പെരുന്നാളിന് പണം പിരിക്കാന്‍ വന്നതല്ലാ, നല്‍കാന്‍ വന്നതാണ്..തൃശൂരില്‍ നിന്നൊരു നല്ല മാതൃക

കൊവിഡ് കാലം തന്ന പ്രതിസന്ധികള്‍ എണ്ണിയാല്‍ തീരാത്തതാണ്. എന്നാല്‍ ആ കെട്ട കാലത്തിനിടയ്ക്ക് സ്‌നേഹത്തിന്റെ പ്രതിക്ഷയുടെയുമൊക്കെ കുഞ്ഞു കുഞ്ഞു അടയാളങ്ങള്‍ ചിലര്‍ നമുക്ക് കാണിച്ചു തരുന്നുണ്ട്. അങ്ങനെ ഒരു കഥയാണ് ഇന്ന് പങ്ക് വെയ്ക്കുന്നത്. സംഭവം നടന്നത് തൃശൂരിലാണ്.

സാധാരണ ഇങ്ങനെ പ്രതിസന്ധികാലത്തൊക്കെ പള്ളി പെരുന്നാള്‍ കമ്മിറ്റിക്കാര്‍ വീട്ടിലേക്ക് നോട്ടീസുമായി വരുമ്പോള്‍ ആര്‍ക്കായാലും ഉള്ളൊന്നു പിടയും, കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതെങ്ങനെ എന്ന് ചിന്തിക്കാനാല്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് ആ സങ്കടത്തിനു കാരണം ആ ഉള്‍പിടച്ചില്‍ നമുക്ക് ചുറ്റുമുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്ക് മനസിലാകാനാണല്ലേ

തൃശൂര്‍ അതിരൂപതയിലെ കോലാഴി സെന്റ് ബെനഡിക് പള്ളിയിലെ പെരുന്നാള്‍ കമ്മിറ്റിക്കാര്‍ ആ പിടച്ചില്‍ അറിഞ്ഞാണ് ഇത്തവണത്തെ പെരുന്നാള്‍ സപ്ലീമെന്റ് നല്‍കാനായി ഇടവകയിലെ ഒരോ വീട്ടിലും കയറിയത്. സപ്ലിമെന്റിനൊപ്പം സ്‌നേഹവും പ്രതിക്ഷയും നിറച്ച ഒരു കവറും വികാരിയച്ഛന്റെ ഒരു കത്തും അവര്‍ കരുതിയിരുന്നു. കവര്‍ പൊട്ടിച്ച വിശ്വാസികളുടെ മുഖത്തേക്ക് ആ സ്‌നേഹവും പ്രതിക്ഷയും പകര്‍ന്ന് കിട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കത്തില്‍ വികാരിയച്ഛന്‍ കൊടുത്തു വിട്ട പ്രതിക്ഷയുടെ, സ്‌നേഹത്തിന്റെ ഒരു പെരുന്നാള്‍ സന്ദേശമായിരുന്നു, കവറില്‍ അഞ്ഞൂറ്റിയൊന്നു രൂപയും. കൊടുത്തയച്ച കവറിലെ പണത്തിന്റെ മൂല്യമൊന്നും ആരും ചികയേണ്ട അത് അവര്‍ക്ക് വലുതോ ചെറുതോ ആയിക്കോട്ടെ പക്ഷേ ആ പണം നല്‍കുന്ന പ്രതീക്ഷ, കുടെ ആരൊക്കെയോ ഉണ്ടെന്ന് തോന്നല്‍ അതിനൊന്നും ആര്‍ക്കും വിലയിടാന്‍ ആകില്ല.

പള്ളികമ്മറ്റിയോ വികാരിയച്ചനോ തങ്ങള്‍ ചെയ്തത് വലിയ കാരുണ്യമാണെന്നോ നന്മയാണെന്നോ കരുതുന്നില്ല, അത് കൊണ്ട് തന്നെ ഇക്കാര്യം അവര്‍ ആരോടും പറഞ്ഞുമില്ല. കത്തും കവറും കിട്ടിയ ചിലര്‍ ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പോസറ്റ് ചെയ്തതോടെയാണ് സംഭവം ലോകമറിഞ്ഞത്. പൊതിച്ചൊറില്‍ നൂറു രൂപ വെച്ച് ആശുപത്രിയിലേക്ക് കൊടുത്തുവിട്ട വീട്ടമ്മയും ഈ പള്ളി കമ്മിറ്റിക്കാരുമൊക്കെ പകര്‍ന്ന് നല്‍കുന്ന ഒരു സന്ദേശമു ണ്ട്സ്നേഹത്തിന്റെ, പ്രതിക്ഷയുടെ….ഈ കെട്ട കാലവും കടന്നു പോകും..