൗന്ദര്യത്തിന്‍റെ പ്രതിരൂപമായി നമ്മൾ കാലങ്ങളായി കണ്ടു പോരുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ, ചുറ്റിനും സുന്ദരികളായ സ്ത്രീകളൊന്നും ഇല്ലാത്തത് കൊണ്ടാണെന്ന് പറഞ്ഞേക്കരുത്, അത് വലിയ ഒരു തെറ്റിദ്ധാരണയാണ്. ഈ സിനിമ നടികളോക്കാളും എണ്ണം പറഞ്ഞ മോഡലുകളെക്കാളും സൗന്ദര്യം നമുക്ക് ചുറ്റുമുള്ള സാധാരണക്കാരിലും, എന്തിന് നമ്മളിൽ പോലും ഉണ്ടെന്ന് ഇനി എന്നാണ് നമ്മൾ മനസിലാക്കുക.. ആ തെറ്റിദ്ധാരണ മാറ്റാൻ സഹായിക്കുന്ന ഒരു ഫോട്ടോഷൂട്ടിന്‍റെ വിശേഷമാണ് ഇന്ന് പങ്കുവെയ്ക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാറായ മഹാദേവൻ തമ്പിയാണ് ഈ വിത്യസ്ത ഫോട്ടോഷൂട്ടിന് പിന്നിൽ.

കൊച്ചി ഇടപ്പള്ളി സിഗ്നലിൽ മൊബൈൽ ഹോൾഡർ വിൽക്കുന്ന രാജസ്ഥാന നാടോടി സ്ത്രീയാണ് മഹാദേവന്‍റെ പുതിയ ഫോട്ടോഷൂട്ടിലെ മോഡൽ. നാടോടി സ്ത്രീയെന്ന് പറഞ്ഞ് എഴുതി തള്ളല്ലേ, പൊരിവെയിലത്ത് മൊബൈൽ ഹോൾഡർ വിറ്റ് നടക്കുന്നതിനിടയിൽ വെയിൽ കൊണ്ട് മങ്ങിയ മുഖമായിരുന്നില്ല മേക്കപ്പും പുതുവസ്ത്രവും ഇട്ടുകഴിഞ്ഞപ്പോൾ അവൾക്ക്. പ്രൊഫഷണൽ മോഡലുകൾ പിന്നിൽ പോകുന്ന സൗന്ദര്യമായിരുന്നു അത്. ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയത് പക്ഷേ ആ മെയ്ക്കപ്പോ പുതിയ വസ്ത്രമോ ഒന്നുമായിരുന്നില്ല…അവളുടെ ചിരിയായിരുന്നെന്ന് നിസംശയം പറയാം.

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമാണിത്..മേക്കപ്പും ഹെയർ സ്റ്റൈലിങ്ങും കഴിഞ്ഞതിനുശേഷം കണ്ണാടിയിൽ നോക്കി അവൾ പറഞ്ഞത് ഇങ്ങനെയാണെന്ന് പറയുന്നു മഹാദേവൻ തമ്പി. കൊച്ചിയിലൂടെയുള്ള യാത്രയ്ക്കിടെ സിഗ്നൽ കാത്തുകിടക്കുമ്പോൾ സാധനങ്ങൾ വിൽക്കാനായി മുമ്പിലെത്തുന്ന നാടോടികളെ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെയാണ് അക്കൂട്ടത്തിൽ നിന്നൊരു പെൺകുട്ടിയെ മേക്കോവർ ഷൂട്ടിന്റെ ഭാഗമാക്കിയാലോ എന്ന ചിന്ത മഹാദേവന് ഉണ്ടാകുന്നത്. ആ അന്വേഷണം ആസ്മാനിലേക്ക് എത്തി. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും കാര്യങ്ങൾ മനസ്സിലായതോടെ ആസ്മാനും കുടുംബവും മേക്കോവർ ഷൂട്ടിന് സമ്മതിച്ചു. അങ്ങനെയാണ് മനസ്സിൽ കുറച്ചു കാലമായി കൊണ്ടു നടന്ന ആശയം മഹാദേവൻ ഫ്രെയിമിലാക്കുന്നത്.

മേക്കപ്പ് ആർടിസ്റ്റിനോടും കോസ്റ്റ്യൂം ഡിസൈനറോടും പുതിയ മോഡലാണ് എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏകദേശ അളവിലാണ് വസ്ത്രം ഡിസൈൻ ചെയ്തത്. ഫോട്ടോഷൂട്ടിനെത്തിയ നാടോടി പെൺകുട്ടിയെ കണ്ട് അവരും ഞെട്ടി. പുതു വസ്ത്രവും മേക്കപ്പുമൊക്കെ ഇട്ട ശേഷം പകർത്തിയ ദൃശ്യങ്ങൾ കണ്ട് ഞെട്ടിയത് അസ്മാൻ ആണ്, മഹാദേവൻ പകർത്തിയ ഒരോ തന്‍റെ ഒരോ ചിത്രങ്ങളും കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയവൾ. പക്ഷേ മെയ്ക്കപ്പോക്കെ മാറ്റാൻ തുടങ്ങിയപ്പോൾ അസ്മാന്‍റെ മുഖത്തൊരു സങ്കടം. അച്ഛനും അമ്മയ്ക്കും ഈ രൂപത്തിൽ തന്നെ കാണാൻ പറ്റാത്തതിൽ ആയിരുന്നു ഈ സങ്കടം. പിന്നെയൊന്നും നോക്കിയില്ല മേക്കപ്പും പുതുവസ്ത്രവും വീണ്ടും അണിയിച്ച് കുറച്ച് സമ്മാനാങ്ങളും നൽതിയാണ് അസ്മാനെ മഹാദേവനും കൂട്ടരും വീട്ടിലേക്ക് പറഞ്ഞ് വിട്ടത്.

വഴിയോരത്ത് കച്ചവടം നടത്തുന്ന ഒരു നാടോടി പെൺകുട്ടിക്ക് അവളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം സമ്മാനിച്ച സന്തോഷത്തിലാണ് മഹാദേവനും കൂട്ടരും ഇപ്പോൾ.. അസ്മാന്‍റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതിന്‍റെ സന്തോഷം വെറേയും.