കാലനെ ഓടി തോല്‍പിച്ച് വനിതാ പെലീസുകാരി; റെയില്‍വെ ട്രാക്കില്‍ കുടുങ്ങിയ വയോധികന് ‘പുനര്‍ജന്മം’

ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. റെയില്‍വേ പാളത്തില്‍ കുടുങ്ങിയ വയോധികനെ അതിസാഹസികമായി രക്ഷിച്ചാണ് ഈ പൊലീസ് ഉദ്യോഗസ്ഥ താരമായത്.

കാലിഫോര്‍ണിയയില്‍ നിന്നുള്ള എറിക യുറിയ എന്ന പോലീസ് ഉദ്യോഗസ്ഥയാണത്. ലോദി എന്ന സ്ഥലത്ത് എറിക പട്രോളിങ് ചെയ്യുന്നതിനിടെയാണ് സംഭവം. വണ്ടിയില്‍ പോവുകയായിരുന്ന എറിക
റെയില്‍വേ പാളത്തില്‍ കുടുങ്ങിയ വീല്‍ചെയറില്‍ ഇരിക്കുന്ന വയോധികനെ കാണുകയായിരുന്നു. തീവണ്ടി വരാന്‍ അടുത്തെന്നറിഞ്ഞതോടെ മറ്റൊന്നും ചിന്തിക്കാതെ എറിക തീവണ്ടിപ്പാതയിലേക്ക് പായുകയായിരുന്നു. തീവണ്ടി അടുത്തതോടെ വീല്‍ചെയര്‍ അവിടെ തന്നെയിട്ട് വയോധികനെ താഴെയിറക്കാന്‍ ശ്രമിക്കുകയാണ് യുറിയ ചെയ്തത്.

വീല്‍ചെയര്‍ വിടുവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് വയോധികനെ വലിച്ചിറക്കാന്‍ ശ്രമിച്ചത്. ഇരുവരും താഴേക്കു വീഴുന്നതും ഇതിനിടയില്‍ ട്രെയിന്‍ കടന്ന് പോവുന്നതും വീഡിയോയില്‍ കാണാം. ഉദ്യോഗസ്ഥയുടെ യൂണിഫോമില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ റെക്കോര്‍ഡായത്.