‘ബാലു, ഗന്ധര്‍വന്മാര്‍ക്ക് വേണ്ടി പാടുവാനാണോ നീ പോയത്?’

എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ വേര്‍പാടില്‍ അതീവ ദുഃഖിതനാണ് സംഗീത സംവിധായകന്‍ ഇളയരാജ. പ്രിയപ്പെട്ട ബാലുവിന്റെ മരണവാര്‍ത്തയോട് അതിവൈകാരികമായാണ് ഇളയരാജ പ്രതികരിച്ചത്. രോഗബാധിതനായ എസ്പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഇളയരാജ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ഏറെ ഹൃദയഭേദകമായിരുന്നു.
‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ എന്നു പറഞ്ഞു തുടങ്ങുന്നതായിരുന്നു ആ വീഡിയോ. എസ്പിബിയുടെ മരണശേഷവും സമാനമായ ഒരു വീഡിയോയാണ് ഇളയരാജ പങ്കുവച്ചിരിക്കുന്നത്.

‘ബാലു വേഗം വരിക, ഞാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല’, എസ്പിബിയുടെ മരണത്തില്‍ അതീവ ദുഃഖിതനായി രാജ പറഞ്ഞു. ‘നീ പോയി. എവിടേക്കാണ് പോയത്? ഗന്ധര്‍വലോകത്ത് പാടാന്‍ പോയോ? എന്റെ ലോകം ശൂന്യമായി. ഈ ലോകത്തെ ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. എന്താണ് പറയേണ്ടതെന്ന് എന്നുപോലും അറിയില്ല’ ഏറെ വേദനയോടെ രാജ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 1.04 ഓടെയാണ് എസ്പിബിയുടെ മരണം സ്ഥിരീകരിച്ചത്. 74 വയസ്സായിരുന്നു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ചെന്നൈ നൂങ്കംപാക്കത്തെ വസതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പരിമിതമായ സമയം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെങ്കിലും ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.