വധുവിന്റെ മനസ്സറിഞ്ഞ് സര്‍പ്രൈസ് നല്‍കി വരന്‍; ഹൃദയം നിറയ്ക്കുന്ന വീഡിയോ

ചില കുഞ്ഞ് കാര്യങ്ങള്‍ പോലും ചിലരില്‍ വലിയ സന്തോഷം ഉണ്ടാക്കാറുണ്ട്. നമ്മള്‍ ചെയ്യുന്ന ചെറിയ നന്മകള്‍ പോലും ഒരു നിമിഷത്തേക്ക് എങ്കിലും ചിലരെ സന്തോഷിപ്പിക്കാന്‍ പറ്റാറുണ്ട്. മനസ്സ് അറിഞ്ഞ് ചെയ്യുന്ന നന്മകള്‍ പലരും ചെയ്യാറുണ്ട്. എന്നാല്‍ അത് വലിയ സന്തോഷം ഉണ്ടാക്കിയെന്നും വരില്ല. എന്നാല്‍ ഇത് അങ്ങനെയല്ല. മനസ്സ് നിറഞ്ഞ് സന്തോഷിക്കുന്ന വീഡിയേയാണ് സോഷ്യല്‍ മീഡയയില്‍ വൈറലായിക്കൊണ്ട് ഇരിക്കുന്നത്.

ഒരു വിവാഹം, ചടങ്ങുകള്‍ ആരംഭിക്കാന്‍ പോകുകയാണ്, പിന്നില്‍ മനോഹരമായ പാട്ടും. വിവാഹ മോതിരം കൈകളിലായി എത്തുന്നത് ഒമ്പത് കുസൃതിക്കുരുന്നുകള്‍. എല്ലാവരും വധുവിന്റെ വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഇവര്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച പ്രത്യേക പരിചരണമാവശ്യമുള്ളവരാണ് ഈ കുട്ടികള്‍.

കുട്ടികളെ കണ്ട് വധു അത്ഭുതപ്പെടുന്നതും സന്തോഷം കൊണ്ട് കരയുന്നതുമെല്ലാം വീഡിയോയിലുണ്ട്. വരനും വധുവും കുട്ടികളുടെ അരികിലെത്തി അവരെ കെട്ടിപ്പിടിക്കുന്നതും കാണാം. നിങ്ങളാണോ ഈ സര്‍പ്രൈസ് ഒരുക്കിയത് എന്ന് മട്ടില്‍ വധു നോക്കുമ്പോള്‍ മനോഹരമായ ചിരി നല്‍കി നില്‍ക്കുന്ന വരനെയും വീഡിയോയില്‍ കാണാനാകും.

3.6 മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഒന്നര ലക്ഷത്തിലധികം ലൈക്കുകളും 53,000 കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ലോകത്തില്‍ മനുഷ്യത്വം ബാക്കിനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്തരം വീഡിയോകളെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരെ ബഹുമാനിക്കണമെന്നാണ് മറ്റൊരാളുടെ കമന്റ്.