കോവിഡ് പോരാട്ടത്തിന് ‘കൈക്കുഞ്ഞ് സാക്ഷി’; പ്രസവിച്ച് പതിനാലാം ദിനം ജോലിക്കെത്തി ഐഎഎസ് ഉദ്യോഗസ്ഥ

പ്രസവിച്ച് പതിനാലാം ദിവസം കൈക്കുഞ്ഞുമായി ഓഫീസില്‍ ജോലിക്കെത്തിയ ഗാസിയാബാദ് ജില്ലയിലെ കൊവിഡ് നോഡല്‍ ഓഫീസറും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായ സൗമ്യ പാണ്ഡയെകണ്ട് അന്തം വിട്ടിരിക്കുകയാണ് സഹപ്രവര്‍ത്തകരും ജനങ്ങളും. ഇങ്ങനെയും ഒരു ഐ എ എസുകാരി ഉണ്ടാവുമോ എന്നാണ് അവര്‍ ചോദിക്കുന്നത്.

ക്യാമ്പ് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതും മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതും കുഞ്ഞിനെയും കൈയില്‍ പിടിച്ചുതന്നെ. റിസ്‌ക് എടുക്കേണ്ടെന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് സൗമ്യ ജോലിക്കെത്തിയത്. ജോലിയോടുളള അര്‍പ്പണമനോഭാവം തന്നെ ഇതിന് കാരണം. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെ സ്വന്തംകാര്യങ്ങള്‍പോലും മാറ്റിവച്ച് ജോലിചെയ്യുമ്പോള്‍ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് ഞാനെങ്ങനെ മാറിനില്‍ക്കും എന്നാണ് സൗമ്യ ചോദിക്കുന്നത്.

ഏഴുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് സൗമ്യയെ ഗാസിയാബാദ് ജില്ലയിലെ കൊവിഡ് നോഡല്‍ ഓഫീസറായി നിയമിച്ചത്. ഒരു എതിര്‍പ്പും കൂടാതെ അത് അംഗീകരിച്ചു. ഈ സമയം ജില്ലയില്‍ ഓരോദിവസവും നൂറിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പക്ഷേ, അതൊന്നും സൗമ്യയെ പിന്തിരിപ്പിച്ചില്ല. ആവശ്യമായ സ്വയം സുരക്ഷ സ്വീകരിച്ച് അവര്‍ മുന്നിട്ടിറങ്ങി. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തവര്‍ പോലും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ മടിച്ചിരുന്നപ്പോഴാണിത്. ആരോഗ്യം നോക്കണമെന്നും ലീവെടുത്ത് വീട്ടിലിരിക്കണം എന്ന് പലരും ഉപദേശിച്ചെങ്കിലും അതെല്ലാം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. സെപ്തംബര്‍ പതിനേഴിനായിരുന്നു പ്രസവം.

കൊവിഡ് നോഡല്‍ ഓഫീസറായി ചാര്‍ജെടുക്കുന്നതിനുമുമ്പ് ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താന്‍വേണ്ട കാര്യങ്ങള്‍ ചെയ്യാനുളള ചുതതലയായിരുന്നു സൗമ്യക്ക്. ഇതിനാെപ്പം മാര്‍ക്കറ്റുകളില്‍ ആവശ്യസാധനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതും കമ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം ശരിയായ ദിയശിലാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയും സൗമ്യക്കായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് ഇടയില്ലാതെ അതെല്ലാം ഭംഗിയായി ചെയ്തതോടെയാണ് നോഡല്‍ ഓഫീസിറുടെ ചുമതല നല്‍കിയത്.

2016ല്‍ ആള്‍ ഇന്ത്യാതലത്തില്‍ നാലാം റാങ്കോടെയാണ് സൗമ്യ ഐ എ എസ് പരീക്ഷ വിജയിച്ചത്. പരീശീലനകാലത്തും മികവുതെളിയിച്ച സൗമ്യയെത്തേടി നിരവധി അംഗീകാരങ്ങളും എത്തിയിരുന്നു. പൊതുജനങ്ങളെ സേവിക്കുന്നതിന് സ്വന്തം കാര്യങ്ങള്‍ തടസമാകരുതെന്നാണ് സൗമ്യയുടെ നിലപാട്. കൈക്കുഞ്ഞുമായി ജോലിക്കെത്തി അത് മറ്റുളളവര്‍ക്ക് ഉദാഹരണസഹിതം കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ സമ്യക്ക് സോഷ്യല്‍മീഡിയയിലുള്‍പ്പടെ അഭിനന്ദന പ്രവാഹമാണിപ്പോള്‍.