‘സ്‌മൈല്‍ പ്ലീസ്’; ഈ ‘കരടിയുടെ കരിയര്‍’ മോഡലിങ്

ജനിച്ചുവീണപ്പോള്‍ തന്നെ അമ്മ ഉപേക്ഷിച്ച് പോയ സ്റ്റെപാനെ വളര്‍ത്തിയതും വലുതാക്കിയതും മനുഷ്യരാണ്. ഇന്ന് മനുഷ്യര്‍ക്കൊപ്പം വര്‍ണപ്പകിട്ടാര്‍ന്ന ഒരു കരിയറിലൂടെ ലോകപ്രശസ്തനായിരിക്കുകയാണ് സ്റ്റെപാന്‍. ആരാണ് സ്റ്റെപാന്‍ എന്നായിരിക്കും ചോദ്യം. 28 വയസുള്ള ബ്രൗണ്‍ കരടിയാണ് സ്റ്റെപാന്‍.

സ്റ്റെപാന്‍ ഇന്ന് റഷ്യയിലെ അറിയപ്പെടുന്ന ഒരു മോഡലാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം വിവിധ പോസുകളില്‍ ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ അനുസരണയോടെ നില്ക്കുന്ന സ്റ്റെപാന്‍ ആരെയും ഉപദ്രവിക്കുമെന്ന പേടിവേണ്ട. സ്വെറ്റ്‌ലാന – യൂറി പാന്റ്റിലീന്‍കോ എന്ന ദമ്പതികളാണ് സ്റ്റെപാന്റെ ഉടമകള്‍.

ഇവരുടെ സൃഹൃത്തായ മോസ്‌കോ സ്വദേശിനിയായ മില സ്ഡനോവ എന്ന 40കാരിയായ ഫോട്ടോഗ്രാഫറാണ് സ്റ്റെപാന്റെ തലവര മാറ്റി എഴുതിയത്. മനുഷ്യരോട് നന്നായി ഇണങ്ങുന്ന സ്റ്റെപാനെ മോഡലാക്കാന്‍ മില തീരുമാനിച്ചു. ഫാന്റസി തീമില്‍ റഷ്യന്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ മോഡലുകള്‍ക്കൊപ്പം സ്റ്റെപാനെ പോസ് ചെയ്യിപ്പിച്ചു തുടങ്ങി.

മില അത് തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തു. ഈ ഫോട്ടോകള്‍ കണ്ടാല്‍ ആരായാലും നോക്കി നിന്നു പോകും. ഡിസ്‌നിയുടെ ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് കഥയാക്കെ പലര്‍ക്കും ഓര്‍മ വരാം. ശരിക്കും മദ്ധ്യകാലഘട്ട നാടോടിക്കഥകള്‍ പുനഃസൃഷ്ടിച്ച പോലെ. ദിവസം അര മണിക്കൂര്‍ വരെയാണ് സ്റ്റെപാന്‍ ജോലി ചെയ്യുന്നത്.

മോസ്‌കോയിലെ മഞ്ഞുമലകളാല്‍ നിറഞ്ഞ വനമേഖലകളും പരിസര പ്രദേശങ്ങളുമാണ് ഫോട്ടോകളുടെ പശ്ചാത്തലം. സ്റ്റെപാന്റെ മോഡലിംഗ് ഹിറ്റായതോടെ ബ്രിട്ടണ്‍, തായ്ലന്‍ഡ്, ഓസ്ട്രിയ, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുവരെ മോഡലുകള്‍ മനോഹരമായ ഫാന്റസി ഫോട്ടോഷൂട്ടിനായി സ്റ്റെപാനെ തേടിവരികയാണ്.

350 കിലോയോളം ഭാരമുണ്ട് സ്റ്റെപാന്. കിഴക്കന്‍ യൂറോപ്യന്‍ ഫാഷന്‍ ലോകത്ത് സ്റ്റെപാന്‍ സ്റ്റാര്‍ ആയിരിക്കുകയാണ്. നിരവധി ഓഫറുകള്‍ റഷ്യയ്ക്ക് പുറത്ത് നിന്നും സ്റ്റെപാനെ തേടിയെത്തുന്നുണ്ട്.