അത്താഴം കണ്ട് അത്രമേല്‍ തുള്ളിച്ചാടി നായ; വീഡിയോ വൈറല്‍

നല്ല ഭക്ഷണത്തെക്കുറിച്ച് കേട്ടാല്‍ത്തന്നെ വായില്‍ വെള്ളമൂറുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവസരം കിട്ടായാലോ? അതാലോചിച്ചാല്‍ത്തന്നെ നമ്മളൊന്നു തുള്ളിച്ചാടിപ്പോകും. മൃഗങ്ങളുടെ കാര്യവും ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് വ്യക്തമാക്കുകയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വൈറല്‍ വീഡിയോ.

ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ബേക്കര്‍ ബാര്‍നെസ് നായയാണ് വീഡിയോയിലെ താരം. താന്‍ കാത്തിരുന്ന ഭക്ഷണം മുന്നില്‍ വന്നത് കണ്ട് തുള്ളിച്ചാടുകയാണ് ബേക്കര്‍. നൃത്തം ചെയ്ത് ഭക്ഷണത്തിന് മുന്നിലേക്ക് വരുന്ന നായയെ വീഡിയോയില്‍ കാണാം. ‘വീ റേറ്റ് ഡോഗ്‌സ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ഇത് ബേക്കര്‍. അത്താഴത്തിന് സമയമാകുമ്പോഴെല്ലാം ഇവന്‍ നൃത്തം ചെയ്യും. അവന്റെ നൃത്തത്തിന് പത്തില്‍ 14 മാര്‍ക്ക്” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ 13 ലക്ഷത്തിലേറെപ്പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ബേക്കറിന് 14 മാര്‍ക്ക് കൊടുത്തത് കുറഞ്ഞുപോയെന്നും ഭക്ഷണമെല്ലാവര്‍ക്കും ഒരു വികാരമാണെന്നും എല്ലാമുള്ള രസകരമായ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ധാരാളം ആരാധകരുള്ള ബേക്കറിന്റെ ദിനചര്യകള്‍ പോലും ആരാധകര്‍ക്ക് മനഃപ്പാഠമാണ്. അത്താഴത്തിന് പുറമേ കാരറ്റ് കഴിക്കുന്നതും തടാകങ്ങളില്‍ നീന്തിത്തുടിക്കുന്നതുമെല്ലാം ഏറെ ഇഷ്ടമുള്ള നായയാണ് ബേക്കര്‍.