ഐഫോണ്‍ ഉപയോഗിച്ച് മോഹിപ്പിക്കുന്ന ഫ്രെയിം; ഇന്ത്യക്കാരി ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍

2020ലെ ഐഫോണ്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയറായി ഇന്ത്യന്‍ വംശജ ഡിമ്പി ഭാലോട്ടി. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഫോട്ടോഗ്രാഫറാണ് ഡിമ്പി. ഡിമ്പിയുടെ ഫ്‌ളൈയിംഗ് ബോയ്‌സ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഉത്തര്‍പ്രദേശിലെ വാരണസിയില്‍ വച്ചാണ് ഇവര്‍ ഈ ചിത്രം പകര്‍ത്തിയത്. ഒരു അമ്പലത്തിന്റെ മതിലിന് മുകളില്‍ നിന്നും താഴെ ഗംഗാ നദിയിലേക്ക് ആണ്‍കുട്ടികള്‍ എടുത്തുചാടുന്ന ചിത്രമാണിത്.

കുട്ടികളുടെ കൈകാലുകളുടെ ഭാവപ്രകടനം ആകാശത്ത് പിരിമുറുക്കവും ഉണര്‍വ്വും പകരുന്നതാണെന്ന് അവാര്‍ഡ് കമ്മിറ്റി നിരീക്ഷിച്ചു. ഐഫോണ്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണെന്ന് ഡിമ്പി പറഞ്ഞു. മുംബൈയില്‍ ജനിച്ച ഡിമ്പിയുടെ ചിത്രങ്ങള്‍ ഒന്‍പതിലധികം രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും 15ലധികം അവാര്‍ഡുകള്‍ക്ക് അര്‍ഹമാകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഐഫോണ്‍ ഉപയോഗിച്ച് മാത്രമാണ് ഫോട്ടോകള്‍ എടുത്തിട്ടുള്ളതെന്നും കൈപ്പത്തി ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നു എന്ന തോന്നലാണ് അപ്പോള്‍ ഉണ്ടാകുന്നതെന്നും ഡിമ്പി പറഞ്ഞു. 2007 മുതല്‍ നടക്കുന്ന IPPA അവാര്‍ഡ്സില്‍ ഇത്തവണ പങ്കെടുത്തത് 140 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു മത്സരാര്‍ത്ഥികളാണ്.