‘ഒരു ജെസിബി കിട്ടിയിരുന്നെങ്കില്‍ പുറം ചൊറിയാമായിരുന്നു…’

മഹാനായ മലയാളി നടന്‍ ജയന്റെ ശബ്ദം അനുകരിക്കുന്ന മിമിക്രി താരങ്ങള്‍ പലപ്പോഴും പറയാറുളള ഡയലോഗാണ് തലക്കെട്ടിലുളളത്. ജയന്റെ പൗരുഷവും അസാമാന്യ കരുത്തും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡയലോഗാണിത്. എന്നാല്‍ അതേ ഡയലോഗിലേത് പോലെ തന്നെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

സാധാരണ നമുക്കെല്ലാം ദേഹത്തെവിടെയെങ്കിലും അല്‍പമൊന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ നാം എങ്ങനെയെങ്കിലും ആ ചൊറിച്ചില്‍ പരിഹരിക്കും. പക്ഷെ ഈ വീഡിയോയിലെ മുതിര്‍ന്നയാളെ പോലെ നമ്മളാരും ഇതുവരെ ചൊറിച്ചില്‍ മാറ്റിയിട്ടില്ലെന്ന് ഉറപ്പാണ്. പണിസ്ഥലത്തെ ജോലി കഴിഞ്ഞ് ശരീരമാകെ പറ്റിയ പൊടി തോര്‍ത്തുപയോഗിച്ച് തുടച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും പോയില്ല. പുറമാണെങ്കില്‍ ചൊറിഞ്ഞിട്ടും വയ്യ. അപ്പോഴാണ് അടുത്ത് മണ്ണുമാന്തി കണ്ടത്. പിന്നെ ഒട്ടും താമസിച്ചില്ല. മണ്ണുമാന്തി നിയന്ത്രിക്കുന്നയാളുടെ സഹായത്തോടെ അതിന്റെ കൈ കൊണ്ട് പുറത്തെ ചൊറിച്ചിലെല്ലാം മാറ്റി.

കേരളത്തില്‍ എവിടെ നിന്നോ ഉളള വീഡിയോയിലാണ് മുതിര്‍ന്ന പൗരന്‍ ഇത്തരത്തില്‍ രസകരമായി തന്റെ പുറം ചൊറിച്ചില്‍ മാറ്റിയത്. ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനകം രണ്ട് ലക്ഷം പേര്‍ കാണുകയും രണ്ടായിരത്തോളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു കഴിഞ്ഞു. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. അതേ സമയം മണ്ണുമാന്തി നിയന്ത്രിച്ചയാള്‍ക്ക് ഒന്ന് തെറ്റിയിരുന്നെങ്കില്‍ ചൊറിയാന്‍ വന്നുനിന്നയാള്‍ അപകടത്തിലായേനെ എന്നും വീഡിയോ കണ്ടവര്‍ കുറിക്കുന്നുണ്ട്.

ഇതിനുമുന്‍പും മണ്ണുമാന്തി കൊണ്ട് രസകരമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ലോറിയില്‍ നിന്നും താഴെയിറങ്ങാന്‍ മണ്ണുമാന്തിയുടെ കൈയില്‍ കയറുന്ന സ്ത്രീകളുടെ വീഡിയോ അത്തരത്തില്‍ അവസാനം വന്നതാണ്.