‘മാമനോട്‌ ഒന്നും തോന്നല്ലെ മക്കളെ..’; മീമുകളായി മാറി പൊട്ടിച്ചിരിപ്പിച്ച് ‘അമ്മാവന്റെ’ ഡയലോഗ്

മലയാളത്തില്‍ ഏറ്റവും വലിയ തരംഗമുണ്ടാക്കി വെബ് സീരിസാണ് കരിക്ക്. വളരെ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷക പ്രശംസ നേടിയെങ്കിലും കുറച്ച് കാലമായി കരിക്കിന്റെ പുതിയ എപ്പിസോഡുകളൊന്നും കാണാനില്ലായിരുന്നു. തേരാപാരാ എന്ന എപ്പിസോഡായിരുന്നു ഏറ്റവും ഹിറ്റായത്. പിന്നാലെ പ്ലസ്ടു ക്ലാസും വിജയമായിരുന്നു. ഒടുവില്‍ ഏറെകാലത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗം ഉണ്ടാക്കിയിരിക്കുകയാണ് കരിക്കിന്റെ പുതിയ എപ്പിസോഡ്.

സ്മൈല്‍ പ്ലീസ് എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ എപ്പിസോഡ് സംവിധാനം ചെയ്തിരിക്കുന്നത് കരിക്കിന്റെ അഭിനേതാക്കളില്‍ മുന്‍പന്തിയിലുള്ള ജീവന്‍ സ്റ്റീഫന്‍ എന്ന താരമാണ്. സംവിധാനത്തിനൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രമായി ജീവന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂട്ടുകാരന്റെ വിവാഹത്തലേന്ന് ആഘോഷ പാര്‍ട്ടിയ്ക്ക് എത്തുന്ന സുഹൃത്തുക്കളും ജോലിസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരും ഒരു ഹോട്ടലില്‍ റൂമെടുത്ത് പാര്‍ട്ടി നടത്തുന്നതാണ് കഥ. ഇതിലെ അമ്മാവന്‍ കഥാപാത്രത്തിന്റെ ഡയലോഗാണ് ഇപ്പോള്‍ നിരവധി മീമുകളായി മാറിയത്.’അമ്മാവനോട് ഒന്നും തോന്നല്ലെ മക്കളെ’ എന്ന ഡയലോഗ് നിരവധി ട്രോളുകളായി മാറി.

കരിക്ക് ടീം തന്നെയാണ് വീഡിയോയുടെ കണ്‍സപ്റ്റിനും ഡയലോഗിനും പിന്നിലുള്ളത്. അഭിനേതാവ് കൂടിയായ ആനന്ദ് മാത്യുവാണ് എഡിറ്റിങ് നിര്‍വ്വഹിച്ചത്.

കരിക്കിന്റെ നടന്‍ ബിനോയ് ജോണ്‍ ആണ് ക്യാമറയും ഗ്രാഫിക്സും ചെയ്തിരിക്കുന്നത്. ശബരീഷ് സജിന്‍, അനു കെ അനിയന്‍. അര്‍ജ്ജുന്‍ രത്തന്‍, ജീവന്‍ സ്റ്റീഫന്‍, ആനന്ദ് മാത്യൂസ്, ഉണ്ണി മാത്യൂസ്, കൃഷ്ണചന്ദ്രന്‍, കിരണ്‍ വിയ്യത്ത്, റീനു സണ്ണി എന്നിവരാണ് പുതിയ എപ്പിസോഡില്‍ അഭിനയിച്ചിട്ടുള്ളത്.