കനകം മൂലം കൊറോണ മൂലം; സ്വര്‍ണ മാസ്‌കില്‍ മുഖം മിനുക്കി ഫാഷന്‍ ലോകം

ഊര്‍വശി ശാപം ഉപകാരമായി എന്ന കണക്കെയാണ് ചിലര്‍ കോവിഡിനെ കാണുന്നത്. വ്യവസായങ്ങള്‍ പലതും തകര്‍ന്നെങ്കിലും കോവിഡുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വിറ്റതിലൂടെ പലരും നല്ല രീതിയിലുളള വരുമാനമാണ് ഉണ്ടാക്കുന്നത്. കൊവിഡ് കാലത്ത് സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായിട്ടാണ് മാസ്‌ക്ധാരണം നിര്‍ബന്ധമാക്കിയിട്ടുള്ളത്. എന്നാല്‍ സുരക്ഷയെക്കാല്‍ ഫാഷന്‍ ട്രെന്‍ഡ് മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ മാസ്‌ക്കുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്.

കോട്ടണ്‍ മാസ്‌ക്കുകളും, എന്‍ 95 മാസ്‌ക്കുകളും, ഡിസൈനര്‍ മാസ്‌ക്കുകളുമെല്ലാം വിപണിയില്‍ സജീവമാണ്എന്നാല്‍ മാറിവരുന്ന ട്രെന്‍ഡിനനുസൃതമായി സ്വര്‍ണത്തിലും, വജ്രക്കല്ലുകള്‍ പിടിപ്പിച്ചതുമായ മാസ്‌ക്കുകള്‍ക്കും ആരാധകരേറെയാണ്. ഈ മാസ്‌ക്കുകള്‍ക്ക് കൂടുതല്‍ ഓഫറുള്ളത് വിവാഹ വേദികളിലാണ്. ആന്ധ്രാപ്രദേശിലെ സൂറത്തിലാണ് ഈ നൂതനാശയത്തിന് ചുവടുപിടിച്ച് വിവിധ ഡിസൈനുകളിലുള്‌ല് മാസ്‌ക് അവതരിപ്പിച്ചിട്ടുള്ളത്.

ഏകദേശം ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് മാസ്‌ക്കിന്റെ വില. വിവാഹത്തിന് വധൂവരന്‍മാര്‍ക്ക് ധരിക്കുന്നതിനായി ഒരു ഉപഭോക്താവിന്റെ ഓര്‍ഡര്‍ അനുസരിച്ചാണ് ആദ്യമായി സ്വര്‍ണ മാസ്‌ക് നിര്‍മ്മിച്ചതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. പിന്നീട് നിരവധി ആളുകള്‍ ഇതേ മാസ്‌ക്കിന് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിവിധ ഡിസൈനുകളിലെ സ്വര്‍ണ്ണ മാസ്‌ക്കുകളും ഡയമണ്ട് മാസ്‌ക്കുകളും വിപണിയിലെത്തിച്ചത്.

സ്വര്‍ണ്ണ മാസ്‌ക്കുകളില്‍ ഡയമണ്ട് കല്ല് പതിപ്പിച്ച മാസ്‌ക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വില വരും. എന്നാല്‍ വൈറ്റ് ഗോള്‍ഡില്‍ ഡയമണ്ട് കല്ലുവച്ച മാസ്‌ക്കിന് നാലു ലക്ഷം രൂപയാണ് വില. ഗവണ്‍മന്റിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സുരക്ഷയ്ക്കും തുല്ല്യ പ്രാധാന്യം നല്‍കിയാണ് മാസ്‌ക് നിര്‍മ്മിച്ചിട്ടുള്ളതെന്ന് സ്വര്‍ണ്ണവ്യാപാരിയായ ദീപക് ചോക്‌സി പറഞ്ഞു. മാത്രമല്ല കസ്റ്റമറുടെ ഇഷ്ടാനുസരണം ഈ മാസ്‌ക്കിലെ സ്വര്‍ണവും വജ്രക്കല്ലുകളും ആവശ്യം കഴിഞ്ഞ ശേഷം, മറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു എന്നത് ഈ മാസ്‌ക്കുകളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നു.