ഒരു ഗേറ്റിനപ്പുറം കുഞ്ഞു ‘മൈക്കിള്‍ ജാക്‌സണ്‍’; നൃത്തം കണ്ട് തുളളിച്ചാടി പട്ടിക്കുഞ്ഞുങ്ങള്‍

കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടേയും വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ കൗതുകം നിറഞ്ഞതും രസകരമായതുമായ ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ ഇടങ്ങളില്‍ ചിരി പടര്‍ത്തുന്നത്. വഴിയിലൂടെ നടന്ന് പോകുന്നതിനിടെ വീടിന്റെ ഗേറ്റിന് മുന്നില്‍ നില്‍ക്കുന്ന നായകളെ സന്തോഷിപ്പിക്കാനായി നൃത്തം ചെയ്യുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഗേറ്റിന് പിന്നില്‍ നില്‍ക്കുന്ന രണ്ട് നായകള്‍ക്ക് മുന്‍പിലാണ് ഈ ബാലന്‍ നൃത്തം ചെയ്യുന്നത്. ബാലന്റെ നൃത്തത്തിന് ചുവടുവെച്ച് ചാടുന്ന നായകളെയും വീഡിയോയില്‍ കാണാം. ഇടയ്ക്ക് വെച്ച് കുട്ടി നൃത്തം നിര്‍ത്തുമ്പോള്‍ നായകളും അനങ്ങാതെ നില്‍ക്കും.

പിന്നീട് കുട്ടി നൃത്തം ചെയ്യുന്നതനുസരിച്ച് നായകളും ചാടുന്നതും വിഡിയോയില്‍ കാണാം. രസകരമായ ഈ വീഡിയോ വിനീഷ് കദാരിയ എന്ന വ്യക്തിയാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 49 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് ഈ വിഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു ഈ വീഡിയോ.